കേരളത്തിലെ കോണ്‍ഗ്രസ് എന്ന 'മധുരനാരങ്ങ'
ക്ഷമിക്കണം, കേരളത്തിലെ കോണ്‍ഗ്രസ്സിനെ മധുരനാരങ്ങയെന്നു വിശേഷിപ്പിക്കുന്നത് അതു മധുരമുള്ളതാണെന്ന അര്‍ഥത്തിലല്ല. അടിയന്തരാവസ്ഥയില്‍ പ്രതിഷേധിച്ചു തട്ടിക്കൂട്ടിയ കോണ്‍ഗ്രസ് വിരുദ്ധ കൂട്ടുകെട്ടിനെ ഇന്ദിരാഗാന്ധി വിശേഷിപ്പിച്ച അര്‍ഥത്തിലാണ്. ഒരു കാര്യം കൂടി ആദ്യം പറയട്ടെ, ഈ വിശേഷണം കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ നെഞ്ചിലേറ്റിക്കഴിയുന്ന സാധാരണപ്രവര്‍ത്തകരെ ഉദ്ദേശിച്ചല്ല, പാര്‍ട്ടി ആമാശയം നിറയ്ക്കാനുള്ള ഉപാധിയാണെന്നു വിശ്വസിച്ചു വിലസുന്ന നേതാക്കളെ ഉദ്ദേശിച്ചാണ്.
മധുരനാരങ്ങ പ്രയോഗത്തിന്റെ അര്‍ഥം ഗ്രഹിക്കാന്‍ ആദ്യം അടിയന്തരാവസ്ഥക്കാലത്തേയ്ക്കു പോകാം. 1977ല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു ലോക്‌സഭാ തെരഞ്ഞെടുപ്പു നടത്താന്‍ ഇന്ദിരാഗാന്ധി സന്നദ്ധയായി. അടിയന്തരാവസ്ഥയുടെ ദുരിതമനുഭവിക്കുന്ന ജനതയാണു വിധിയെഴുതേണ്ടതെന്ന തിരിച്ചറിവില്ലാതെയാണ് അവര്‍ ജനവിധി തേടാനിറങ്ങിയത്. അതിന്റെ ഫലമായി ആ തെരഞ്ഞെടുപ്പില്‍ കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ് തോറ്റമ്പി.
അടിയന്താരാവസ്ഥക്കാലത്തു ജയിലിലടയ്ക്കപ്പെട്ട വിവിധ പാര്‍ട്ടികള്‍ പരസ്പരമുള്ള ആശയവൈരുധ്യവും ശത്രുതയും മറന്നു പ്രത്യേകസാഹചര്യത്തില്‍ ഒന്നിച്ചുകൂടുകയും രാഷ്ട്രീയമായ മുതലെടുപ്പു നടത്തുകയും ചെയ്തതാണ് അത്തരമൊരു ജനവിധിക്കു കാരണമായത്.
ജയപ്രകാശ്‌നാരായണന്‍ എന്ന സോഷ്യലിസ്റ്റ് ആചാര്യന്റെ തണലില്‍ സിന്റിക്കേറ്റ് കോണ്‍ഗ്രസ്സുകാരും ജനസംഘക്കാരും സോഷ്യലിസ്റ്റുകളും മറ്റും തോളോടുതോള്‍ ചേര്‍ന്ന് ജനതാപാര്‍ട്ടിയെന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. കടുത്ത ജനസംഘവിരോധികളാണെന്നു പറഞ്ഞു നടന്ന സി.പി.എം അവരുമായി സഖ്യത്തിലേര്‍പ്പെട്ടു. അങ്ങനെ ആ മഹാസഖ്യം തെരഞ്ഞെടുപ്പില്‍ വന്‍വിജയം കൈവരിക്കുകയും പഴയ സിന്റിക്കേറ്റ് കോണ്‍ഗ്രസ് നേതാവ് മൊറാര്‍ജി ദേശായ് പ്രധാനമന്ത്രിയാവുകയും ചെയ്തു.
