തുര്‍ക്കിയിലെ യു.എസ് എംബസിയില്‍ വിസാസേവനം പുനരാരംഭിച്ചു
അങ്കാറ: തുര്‍ക്കിയിലെ നയതന്ത്ര കാര്യാലയങ്ങളില്‍ വിസാ സേവനങ്ങള്‍ നിര്‍ത്തിവച്ച നടപടി അമേരിക്ക പിന്‍വലിച്ചു. രാജ്യത്തെ യു.എസ് കോണ്‍സുലാര്‍ ജീവനക്കാരുടെ സുരക്ഷാ കാര്യത്തില്‍ തുര്‍ക്കി സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനു പിറകെയാണു നടപടി.
കഴിഞ്ഞ ഒക്ടോബറില്‍ എല്ലാ നോണ്‍-ഇമിഗ്രന്റ് വിസാ സേവനങ്ങളും അമേരിക്ക നിര്‍ത്തിവച്ചിരുന്നു. യു.എസ് നയതന്ത്ര ഉദ്യോഗസ്ഥനെ തുര്‍ക്കി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം നടന്ന ഭരണ അട്ടിമറിശ്രമത്തില്‍ പങ്കുണ്ടെന്ന് തുര്‍ക്കി ആരോപിക്കുന്ന അമേരിക്കയിലുള്ള തുര്‍ക്കി പണ്ഡിതന് ഫത്ഹുല്ല ഗുലനുമായി ബന്ധം ആരോപിച്ചായിരുന്നു കോണ്‍സുലേറ്റ് ജീവനക്കാരന്റെ അറസ്റ്റ്.
ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ തങ്ങളുടെ നയതന്ത്ര ജീവനക്കാരെ അറസ്റ്റ് ചെയ്യുകയോ വിചാരണ ചെയ്യുകയോ ഇല്ലെന്ന് തുര്‍ക്കി ഉറപ്പുനല്‍കിയതായി യു.എസ് ഭരണകൂടം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍, തുര്‍ക്കിയില്‍ തടവിലുള്ള മറ്റ് അമേരിക്കന്‍ പൗരന്മാരുടെ കാര്യത്തില്‍ യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് ആശങ്കയറിയിച്ചിട്ടുണ്ട്. നിലവില്‍ 11 യു.എസ് പൗരന്മാര് തുര്‍ക്കിയില്‍ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."