നീതിപീഠത്തെ അവഹേളിച്ചു; മുര്‍സിക്ക് മൂന്നു വര്‍ഷം തടവും പിഴയും
കെയ്‌റോ: നീതിപീഠത്തെ അവഹേളിച്ചെന്ന കുറ്റത്തിന് ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് മൂന്നു വര്‍ഷം തടവുശിക്ഷ. ഈജിപ്ത് ക്രിമിനല്‍ കോടതിയാണ് മുര്‍സിക്കൊപ്പം മറ്റു 19 പേര്‍ക്കും ശിക്ഷ വിധിച്ചത്. ഒരു മില്യണ്‍ ഈജിപ്ഷ്യന്‍ പൗണ്ട്(ഏകദേശം 35 ലക്ഷം രൂപ) പിഴയൊടുക്കാനും മുര്‍സിക്കെതിരേ കോടതി ഉത്തരവിട്ടിട്ടുണ്ട്.
2011ല്‍ ജനാധിപത്യപരമായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മുര്‍സി ഭരണകാലത്ത് കോടതിക്കെതിരേ പ്രതികരിച്ചതാണ് കേസിലേക്കു നയിച്ചത്. മുന്‍പ് നടന്ന ഒരു തെരഞ്ഞെടുപ്പില്‍ കോടതി ജഡ്ജി ക്രമക്കേടിന് മേല്‍നോട്ടം വഹിച്ചെന്നായിരുന്നു മുര്‍സിയുടെ ആരോപണം.
രാജ്യത്ത് വിദ്വേഷം പടര്‍ത്തുക ലക്ഷ്യമിട്ടാണ് മുര്‍സിയുടെ വിമര്‍ശനമെന്നു കോടതി ചൂണ്ടിക്കാട്ടി. 35 ലക്ഷത്തിന്റെ പിഴതുക ഈ ജഡ്ജിക്കു നഷ്ടപരിഹാരമായി നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഈജിപ്തിലെ പ്രമുഖ ജനാധിപത്യ പോരാളിയായ അലാ അബ്ദുല്‍ ഫതഹും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അലാ അടക്കം മറ്റു നാലുപേര്‍ക്ക് ഒരു ലക്ഷം രൂപ വീതവും കോടതി പിഴ ചുമത്തി.
2012ല്‍ ഭരണവിരുദ്ധ പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്തിയെന്ന കുറ്റത്തിന് ഇപ്പോള്‍ 20 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് മുര്‍സി. ഇതിനു പുറമെ, രഹസ്യരേഖകള്‍ ഖത്തറിനു ചോര്‍ത്തി രാജ്യസുരക്ഷയ്ക്കു കോട്ടം വരുത്തിയെന്ന് ആരോപിച്ച് സുപ്രിംകോടതി മുര്‍സിക്കെതിരേ 25 വര്‍ഷം തടവുശിക്ഷയും വിധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."