ആ സഖ്യത്തെയാണ് ഇന്ദിരാഗാന്ധി മധുരനാരങ്ങയോട് ഉപമിച്ചത്. ക്രിക്കറ്റ്‌ബോള്‍ പോലെ സുദൃഢമാണെന്നു തോന്നിക്കുന്നതും മനോഹരവുമായ പുറംതൊലിയാണല്ലോ മധുരനാരങ്ങയ്ക്ക്. എന്നാല്‍, അകത്തെ സ്ഥിതി അങ്ങനെയല്ല. പുറംതോടു പൊളിഞ്ഞു കഴിഞ്ഞാല്‍ ഉള്ളിലുള്ള നാരങ്ങ അല്ലികള്‍ ഒന്നിച്ചു നില്‍ക്കില്ല. ചെറിയൊരു സമ്മര്‍ദത്തില്‍ എല്ലാം പരസ്പരം വേറിട്ടുപോകും. പിന്നെ കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ല.
അന്ന് ആ വിശേഷണം നടത്തിയ ഇന്ദിരാഗാന്ധിയെ പലരും പുച്ഛിച്ചുതള്ളി. എന്നാല്‍, ആ വിശേഷണം അക്ഷരാര്‍ഥത്തില്‍ ശരിയായിരുന്നുവെന്നു കാലം തെളിയിച്ചു. അടിയന്തരാവസ്ഥയോടുള്ള വെറുപ്പില്‍ ഇന്ത്യയിലെ ജനത ഇന്ദിരയെ നിലംപരിശാക്കി ജനതാപാര്‍ട്ടിക്കും സഖ്യകക്ഷികള്‍ക്കും വന്‍ഭൂരിപക്ഷം നല്‍കി അധികാരത്തിലേറ്റിയിട്ടും ഐക്യത്തിന്റെ നാരങ്ങാത്തൊലി പൊളിഞ്ഞപ്പോള്‍ ഏറെനാള്‍ പിടിച്ചുനില്‍ക്കാന്‍ ജനതാപാര്‍ട്ടിക്കു കഴിഞ്ഞില്ല. അധികാരമേറ്റു രണ്ടുവര്‍ഷം തികഞ്ഞപ്പോഴേക്കും ഇന്ദിരാഗാന്ധിയുടെ പ്രവചനം ശരിവച്ചു ജനതാപ്പാര്‍ട്ടി തകര്‍ന്നു, അധികാരം നഷ്ടപ്പെട്ടു. ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ഫീനിക്‌സ് പക്ഷിയെപ്പോലെ ഇന്ദിര അധികാരത്തില്‍ തിരിച്ചെത്തി.
ഇന്നു കേരളത്തിലെ കോണ്‍ഗ്രസ് ഘടകത്തെ വിശേഷിപ്പിക്കാന്‍ ഏറ്റവും ഉചിതമായ വാക്ക് പണ്ട് ഇന്ദിരാഗാന്ധി ജനതാപ്പാര്‍ട്ടിക്കു നല്‍കിയ മധുരനാരങ്ങയായിരിക്കും. വിഭിന്നാഭിലാഷങ്ങള്‍ വച്ചു പുലര്‍ത്തുന്നവരുടെ കൂട്ടായ്മയാണു കേരളത്തിലെ ഇന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടി. ഗ്രൂപ്പുകളും അതിനുമേല്‍ ഉപഗ്രൂപ്പുകളുമായി 'പടര്‍ന്നുപന്തലിച്ചു' നില്‍ക്കുകയാണ് ആ പ്രസ്ഥാനം. പൊതുജനം നേരിടുന്ന യാതനകളും കഷ്ടപ്പാടുകളും ഉയര്‍ത്തി ജനകീയസമരങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു കഴിയില്ലെന്നതു പകല്‍പോലെ വ്യക്തം.
അവര്‍ ആദ്യം മനസ്സിലാക്കേണ്ടത് ചുവരുണ്ടെങ്കിലേ ചിത്രമെഴുതാന്‍ കഴിയൂ എന്ന പഴമൊഴിയുടെ അര്‍ഥമാണ്. ഗ്രൂപ്പുണ്ടാകാം, ഓരോരുത്തരും ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗവുമാകാം. എന്നാല്‍, അതിനെല്ലാം പരിധിയുണ്ട്. ആ പരിധിയെത്രയാണെന്ന് അവര്‍ പഠിക്കേണ്ടത് കെ. കരുണാകരന്റെയും എ.കെ ആന്റണിയുടെയും മാതൃകയില്‍ നിന്നാണ്, പ്രത്യേകിച്ച് ആന്റണിയുടെ. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായി കോണ്‍ഗ്രസ്സിതര ഭരണം ഉണ്ടായെങ്കില്‍ ആ പതനം കേരളത്തില്‍ സംഭവിക്കാതിരുന്നത് എന്തുകൊണ്ടാണെന്നു പഠിക്കണം.
