അമേരിക്കയില്‍ ഇപ്പോഴും ഏറ്റവും ആദരണീയന്‍ ഒബാമ തന്നെ
വാഷിങ്ടണ്‍: അമേരിക്കയില്‍ ഏറ്റവും ആദരിക്കപ്പെടുന്ന വ്യക്തിക്കായി നടത്തിയ സര്‍വേയില്‍ തുടര്‍ച്ചയായി പത്താം വര്‍ഷവും മുന്‍ പ്രസിഡന്റ് ബരാക് ഒബാമ മുന്നില്‍. നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തള്ളിയാണ് ഒബാമയുടെ നേട്ടം. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ഹിലരി ക്ലിന്റനാണ് ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്ന അമേരിക്കന്‍ വനിത.
അമേരിക്കന്‍ ഗവേഷക സംഘമായ ഗാലപ്പ് ആണ് സര്‍വേ നടത്തിയത്. 1935ല്‍ ജോര്‍ജ് ഗാലപ്പ് സ്ഥാപിച്ച സംഘടന അമേരിക്കയില്‍ ഏറ്റവും സ്വീകാര്യനായ വ്യക്തിയെ കണ്ടെത്താനായി വര്‍ഷങ്ങളായി പോളിങ് നടത്തി വരുന്നുണ്ട്.
17 ശതമാനം പേര് ഒബാമയെ പിന്തുണച്ചപ്പോള്‍ 14 ശതമാനത്തിന്റെ പിന്തുണയാണ് ട്രംപിനു ലഭിച്ചത്. മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയെ പിന്തള്ളിയാണ് വനിതാ പട്ടികയില്‍ ഹിലരി ഒന്നാം സ്ഥാനത്തെത്തിയത്. ഹിലരിക്ക് ഒന്‍പതും മിഷേലിന് ഏഴും ശതമാനം വോട്ട് ലഭിച്ചു. നിലവിലെ പ്രഥമ വനിത മെലാനിയ ട്രംപിന് ഒരു ശതമാനം വോട്ടാണു ലഭിച്ചത്.
സാധാരണ സിറ്റിങ് പ്രസിഡന്റുമാരാണ് പട്ടികയില്‍ ഒന്നാം സ്ഥാനം നേടാറ്. ഇതാദ്യമായാണ് ഒരു മുന്‍ പ്രസിഡന്റ് മുന്നിലെത്തുന്നത്. ഹിലരി തുടര്‍ച്ചയായി 16 തവണ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."