മെഡിക്കല്‍ പി.ജി വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്മാരും അനിശ്ചിതകാല സമരം തുടങ്ങി
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെയും മെഡിക്കല്‍ കോളജുകളിലെയും ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ പി.ജി വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്മാരും അനിശ്ചിതകാല സമരം ആരംഭിച്ചു. സമരത്തിന്റെ ആദ്യദിനം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചില്ല.
ഒ.പികളില്‍ രോഗികളുടെ തിരക്ക് അനുഭവപ്പെട്ടെങ്കിലും പരിശോധനകള്‍ക്ക് തടസം നേരിട്ടില്ല. മുറിവ് കെട്ടുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്ക് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ വളരെ ഗുരുതരമല്ലാത്ത രോഗികളെ മറ്റ് ആശുപത്രികളിലേക്ക് തിരിച്ചയച്ചു.
എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെയും പി.ജി, സീനിയര്‍ റസിഡന്റ്‌സ് ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരുമാണ് സമരം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ അത്യാഹിത വിഭാഗം, ലേബര്‍ റൂം, ഐ.സി.യു, എമര്‍ജന്‍സി ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവിടങ്ങളിലെ സമരം ഒഴിവാക്കിയിട്ടുണ്ട്.
സമരത്തെതുടര്‍ന്ന് കൂടുതല്‍ ഡോക്ടര്‍മാരെ ഒ.പി വിഭാഗത്തിലേക്ക് ഇന്നലെ നിയോഗിച്ചിരുന്നു. തിരക്കില്ലാത്ത ഒ.പികളില്‍നിന്നുള്ള ഡോക്ടര്‍മാരെയും മറ്റു തിരക്കുള്ള വിഭാഗങ്ങളിലേക്ക് നിയോഗിച്ചു. സര്‍വിസില്‍ കയറിയതിനു ശേഷം പി.ജി കോഴ്‌സിനു ചേര്‍ന്ന ഡോക്ടര്‍മാരെയും സമരത്തിന്റെ ആദ്യ ദിനത്തില്‍ വാര്‍ഡുകളില്‍ കൂടുതലായി നിയോഗിച്ചു. അവധിയില്‍ പോയ ഡോക്ടര്‍മാരുടെ അവധി റദ്ദാക്കി തിരിച്ചു വിളിച്ചിട്ടുണ്ട്. സമരത്തിന്റെ ആദ്യ ഘട്ടത്തില്‍നിന്ന് അത്യാഹിതവിഭാഗത്തെ ഒഴിവാക്കിയിരിക്കുന്നതിനാല്‍ സര്‍ക്കാരും കടുത്ത നടപടികളിലേക്ക് പോയിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ തീരുമാനം.
കഴിഞ്ഞ വെള്ളിയാഴ്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജയും കേരള മെഡിക്കോസ് േജായിന്റ് ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളും ചര്‍ച്ച നടത്തിയിരുന്നു.
അടുത്ത മന്ത്രിസഭായോഗത്തില്‍ ആവശ്യങ്ങള്‍ അവതരിപ്പിക്കാമെന്ന ഉറപ്പ് മന്ത്രി പാലിക്കാത്ത പശ്ചാത്തലത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍ സമരത്തിലേക്ക് നീങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."