ജയ്റ്റ്‌ലിയെ പരിഹസിച്ച ട്വീറ്റ്: രാഹുലിന് അവകാശ ലംഘനത്തിന് നോട്ടിസ്
ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ പരിഹസിച്ച് ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യസഭയില്‍ അവകാശ ലംഘനത്തിന് നോട്ടിസ്. ബി.ജെ.പി അംഗം ഭൂപേന്ദര്‍ യാദവാണ് നോട്ടിസ് നല്‍കിയത്.
നോട്ടിസ് പരിശോധിച്ചു വരികയാണെന്ന് രാജ്യസഭാധ്യക്ഷന്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പറഞ്ഞു.
സഭാനേതാവുകൂടിയായ ധനമന്ത്രി ജെയ്റ്റിലുടെ പേര് വളച്ചൊടിച്ചുവെന്നാരോപിച്ചാണ് ഭൂപേന്ദര്‍ യാദവ് നോട്ടീസ് നല്‍കിയത്. 187 ചട്ട പ്രകാരം രാഹുല്‍ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടിസ് നല്‍കിയതായി അദ്ദേഹം ശൂന്യവേളയില്‍ അറിയിച്ചു.
'ജെയ്റ്റ്‌ലി' എന്ന പേര് ഇംഗ്ലീഷില്‍ കള്ളം പറയുന്നവന്‍ എന്നര്‍ഥം വരുന്ന വിധം 'ജെയ്റ്റ്‌ലൈ' എന്നാക്കി ട്വിറ്ററില്‍ കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്തത്.
'പ്രിയപ്പെട്ട മിസ്റ്റര്‍ ജെയ്റ്റ് ലൈ (Jait'lie') നമ്മുടെ പ്രധാനമന്ത്രി ഉദ്ദേശിക്കുന്നതല്ല പറയുന്നതെന്നും പറയുന്നതല്ല ഉദ്ദേശിക്കുന്നതെന്നും ഇന്ത്യയെ ഓര്‍മ്മിപ്പിച്ചതിന് നന്ദി.'എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മന്‍മോഹന്‍ സിങ്ങിനും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ പ്രധാനമന്ത്രി നടത്തിയ വിവാദപരാമര്‍ശത്തിന് ജയ്റ്റ്‌ലി രാജ്യസഭയില്‍ വിശദീകരണം നല്‍കിയിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെയോ മുന്‍ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെയോ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യാനോ ചെയ്യാന്‍ ശ്രമിക്കാനോ പ്രസംഗത്തിലൂടെ പ്രധാനമന്ത്രി ഉദ്ദേശിച്ചിട്ടില്ലെന്നായിരുന്നു വിശദീകരണം.
ഇതിനെ പരിഹസിച്ചാണ് മണിക്കൂറുകള്‍ക്കുള്ളില്‍ രാഹുല്‍ ട്വീറ്റ് ചെയ്തത്. ബി.ജെ.പി കള്ളം പറയുന്നു എന്ന ഹാഷ് ടാഗോടെയായിരുന്നു ട്വീറ്റ്. മോദിയുടെ പ്രസംഗത്തിന്റെ വീഡിയോയും ഇതോടൊപ്പം ട്വീറ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."