അടിയന്തരാവസ്ഥയിലെ അതിക്രമങ്ങള്‍ കേരളത്തിലേക്കു കടക്കാന്‍ അനുവദിക്കാതെ വിന്ധ്യനെപ്പോലെ എ.കെ ആന്റണി തടഞ്ഞുനിര്‍ത്തിയെന്നായിരുന്നു അക്കാലത്തു യു.ഡിഎ,ഫ് ഘടകകക്ഷിയായിരുന്ന സി.പി.ഐ യുടെ നേതാവ് പി.കെ വാസുദേവന്‍നായര്‍ പറഞ്ഞത്. അന്നും കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പുകളുണ്ടായിരുന്നു. ഇന്നത്തെപ്പോലെ അധികാരം നുണയാനായി മാത്രം പടച്ചുണ്ടാക്കിയ ഗ്രൂപ്പുകളായിരുന്നില്ല. രണ്ടു ഗ്രൂപ്പുകളുടെ അമരക്കാരായിരുന്നെങ്കിലും കരുണാകരനും ആന്റണിയും പരസ്പരബഹുമാനം നിലനിര്‍ത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി കെ. മുരളീധരന്റെ പേരു നിര്‍ദേശിച്ചത് ആന്റണിയായിരുന്നു.
ഇന്നു കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ ആശയപരമാണ്. ഗെയില്‍സമരം കോണ്‍ഗ്രസിനെ സംബന്ധിച്ച് വഴിപാടു സമരമാണ്. പുതുവൈപ്പിനില്‍ ജീവിക്കാന്‍വേണ്ടി സമരം ചെയ്യുന്നവരെ കോണ്‍ഗ്രസ് നേതൃത്വം കാണുന്നില്ല. ജോയ്‌സ് ജോര്‍ജിന്റെ ഭൂമികൈയേറ്റം കോണ്‍ഗ്രസ്സിനു വിഷയമല്ല. പി വി.അന്‍വറിന്റെ നിയമലംഘനങ്ങള്‍ പ്രതിപക്ഷത്തിനു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് അറിഞ്ഞിട്ടില്ല.
രാവിലെ കുളിച്ചൊരുങ്ങി പാര്‍ട്ടിയാപ്പീസിലെത്തി സെക്രട്ടറി മാധ്യമങ്ങള്‍ക്കെഴുതുന്ന ലേഖനങ്ങളുടെ അടിയില്‍ ഒപ്പുവയ്ക്കുന്നതല്ല രാഷ്ട്രീയപ്രവര്‍ത്തനം. ഒരു പാലമുണ്ടാകുന്നതു സ്വപ്നത്തില്‍ക്കണ്ടതിന്റെ പേരില്‍ അനുയായികളെക്കൊണ്ടു വെളുക്കെച്ചിരിക്കുന്ന ഫോട്ടോ പതിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതുമല്ല രാഷ്ട്രീയപ്രവര്‍ത്തനം. സോഷ്യല്‍ മീഡിയയില്‍ അഭിരമിക്കുന്നതുകൊണ്ടു സാധാരണക്കാരന്റെ വിഹ്വലതകളും അരക്ഷിതാവസ്ഥയും മനസ്സിലാവില്ല.
ഒരു സംഘ്പരിവാര്‍ പ്രതിനിധി ചരിത്രത്തിലാദ്യമായി നിയമസഭാമന്ദിരത്തിന്റെ പടി കയറാന്‍ ഇടയാക്കിയത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ അപചയമാണ്. വോട്ടുമറിക്കലെന്ന കങ്കാണിരാഷ്ട്രീയത്തിന്റെ ഫലമാണത്. ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ടു വാങ്ങി തനിക്കു ജയിക്കേണ്ടെന്നു പറഞ്ഞു കണ്ണൂരില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിന്റെ ചുണക്കുട്ടി കെ.എം ഷാജിയുടെയും തന്നെത്തോല്‍പ്പിക്കാന്‍ ഫത്‌വയിറക്കിയ കാന്തപുരം മുസ്‌ല്യാര്‍ ഊതിവീര്‍പ്പിച്ച ബലൂണാണെന്നു പറഞ്ഞു മത്സരിച്ച അഡ്വ. എന്‍ ശംസുദ്ദീന്റെയും നട്ടെല്ലുള്ള നിലപാടാണു കോണ്‍ഗ്രസ്സുകാര്‍ കണ്ടുപഠിക്കേണ്ടത്.
