ഐ.സി.എം.ആര്‍ നയം പുതുവര്‍ഷത്തില്‍
കോഴിക്കോട്: ആന്റിബയോട്ടിക്കുകളുടെ അമിതഉപയോഗം കാരണം മരുന്നു ഫലിക്കാത്ത അവസ്ഥ ഒഴിവാക്കാന്‍ കേന്ദ്ര ആരോഗ്യനയത്തില്‍ മാറ്റം വരുന്നു. ആന്റിബയോട്ടിക്കുകളുടെ ഉപയോഗ ക്രമം സംബന്ധിച്ച് കര്‍ശന നിബന്ധനകള്‍ ഉള്‍പ്പെടുത്തി നയം പരിഷ്‌കരിക്കാനാണ് നീക്കം.
ഇതിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) തയാറാക്കിയ പദ്ധതി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ഫാര്‍മസി കൗണ്‍സിലുകള്‍ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കും. പുതുവര്‍ഷത്തില്‍ ആന്റിബയോട്ടിക് നിയന്ത്രണം കര്‍ശനമാക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് കഴിഞ്ഞ മാസം ഡല്‍ഹിയില്‍ ഐ.എം.എയുടെ നേതൃത്വത്തില്‍ നടന്ന ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് സമ്മേളനം ഡോക്ടര്‍മാര്‍ക്ക് നല്‍കേണ്ട നിര്‍ദേശങ്ങളുടെ പട്ടിക തയാറാക്കി. സംസ്ഥാന ഘടകങ്ങള്‍ വഴി ഇതു വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്.
നാഷനല്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് റിസര്‍ച്ച് ആന്‍ഡ് സര്‍വൈലന്‍സ് നെറ്റ്‌വര്‍ക് (എ.എം.ആര്‍.ആര്‍.എസ്.എന്‍) എന്നാണ് ഐ.സി.എം.ആര്‍ തയാറാക്കിയ ആന്റിബയോട്ടിക് നിയന്ത്രണത്തിനുള്ള പദ്ധതിയുടെ പേര്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ പുതിയ ആന്റിബയോട്ടിക്കുകള്‍ രാജ്യത്ത് ഉപയോഗിക്കുന്നില്ലെന്നും ആന്റിബയോട്ടിക്കുകള്‍ കോഴ്‌സുകള്‍ മറികടന്ന് ഉപയോഗിക്കുന്നത് ശരീരത്തില്‍ മരുന്ന് പ്രതിരോധത്തിന് കാരണമാകുമെന്നും ഐ.സി.എം.ആര്‍ പറയുന്നു. പിന്നീട് ആ രോഗിക്ക് മറ്റു അസുഖം വന്നാലും ആന്റിബയോട്ടിക് ഫലപ്രദമല്ലാതെ വരികയും ചികിത്സ അസാധ്യമാകുകയും ചെയ്യും. ഇക്കാരണത്താല്‍ ഏഴു ലക്ഷം പേരാണ് ലോകത്ത് പ്രതിവര്‍ഷം മരിക്കുന്നത്. 2050 ല്‍ ഇത് 10 ലക്ഷമായി ഉയരുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇതുസംബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ജി.എന്‍ സിങ് ഐ.എം.എ പ്രസിഡന്റ് ഡോ.കെ.കെ അഗര്‍വാളിന് കത്തുനല്‍കിയിരുന്നു. തുടര്‍ന്നാണ് ഐ.എം.എ നടപടി ആരംഭിച്ചത്. ഡോക്ടര്‍മാര്‍ ആന്റിബയോട്ടിക് കുറിച്ചു നല്‍കുമ്പോള്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് ഐ.എം.എ നിര്‍ദേശം. ഡോക്ടറുടെ കുറിപ്പടിയില്‍ പറഞ്ഞതിലധികം മരുന്ന് ഫാര്‍മസിസ്റ്റുകള്‍ നല്‍കരുതെന്ന് ഫാര്‍മസി കൗണ്‍സില്‍ വഴി നിര്‍ദേശം നല്‍കും. ഒരേ മരുന്ന് വീണ്ടും തുടരണമെങ്കില്‍ കുറിപ്പടിയില്‍ ഡോക്ടര്‍ മാറ്റം വരുത്തി ഒപ്പും തിയതിയും എഴുതിയാലേ മരുന്ന് ലഭിക്കൂ. മരുന്നു ചീട്ടില്ലാതെ ആന്റിബയോട്ടിക്കുകള്‍ വാങ്ങാനും കഴിയില്ല. കൂടാതെ പനി, ജലദോഷം, ചുമ, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, മലമ്പനി എന്നിവയ്ക്ക് ആന്റിബയോട്ടിക്കുകള്‍ കുറിച്ചു നല്‍കരുതെന്നും ഐ.സി.എം.ആര്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍, രക്തത്തിലെ അണുബാധ, മസ്തിഷ്‌കജ്വരം, ന്യൂമോണിയ, ക്ഷയം എന്നിവയുണ്ടെന്ന് സംശയിച്ചാല്‍ ആന്റിബയോട്ടിക്കുകള്‍ കുറിക്കാം.
1940 ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് നിയമവും 1945ലെ ചട്ടവും ഷെഡ്യൂള്‍ എച്ച്, എക്‌സ് ഇനത്തില്‍പ്പെട്ട മരുന്നുകള്‍ക്ക് ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. അതേസമയം, ആന്റിബയോട്ടിക് ഉപയോഗം കുറയ്ക്കുന്ന പദ്ധതിക്ക് കമ്മിഷന്‍ മോഹികളായ ചില ഡോക്ടര്‍മാരും മരുന്നുകമ്പനികളും തുരങ്കം വയ്ക്കുമോയെന്ന ആശങ്കയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."