'ഭാവി റെയില്‍ വികസനത്തിന് തടസ്സം, സാമ്പത്തിക ബാധ്യത' സില്‍വര്‍ലൈനിന് ചുവപ്പ് കൊടിയുമായി ദക്ഷിണ റെയില്‍വേ
'ഭാവി റെയില്‍ വികസനത്തിന് തടസ്സം, സാമ്പത്തിക ബാധ്യത' സില്‍വര്‍ലൈനിന് ചുവപ്പ് കൊടിയുമായി ദക്ഷിണ റെയില്‍വേ
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നതില്‍ തടസവാദങ്ങള്‍ ഉന്നയിച്ച് ദക്ഷിണ റെയില്‍വേയുടെ റിപ്പോര്‍ട്ട്. ഭൂമി വിട്ടുകൊടുക്കുന്നത് റെയില്‍വേ വികസനത്തെയും വേഗം കൂട്ടലിനെയും ബാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അലൈന്‍മെന്റ് അന്തിമമാക്കിയപ്പോള്‍ ചര്‍ച്ച നടത്തിയില്ല. ട്രെയിന്‍ സര്‍വീസിനുണ്ടാക്കുന്ന ആഘാതം പരിഗണിച്ചില്ല. പദ്ധതി ചെലവ് അധിക സാമ്പത്തിക ബാധ്യതവരുത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
റെയില്‍വേ ഭൂമിയില്‍ സംയുക്ത പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ദക്ഷിണ റെയില്‍വേയ്ക്ക് നിര്‍ദേശം ലഭിച്ചിരുന്നു. ഇതിന്‍ പ്രകാരം നല്‍കിയ റിപ്പോര്‍ട്ടിലാണ് സില്‍വര്‍ ലൈനിനെതിരായ പരാമര്‍ശങ്ങള്‍ ഉള്ളത്.
സമരസമിതി നേതാവ് എം.ടി തോമസിന് വിവരാവകാശ നിയമപ്രകാരമാണ് റിപ്പോര്‍ട്ട് ലഭിച്ചത്.
നിലവിലെ റെയില്‍വേയുടെ നിര്‍മ്മിതികള്‍, ട്രെയിന്‍ സര്‍വീസുകള്‍ എന്നിവയില്‍ സില്‍വര്‍ ലൈന്‍ സൃഷ്ടിക്കുന്ന ആഘാതം പരിഗണിച്ചില്ല, റെയില്‍വേയുടെ സമീപഭാവിയിലെ വികസന ആവശ്യങ്ങള്‍ കെ റെയില്‍ അധികൃതര്‍ പരിഗണിച്ചില്ല. സ്റ്റാന്‍ഡേര്‍ഡ് ഗേജ് റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കാനാവില്ല. കോഴിക്കോട്ടും കണ്ണൂരും സ്‌റ്റേഷന്‍ നിര്‍മിക്കാന്‍ നിശ്ചയിച്ച സ്ഥലം വേറെ പദ്ധതികള്‍ക്കായി നിശ്ചയിച്ചിട്ടുള്ളതാണ്. പാലക്കാട്ട് വളവുകളോട് ചേര്‍ന്നാണ് സില്‍വര്‍ലൈന്‍ വരിക. ഇത് റെയില്‍വേ വളവുകള്‍ ഭാവിയില്‍ നിവര്‍ത്തുന്നതിന് തടസമാകുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. തിരൂര്‍ കാസര്‍കോട് ഭാഗത്ത് പല മാനദണ്ഡങ്ങളും പാലിക്കാതെയാണ് അലൈന്‍മെന്റ് നിശ്ചയിച്ചത്, ഡിപിഐര്‍ തയ്യാറാക്കുമ്പോള്‍ കൂടിയാലോചിച്ചില്ല തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സില്‍വര്‍ ലൈന്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആണ്. അതു നിലവിലെ ട്രാക്കുമായി സംയോജിപ്പിക്കാനാകില്ല. സില്‍വര്‍ ലൈന്‍ ട്രാക്കിന്റെ ഇരുവശത്തും ഭിത്തി ഡിപിആറില്‍ പറയുന്നുണ്ട്. അങ്ങനെ ഭിത്തി നിര്‍മ്മിക്കുന്നത് നിലവിലെ റെയില്‍വേ സ്റ്റേഷനുകളുടെ സമീപത്ത് അനുവദിക്കാനാകില്ല എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."