റിയോയിലെ ട്രാക്കിലും തീപ്പിടിപ്പിച്ച് ട്രിപ്പിള്‍ ബോള്‍ട്ട്
റിയോ ഡി ജനീറോ: റിയോയിലെ ഒളിംപിക് ട്രാക്കിനു തീപ്പിടിപ്പിച്ച് പ്രപഞ്ചത്തിലെ ഏറ്റവും വേഗക്കാരനായ മനുഷ്യന്‍ ജമൈക്കയുടെ ഇതിഹാസ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട് 100 മീറ്ററിലെ തന്റെ അപ്രമാദിത്വം ഒരിക്കല്‍ കൂടി തെളിയിച്ചു. ബെയ്ജിങ് ഒളിംപിക്‌സില്‍ തുടങ്ങിയ കുതിപ്പ് ലണ്ടനിലും ഇപ്പോള്‍ റിയോയിലും ആവര്‍ത്തിച്ച ബോള്‍ട്ട് ഒളിംപിക്‌സ് 100 മീറ്ററില്‍ ട്രിപ്പിള്‍ സ്വര്‍ണമെന്ന അപൂര്‍വ നേട്ടവും സ്വന്തമാക്കി. ഫൈനലില്‍ ഈ സീസണിലെ ഏറ്റവും മികച്ച സമയം കുറിച്ച് 9.81 സെക്കന്‍ഡില്‍ ഒന്നാമനായി ഫിനിഷ് ചെയ്ത ബോള്‍ട്ട് വേഗതയുടെ രാജകുമാരന്‍ താന്‍ തന്നെയെന്നു ലോകത്തെ അടിവരയിട്ടു ബോധ്യപ്പെടുത്തി. ഒളിംപിക്‌സില്‍ ബോള്‍ട്ടിന്റെ ഏഴാം സ്വര്‍ണമാണിത്. 100 മീറ്ററില്‍ സ്വര്‍ണം നേടിയ ബോള്‍ ഇനി 200, 4-100 മീറ്റര്‍ റിലേയിലും ഇറങ്ങുന്നുണ്ട്. ഈരണ്ടിനങ്ങളിലും ഇരട്ട സ്വര്‍ണമുള്ള ബോള്‍ നേട്ടങ്ങള്‍ ആവര്‍ത്തിച്ച് ട്രിപ്പിള്‍ ട്രിപ്പിള്‍ തികക്കാനുള്ള ഒരുക്കത്തിലാണ്.
ബോള്‍ട്ടിനു വെല്ലുവിളിയാകുമെന്നു കരുതപ്പെട്ട അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ (9.89) രണ്ടാമതെത്തി. അതേസമയം മൂന്നാം സ്ഥാനത്തെത്തി കാനഡയുടെ ആന്ദ്ര ഡി ഗ്രാസി ലോകത്തെ അമ്പരപ്പിച്ചു. കഴിഞ്ഞ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവും ബോള്‍ട്ടിന്റെ പരിശീലന പങ്കാളിയുമായ ജമൈക്കയുടെ തന്നെ യോഹാന്‍ ബെയ്ക്കിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ആന്ദ്ര വെങ്കല മെഡല്‍ നേടിയത്.
നേട്ടം ജമൈക്കന്‍ ജനതക്കു സമ്മാനിക്കുന്നതായി മത്സര ശേഷം ബോള്‍ട്ട് ട്വറ്ററിലൂടെ പ്രതികരിച്ചു. 2008ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ 9.68 സെക്കന്‍ഡില്‍ സ്വര്‍ണം നേടിയ ബോള്‍ട്ട് 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ 9.63 സെക്കന്‍ഡ് സമയത്തില്‍ ഫിനിഷ് ചെയ്ത് ഒളിംപിക് റെക്കോര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കിയിരുന്നു. ഈയിനത്തില്‍ നിലവിലെ ലോക റെക്കോര്‍ഡുകാരന്‍ കൂടിയായ ബോള്‍ട്ടിനു 9.70 സെക്കന്‍ഡില്‍ താഴെ സമയത്ത് ഫിനിഷ് ചെയ്യാന്‍ സാധിച്ചില്ലെങ്കിലും തന്റെ മികവിനു ഒട്ടും കോട്ടം തട്ടിയിട്ടില്ലെന്നു ബോധ്യപ്പെടുത്താന്‍ സാധിച്ചു.
നേരത്തേ, പരുക്കിനെ തുടര്‍ന്ന് ഒരു ഘട്ടത്തില്‍ ബോള്‍ട്ടിന്റെ ഒളിംപിക് പങ്കാളിത്തം പോലും അനശ്ചിതത്വത്തിലായിരുന്നു. എന്നാല്‍ ആ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ റിയോയിലെ ട്രാക്കും നമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."