മൊസാദിനായി ചാരപ്രവര്‍ത്തനം; 33 പേരെ തുര്‍ക്കിയില്‍ അറസ്റ്റ് ചെയ്തു
അങ്കാറ: ഇസ്‌റാഈലിന്റെ ചാരസംഘടനയായ മൊസാദിനായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ തുര്‍ക്കിയില്‍ 33 പേരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷന്‍ മോള്‍ എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ രാജ്യത്തിന്റെ എട്ട് പ്രവിശ്യകളില്‍ നിന്നുമാണ് ഇത്രയധികം പേരെ അറസ്റ്റ് ചെയ്തത്.കൂടാതെ 13 പേരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും വിവിധ ടര്‍ക്കിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തുര്‍ക്കിയയിലെ ദേശീയ ഇന്റലിജന്‍സ് ഓര്‍ഗനൈസേഷനും (എംഐടി) ഇസ്താംബുള്‍ പ്രോസിക്യൂട്ടറുടെ ഓഫീസിലെ തീവ്രവാദ വിരുദ്ധ ബ്യൂറോയും ചേര്‍ന്നാണ് 33 പേരെ കസ്റ്റഡിയിലെടുത്തതെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി അലി യെര്‍ലികായ എക്‌സില്‍ കുറിച്ചു.വിദേശ പൗരന്മാരെ ലക്ഷ്യമിട്ടുള്ള മൊസാദിന്റെ ശ്രമങ്ങളെ തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഓപ്പറേഷന്റെ ഭാഗമായാണ് അറസ്റ്റെന്നും തുര്‍ക്കി മണ്ണില്‍ വിദേശികളെ നിരീക്ഷിക്കാനും തട്ടിക്കൊണ്ടുപോകാനും മൊസാദ് രഹസ്യാന്വേഷണ വിഭാഗം പദ്ധതിയിട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
പിടിയിലാവരില്‍ നിന്ന് 143,830 യൂറോ, 23,680 ഡോളര്‍, ലൈസന്‍സില്ലാത്ത തോക്കുകള്‍, ഡിജിറ്റല്‍ ഫയലുകള്‍ എന്നിവയും അധികൃതര്‍ കണ്ടെത്തി.
തുര്‍ക്കിയിലെ വിദേശികളെ ലക്ഷ്യമിട്ട് മൊസാദ് നടത്തിയ ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി 46 പേര്‍ക്ക് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായി ഇസ്താംബൂളിലെ പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.
Content Highlights:Turkey Police arrest 33 alleged Mossad spies in nationwide sweep
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."