ഡൽഹിയിലും സൺറൈസ്ഴേസ് ഷോ
ഡൽഹി:ഡൽഹിയിലും അടി നിർത്താതെ സൺറൈസ്ഴേസ് ഷോ.ഇന്ത്യൻ പ്രീമിയർ ലീഗിൽ അഞ്ചാം ജയം സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദരാബാദ്. 67 റൺസിന്റെ തകർപ്പൻ ജയമാണ് ഇത്തവണ ഹൈദരാബാദ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 266 റൺസെടുത്തു. ഡൽഹിയുടെ മറുപടി 199ൽ അവസാനിച്ചു. ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവുമായി പോയിന്റ് ടേബിളിൽ ഹൈദരാബാദ് രണ്ടാം സ്ഥാനത്തേയ്ക്ക് ഉയർന്നു.
നേരത്തെ പവർപ്ലേയിൽ വെടിക്കെട്ടുമായി ട്രാവിസ് ഹെഡ്-അഭിഷേക് ശർമ്മ സഖ്യം കളം നിറഞ്ഞു. ആദ്യ ആറ് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 125 റൺസ് പിറന്നു. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോറാണിത്. 11 പന്തിൽ 46 റൺസുമായി അഭിഷേക് ശർമ്മ പുറത്തായതോടെ വെടിക്കെട്ടിന് വേഗത കുറഞ്ഞു. പിന്നാലെ എയ്ഡാൻ മാക്രം ഒരു റൺസെടുത്ത് പുറത്തായി. ട്രാവിസ് ഹെഡ് 32 പന്തിൽ 89 റൺസുമായി വീണു. വെടിക്കെട്ട് താരം ഹെൻറിച്ച് ക്ലാസൻ 15 റൺസുമായി മടങ്ങിയത് ഹൈദരാബാദിനെ പ്രതിസന്ധിയിലാക്കി.
നിതീഷ് കുമാർ-ഷബാസ് അഹമ്മദ് സഖ്യം പിടിച്ചുനിന്നത് സൺറൈസേഴ്സ് സ്കോർ 200 കടത്തി. നിതീഷ് 37 റൺസുമായി പുറത്തായി. അവസാനം നിമിഷം വരെ പിടിച്ചുനിന്ന ഷബാസ് അഹമ്മദാണ് സൺറൈസേഴ്സിനെ ഭേദപ്പട്ട സ്കോറിലേക്ക് എത്തിച്ചത്. 29 പന്തിൽ 59 റൺസുമായി താരം പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിൽ ഡൽഹി ക്യാപിറ്റൽസും തിരിച്ചടിച്ചു. ഡൽഹി താരം ജെയ്ക് ഫ്രേസർ അതിവേഗം അർദ്ധ സെഞ്ച്വറി നേടി. പക്ഷേ കൃത്യമായ ഇടവേളകളിൽ വിക്കറ്റെടുത്ത് സൺറൈസേഴ്സ് മത്സരം വരുതിയിലാക്കി. ജെയ്ക് ഫ്രേസർ 65 റൺസുമായി ടോപ് സ്കോററായി. അഭിഷേക് പോറൽ 42 റൺസെടുത്തു. 44 റൺസുമായി റിഷഭ് പന്ത് പൊരുതി നോക്കി. എന്നാൽ മറ്റാരുടെയും ഇന്നിംഗ്സുകൾ ലക്ഷ്യത്തിലേക്ക് എത്തുന്നതല്ലായിരുന്നു. സൺറൈസേഴ്സിനായി നടരാജൻ നാല് വിക്കറ്റെടുത്തു. നിതീഷ് കുമാർ റെഡ്ഡിക്കും മായങ്ക് മാർക്കണ്ടെയ്ക്കും രണ്ട് വിക്കറ്റ് വീതമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."