ഒഴിവുകള്‍ ഇനി ഇ-വേക്കന്‍സി സോഫ്റ്റ്‌വെയറിലൂടെ മാത്രം
മലപ്പുറം: വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ ഇനി അറിയിക്കേണ്ടത് കേരള പബ്ലിക് സര്‍വിസ് കമ്മിഷന്റെ വേക്കന്‍സി സോഫ്റ്റ്‌വെയര്‍ മുഖേന മാത്രം.
വര്‍ഷങ്ങളായി തപാല്‍, ഇ മെയില്‍ മുഖേന ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയാണ് 2018 ജനുവരി ഒന്നുമുതല്‍ ഇല്ലാതാകുന്നത്. പതിവ് രീതികള്‍ അവസാനിപ്പിച്ച് പെര്‍ഫോര്‍മ ഇ മെയില്‍ വഴി മാത്രം പി.എസ്.സിക്ക് അയക്കുന്ന രീതി 2014 ആഗസ്റ്റ് ഒന്നിനാണ് തുടങ്ങിയത്. ഇപ്രകാരം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നിയമനാധികാരിയുടെ ഡിജിറ്റല്‍ ഒപ്പ് ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ എല്ലാ നിയമനാധികാരികള്‍ക്കും ഡിജിറ്റല്‍ ഒപ്പ് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പിന്നീടും തപാല്‍ മുഖേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒഴിവുകള്‍ സ്വീകരിക്കുന്നത് രണ്ടുതവണ നീട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് നിയമന നടപടികള്‍ വേഗത്തിലാക്കാന്‍ ഇ-വേക്കന്‍സി സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചത്.
ഇ-വേക്കന്‍സി സോഫ്റ്റ് വെയര്‍ മുഖേന ഒഴിവുകള്‍ അറിയിക്കുന്നതിനും ഡിജിറ്റല്‍ ഒപ്പ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ പദ്ധതി തുടങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും നിരവധി സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ഇതുവരെ ഡിജിറ്റല്‍ ഒപ്പ് സ്വീകരിക്കാതെ പഴയ രീതിയാണ് തുടരുന്നത്. ഇതു തടയിടുന്നതിനായി പി.എസ്.സി സെക്രട്ടറി സമര്‍പ്പിച്ച കത്താണ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്.
ഇതുപ്രകാരം തപാല്‍, ഇമെയില്‍ മുഖേന ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതി ഈ മാസം 31ന് അവസാനിക്കും. ഇ-വേക്കന്‍സി സോഫ്റ്റ് വെയര്‍ മുഖേന ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഡിജിറ്റല്‍ ഒപ്പ് ആര്‍ജിക്കാത്ത വകുപ്പുകളും സ്ഥാപനങ്ങളും സോഫ്റ്റ്‌വെയര്‍ വഴി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍, അപ്പോള്‍തന്നെ നിയമനാധികാരി ഒപ്പുവച്ച അസ്സല്‍രേഖകള്‍കൂടി പി. എസ്.സിക്ക് കൈമാറണം.
ഇനിമുതല്‍ അസ്സല്‍രേഖകള്‍ ലഭിക്കുന്ന തിയതി മാത്രമേ ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത തിയതിയായി പരിഗണിക്കുകയുള്ളു. ഇതുവരെ ഡിജിറ്റല്‍ ഒപ്പ് ആര്‍ജിക്കാത്തവര്‍ 31നകം കൈപ്പറ്റണം. 2018 ജനുവരി ഒന്നുമുതല്‍ ഇ-വേക്കന്‍സി സോഫ്റ്റ്‌വെയര്‍ മുഖേന മാത്രം നിയമനാധികാരികള്‍ ഒഴിവുകള്‍ പി.എസ്.സിയെ അറിയിക്കണമെന്നുമാണ് പുതിയ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."