കുറിഞ്ഞി ഉദ്യാനം: വിസ്തൃതിയില്‍ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഇടുക്കി ജില്ലയിലെ കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതിയില്‍ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിസ്തൃതിയില്‍ മാറ്റം വരുത്തണമെങ്കില്‍ വനം, വന്യജീവി ബോര്‍ഡിന്റെ അനുമതി വേണം. ഇതിനായി കേരളത്തിന്റെ ഭാഗത്തുനിന്ന് ഒരു നിര്‍ദേശവും ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ലോക്സഭയില്‍ വ്യക്തമാക്കി. മുല്ലപ്പള്ളി രാമചന്ദ്രന് എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി മഹേഷ് ശര്‍മ ഇക്കാര്യം അറിയിച്ചത്.
ഇത്തരത്തിലുള്ള ഏത് സങ്കേതത്തിന്റേയും വിസ്തൃതിയില്‍ മാറ്റം വരുത്തണമെങ്കില്‍ ദേശീയ വന്യജീവി ബോര്‍ഡിന്റെ അനുമതി ആവശ്യമാണെന്ന് മന്ത്രി രേഖാമൂലം നല്കിയ മറുപടിയില്‍ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം ഇതുവരെയും ദേശീയ വന്യജീവി ബോര്‍ഡിനെ അറിയിച്ചിട്ടില്ല. തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാറായതിനാല്‍ അവര്‍ക്ക് കൈമാറിയതായും മന്ത്രി വ്യക്തമാക്കി.
2006 ലാണ് കുറിഞ്ഞി സങ്കേതത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. എന്നാല്‍, ഇതുവരെയും അന്തിമ വിജ്ഞാപനം ഇറക്കിയിട്ടില്ല. അതിനിടെ വ്യാജപട്ടയങ്ങളും മുക്ത്യാറും ഉപയോഗിച്ചുള്ള അനധികൃത കൈയേറ്റം ഇവിടെ വ്യാപകമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."