സര്‍ക്കാര്‍ വാക്കുപാലിച്ചില്ല; ജ്യോത്സനയുടെ കുടുംബത്തിന് ജപ്തി നോട്ടിസ്
തിരുവമ്പാടി: ആനക്കാംപൊയിലില്‍ 2012 ലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച പടന്നമാക്കല്‍ ജ്യോത്സനയുടെ കുടുംബത്തിന് താമരശ്ശേരി കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ ജപ്തി ഭീഷണി.
ദുരന്തമുണ്ടായപ്പോള്‍ കുടുംബത്തിനുണ്ടായിരുന്ന 50,000 രൂപയുടെ വായ്പ ഇന്ന് 12 ശതമാനം പലിശയും കൂട്ടുപലിശയുമുള്‍പ്പെടെ ഒന്നര ലക്ഷത്തിലധികം രൂപയായെന്നും ഈ തുക ഉടന്‍ അടച്ചു തീര്‍ക്കണമെന്നുമാണ് ബാങ്കിന്റെ നോട്ടിസ്. പണമടച്ചില്ലെങ്കില്‍ പണയമായി നല്‍കിയ മുഴുവന്‍ വസ്തുവകകളും ലേലം ചെയ്യുമെന്നും അറിയിപ്പിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് നാല് കത്തുകള്‍ നിര്‍ധന കുടുംബത്തിന് ലഭിച്ചു.
പണയമായി നല്‍കിയ ഭൂമിയുടെ ആധാരത്തിന്റെ കോപ്പിയോ, നമ്പറോ ആധാരം കംപ്യൂട്ടറുമായി ലിങ്ക് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും ബാങ്ക് നല്‍കിയില്ലെന്നും കുടുംബം പറയുന്നു. ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയതിന്റെ ബാക്കി മലയോരത്തുള്ള സ്ഥലമാണ് ജപ്തി ചെയ്യുമെന്ന് പറയുന്ന ഭൂമി. 2012ലെ ദുരന്തത്തില്‍ ഒരു കുടുബത്തിലെ അഞ്ച് അംഗങ്ങള്‍ അടക്കം എട്ടുപേര്‍ മരിച്ചിരുന്നു. ഏക്കര്‍ കണക്കിന് ഭൂമി ഒഴുകിപ്പോയി,കോടികളുടെ നഷ്ടമുണ്ടായി.
അഞ്ചര വര്‍ഷം പിന്നിടുമ്പോഴും ദുരിതബാധിതര്‍ നരകയാതനയിലാണ്. ദുരന്തത്തില്‍ മരിച്ച ജോത്സനയുടെ കുടുംബത്തിന് വീട് നല്‍കുമെന്നും, കുടുംബത്തില്‍ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും ബാങ്ക് വായ്പ സര്‍ക്കാര്‍ വഹിക്കുമെന്നും അധികൃതര്‍ നല്‍കിയ വാഗ്ദാനം പാലിക്കപ്പെട്ടില്ല.
ഇതിനിടെ ജോത്സനയുടെ അമ്മക്ക് കെ.എസ്.എഫ്.ഇ തിരുവമ്പാടി ബ്രാഞ്ചില്‍ പ്യൂണ്‍ ജോലി നല്‍കി. ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് ജോലിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. സര്‍ക്കാര്‍ വാഗ്ദാനം പാഴ്‌വാക്കായപ്പോള്‍ താമരശ്ശേരി രൂപത സ്ഥലംവാങ്ങി വീടുനിര്‍മിച്ചു നല്‍കുകയായിരുന്നു. ഈ വീട്ടിലാണ് ബിനുവും ഭാര്യയും അമ്മയും മൂന്നു മക്കളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. ജപ്തി ഭീഷണിക്ക് മുമ്പില്‍ പകച്ച് നില്‍ക്കുകയാണ് കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."