മതേതരത്വം പാര്‍ട്ടിപ്പേരിലുണ്ടായാല്‍പ്പോരാ നേതാക്കളുടെ പ്രവര്‍ത്തനത്തിലും ഉണ്ടാകണം. അതുണ്ടായിരുന്നെങ്കില്‍ ഒ. രാജഗോപാല്‍ നിയമസഭ കാണില്ലായിരുന്നു.
കോണ്‍ഗ്രസ്സിനു പുതിയ ദിശാബോധം നല്‍കി ദേശീയരാഷ്ട്രീയത്തില്‍ രാഹുല്‍ഗാന്ധി കുതിച്ചുയരുകയാണ്. പപ്പുവെന്നും രാജകുമാരനെന്നും പരിഹസിച്ചവര്‍ രാഹുല്‍ഗാന്ധിയില്‍ വന്ന മാറ്റം ശ്വാസമടക്കിപ്പിടിച്ചാണു കണ്ടുകൊണ്ടിരിക്കന്നത്. ഗുജറാത്തില്‍ 22 കൊല്ലത്തിനു ശേഷം കോണ്‍ഗ്രസ്സിനു മേല്‍വിലാസം നേടിക്കൊടുത്തതു രാഹുല്‍ഗാന്ധിയെന്ന കോണ്‍ഗ്രസ് നേതാവാണ്. അഭിമാനാര്‍ഹമായ ഈ നേട്ടത്തിന്റെ അലയൊലികള്‍ അന്തരീക്ഷത്തില്‍നിന്നു മായുംമുമ്പ് ടു ജി സ്‌പെക്ട്രം വിധി കോണ്‍ഗ്രസ്സിനു കൂടുതല്‍ കരുത്ത് നല്‍കിയിരിക്കുന്നു.
ഇന്ത്യയൊട്ടാകെ കോണ്‍ഗ്രസ് ഉണര്‍ന്നുകൊണ്ടിരിക്കെ കേരളത്തില്‍ ക്ലാവു പിടിച്ച നേതൃത്വം പാര്‍ട്ടിയെ ഉറക്കത്തിലേക്കു പിടിച്ചുതള്ളുകയാണ്. ഈ മുഖങ്ങളില്‍നിന്ന് എന്തു മൊഴിമുത്തു വീണാലും ജനം വിശ്വസിക്കില്ല.
ഗ്രൂപ്പുകള്‍ക്കതീതനായി കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേയ്ക്കു വി.എം സുധീരന്‍ വന്നപ്പോള്‍ പൊതുശത്രുവിനെ നേരിടുന്നതു പോലെയായിരുന്നു കേരളത്തിലെ പ്രബല ഗ്രൂപ്പുകള്‍ വളഞ്ഞിട്ട് ആക്രമിച്ചത്. ഇത്രയും കാലത്തെ രാഷ്ട്രീയജീവിതത്തിനിടയില്‍ അഴിമതിയുടെ നിഴല്‍പോലും അദ്ദേഹത്തില്‍ പതിഞ്ഞിട്ടില്ലെന്ന് ഓര്‍ക്കണം. ഒരു സ്ത്രീയും അദ്ദേഹത്തിന്റെ പേരു വിളിച്ചു പറഞ്ഞിട്ടില്ല.
കോണ്‍ഗ്രസ് ഭാരവാഹികള്‍ പാര്‍ട്ടിക്കു ഭാരമാകാതെ താങ്ങാവുകയാണു വേണ്ടത്. രാഹുല്‍ഗാന്ധിയുടെ വ്യക്തിപ്രഭാവം വര്‍ധിച്ചു വരുന്ന ജനപിന്തുണ കൊണ്ടുമാത്രം അകാലചരമത്തില്‍നിന്നു കേരളത്തിലെ കോണ്‍ഗ്രസ്സിനെ രക്ഷിക്കാനാവില്ല. അതിനു ശക്തമായ നേതൃത്വം വേണം. വി.ഡി.സതീശന്‍, മാത്യു കുഴല്‍നാടന്‍, ടി.എന്‍ പ്രതാപന്‍, വി.ടി ബല്‍റാം. ഷാഫി പറമ്പില്‍ ഇവരെയൊക്കെ കാണാമറയത്തു നിര്‍ത്തി എത്ര കാലം ക്ലാവുപിടിച്ച അവസ്ഥയില്‍ കേരളത്തിലെ കോണ്‍ഗ്രസ്സിനു മുന്നോട്ടു പോകാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."