ചര്‍ച്ചയില്‍ സംതൃപ്തരല്ല; സമരം തുടരുമെന്ന് റേഷന്‍ വ്യാപാരികള്‍
തിരുവനന്തപുരം: ഭക്ഷ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ സംതൃപ്തരല്ലെന്ന് റേഷന്‍ വ്യാപാരി സംഘടനകള്‍. വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് വ്യക്തമായ തീരുമാനമെടുക്കാന്‍ മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമായില്ല. ജനുവരി ഒന്നിന് സംസ്ഥാന വ്യാപകമായി നടത്താന്‍ നിശ്ചയിച്ച ട്രഷറി ധര്‍ണക്കു മാറ്റമില്ലെന്നും ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷനും ആള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷനും അറിയിച്ചു.
പ്രതിമാസം72 ക്വിന്റല്‍ വിറ്റുവരവ് വേണമെന്ന പുതിയ ഉത്തരവ് പിന്‍വലിക്കുമെന്നും അടുത്തമാസം ആദ്യവാരം മുതല്‍ ഇ-പോസ് മെഷീന്‍ സ്ഥാപിക്കുന്ന നടപടി തുടങ്ങുമെന്നുമുള്ള മന്ത്രിയുടെ ഉറപ്പ് സ്വാഗതാര്‍ഹമാണ്. എങ്കിലും മറ്റു വിഷയങ്ങളില്‍ വ്യക്തത വന്നിട്ടില്ല. മെയില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രഖ്യാപിച്ച വേതന പാക്കേജ് അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. നവംബറില്‍ കടയടപ്പ് സമരത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച കമ്മിഷന്‍ അടിസ്ഥാനത്തിലുള്ള പാക്കേജ് വഞ്ചനാപരമാണ്.
പാക്കേജിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. പ്രതിമാസം ലഭിക്കേണ്ട കമ്മിഷന്‍ മുടങ്ങുന്നതിനും പരിഹാരമായിട്ടില്ല. ഏഴു മാസമായി കമ്മിഷന്‍ കുടിശ്ശികയാണ്. ക്രിസ്മസിനു പോലും തുക വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും വ്യാപാരികള്‍ പറയുന്നു.
പരമാവധി റേഷന്‍ കടകളെയും സംരക്ഷിക്കുകയെന്നതാണ് സര്‍ക്കാര്‍ നയമെന്നും ഇതു സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഭക്ഷ്യ മന്ത്രി പി.തിലോത്തമന്‍ ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയിരുന്നു. കുറഞ്ഞത് 16000 രൂപയെങ്കിലും വരുമാനം ലഭിക്കും വിധം കാര്‍ഡുകള്‍ പുന ക്രമീകരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."