കണക്കു തീര്‍ക്കാന്‍ കരുത്തുകാട്ടി ഇരുപക്ഷവും
കണ്ണൂര്‍: രാഷ്ട്രീയ സ്വാധീനവും കരുത്തും ഇരുപക്ഷത്തും കൂടിയതാണ് കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ അക്രമങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കിയതെന്ന് വിലയിരുത്തല്‍. അക്രമങ്ങളുടെ ഇരുഭാഗത്തും നില്‍ക്കുന്ന ആര്‍.എസ്.എസിനും സി.പി.എമ്മിനും രാഷ്ട്രീയ ശക്തിയും സമ്പത്തും ഇടപെടല്‍ ശേഷിയും കൂടിയതാണ് വീണ്ടും അക്രമം വ്യാപകമാകാന്‍ കാരണമായതെന്നാണ് പൊലിസ് വിലയിരുത്തല്‍.
വര്‍ഷങ്ങള്‍ക്ക് മുന്‍പേ കണ്ണൂരില്‍ സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷങ്ങളും കൊലപാതകങ്ങളും പതിവായിരുന്നുവെങ്കിലും പിന്നീട് ആര്‍.എസ്.എസിനും ബി.ജെ.പിക്കുമുണ്ടായ രാഷ്ട്രീയ തിരിച്ചടി അക്രമങ്ങളിലും ആള്‍നാശത്തിലും കുറവുണ്ടാക്കി. പ്രവര്‍ത്തകരുടെ മേല്‍ പൊലിസ് ചുമത്തിയ കേസുകള്‍ നടത്താനുണ്ടായിരുന്ന സാമ്പത്തിക ബാധ്യതയും കുടുംബനാഥന്റെ വിയോഗത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബങ്ങളെ സഹായിക്കാന്‍ കഴിയാതിരുന്നതും പ്രവര്‍ത്തകരെ അക്രമങ്ങളിലേക്കിറങ്ങുന്നതില്‍ നിന്നു പിന്‍തിരിപ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ എത്തുകയും സാമ്പത്തിക പിന്‍തുണ ലഭിക്കുകയും ചെയ്തതോടെ സ്ഥിതി മാറിയെന്നാണ് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടാല്‍ കേന്ദ്ര നേതാക്കള്‍ തന്നെ രംഗത്തെത്തുന്നതും അണികളില്‍ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്.
സി.പി.എം വര്‍ഷങ്ങളായി ചെയ്തു പോരുന്നതുപോലെ ഇപ്പോള്‍ ആര്‍.എസ്.എസിനും ബലിദാനികളുടെ കുടുംബങ്ങളെ സഹായിക്കാന്‍ പ്രത്യേക ഫണ്ടുണ്ട്. കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിയും നല്‍കുന്നുണ്ട്. അടുത്തിടെ കേരളത്തില്‍ ആരംഭിച്ച കേന്ദ്ര സര്‍വകലാശാലയില്‍ ഇത്തരത്തില്‍ ബലിദാനികളുടെ കുടുംബത്തില്‍ നിന്നുള്ള നിരവധി പേര്‍ക്ക് ജോലി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയ അക്രമങ്ങളില്‍ പെടുന്നവരുടെ കേസുകളും നേതൃത്വമാണ് ഇപ്പോള്‍ നടത്താറ്.
സി.പി.എം വര്‍ഷങ്ങള്‍ക്കു മുന്‍പേ രക്തസാക്ഷി കുടുംബങ്ങളെ സാമ്പത്തികമായും ജോലി നല്‍കിയും സംരക്ഷിക്കാറുണ്ടായിരുന്നു. എന്നാല്‍ ആര്‍.എസ്.എസിനോ ബി.ജെ.പിക്കോ ഇതിനു കഴിഞ്ഞിരുന്നില്ല. പഴയ കൊലയാളി സംഘങ്ങള്‍ ഇപ്പോള്‍ പ്രതിസ്ഥാനത്തില്ലെങ്കിലും നിരവധി ചെറുപ്പക്കാരാണ് ഇരു പാര്‍ട്ടികളുടെയും കൊലയാളി സംഘങ്ങളിലുള്ളത്. അക്രമം നടത്തുന്നതൊന്നും ക്വട്ടേഷന്‍ സംഘങ്ങളല്ലെന്നും പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ വൈര്യത്തിന്റെ മാത്രം പേരിലാണ് അക്രമങ്ങള്‍.
രാഷ്ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്തുന്നതിനു പകരം മൃതപ്രായനാക്കിയിടുന്ന വിധത്തില്‍ പരുക്കേല്‍പ്പിക്കുന്ന രീതിയാണ് അക്രമികള്‍ സ്വീകരിക്കാറ്. ജില്ലയില്‍ ഒരുമാസത്തിനിടയില്‍ മുപ്പതു പേര്‍ക്കാണ് മാരകമായി വെട്ടേറ്റത്. പ്രാണനല്‍പ്പം നിലനിര്‍ത്തി കിടപ്പിലാക്കുന്ന ശാസ്ത്രീയവെട്ടുകളാണ് ഇവ. തികച്ചും പ്രൊഫഷനല്‍ ശൈലിയിലാണ് നടപ്പാക്കാലെന്നും പൊലിസ് വിലയിരുത്തുന്നു.
വെട്ടേറ്റു കിടക്കുന്നവരില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവുമുതല്‍ ഹോമിയോ ഡോക്ടര്‍ വരെയുണ്ട്. അക്രമങ്ങള്‍ക്ക് പ്രത്യാക്രമണവും ഇപ്പോള്‍ ഇതേ രീതിയില്‍ തന്നെയാണ്. വീട്ടില്‍ കയറി വെട്ടിയാല്‍ വീട്ടില്‍ കയറിയും നടുറോഡിലാണെങ്കില്‍ അവിടെ വച്ചും തന്നെയും തിരിച്ചുവെട്ടും. മഴു, കൊടുവാള്‍ എന്നിവക്കു പുറമെ ആധുനിക ശസ്ത്രക്രിയാ ഉപകരണങ്ങളായ സര്‍ജിക്കല്‍ ബ്ലേഡുവരെ കണ്ണൂരിലെ രാഷ്ട്രീയാക്രമങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."