വാർധക്യം കുറ്റമായിത്തീരുന്ന കേരളം
പി.കെ.സലാം
11000 കോടി രൂപ ആസ്തിയുള്ള റെയ്മണ്ട്‌സ് ഗ്രൂപ്പ് പടുത്തുയർത്തിയ വിജയ്പഥ് സിംഘാനിയ തന്റെ ‘ഇൻകംപ്ലീറ്റ് ലൈഫ്’ എന്ന ആത്മകഥ എഴുതുന്നത് മുംബൈയിലെ തെരുവിൽ നിന്നാണ്. അച്ഛനെയും അമ്മയെയും മക്കൾ തെരുവിൽ വിട്ടു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച വിജയ്പഥ് പറയുന്നു; ‘മക്കൾക്ക് എല്ലാം നൽകരുത്. ഇത്തിരി നിങ്ങൾക്കായി ബാക്കിവച്ചേക്കുക'.
2023 ജൂണിൽ, കോഴിക്കോട് മലാപ്പറമ്പിൽ 70, 68 വയസായ ദമ്പതികളെ അധികമരുന്ന് കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തുന്നു. ആത്മഹത്യ ഉറപ്പിക്കാൻ കുറിപ്പുമുണ്ട്- ‘രോഗികളായി. ഇനി ഏക മകൾക്കും മരുമകനും ബാധ്യതയാവുന്നില്ല'.
വിവാഹിതരാകുന്ന രണ്ടുപേരുടെ സ്‌നേഹദാഹങ്ങൾ പൂരിപ്പിക്കുന്നതിന് മാത്രമല്ല കുടുംബം. ആശ്രയം ആവശ്യമായ കുട്ടികൾക്കും മുതിർന്നവർക്കും അത് നൽകാനുമാണ്. കുടുംബം തകരുമ്പോൾ പ്രയാസത്തിലാവുന്നത് കുട്ടികളും വൃദ്ധരുമാണ്.
ഹെൽപേജ് ഇന്ത്യ എന്ന സംഘടന 2018ൽ നടത്തിയ പഠനത്തിൽ പറയുന്നത് 76 ശതമാനം വൃദ്ധരും വീട്ടിൽ ഏതെങ്കിലും തരത്തിലുള്ള പ്രയാസം അനുഭവിക്കുന്നു എന്നാണ്. ഇന്ത്യയിലെ 23 നഗരങ്ങളിലെ സാമ്പിളെടുത്ത് നടത്തിയ സർവേയിലാണ് ഈ വിവരം. ചീത്ത വിളിക്കുക, അവഗണിക്കുക, സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്യുക തുടങ്ങിയവയാണ് വൃദ്ധർ നേരിടുന്ന പ്രശ്‌നങ്ങൾ. മുഖ്യപ്രതി ആൺമക്കൾ! 64 ശതമാനം കേസിലും ആൺമക്കളാണ് ക്രൂരർ. പെൺ മരുമക്കൾ- 36%, പരിചാരകർ 6%, പെൺമക്കൾ 13% എന്നിങ്ങനെയാണ് വൃദ്ധർക്ക് നേരെയുള്ള പീഡനത്തിലെ പങ്ക്. കുടുംബത്തിന് ഭാരമാകുന്നുവെന്നതാണ് മുതിർന്നവരോടുള്ള അവഗണനക്കും അവഹേളനത്തിനും പ്രധാന കാരണം--- _36%. വിഭവങ്ങളുടെ കുറവ് -_34%, സ്വതന്ത്ര ജീവിതത്തിന് തടസമാകുന്നു- _28%, പുതിയ തലമുറയുമായി യോജിച്ചുപോകാനാകാത്ത വൃദ്ധരുടെ പ്രകൃതം-_25% തുടങ്ങിയവയാണ് കാരണങ്ങൾ.
ഇന്ത്യയിൽ 43 ശതമാനം വൃദ്ധരും ഒറ്റയ്ക്ക് കഴിയേണ്ടിവരുന്നവരാണ്. ഒറ്റപ്പെടലും കുടുംബപ്രശ്‌നങ്ങളും അനുഭവിക്കുന്നവരാണ് വലിയ വിഭാഗം. തനിച്ചായിപ്പോയവരിൽ മൂന്നിൽ രണ്ടു ഭാഗവും സ്ത്രീകളാണ്. രാജ്യത്ത് ആകെയുള്ള 250 ദശലക്ഷം കുടുംബങ്ങളിൽ 70 ശതമാനത്തിലും വൃദ്ധരില്ല. 68 ദശലക്ഷം വൃദ്ധരാണ് യുവാക്കളായ മക്കൾക്കൊപ്പം കുടുംബത്തിൽ കഴിയുന്നത്. 60 വയസ് പിന്നിട്ടവരിൽ 9.2 ശതമാനം ഒറ്റയ്ക്ക് കഴിയുന്നവരാണ്. വൃദ്ധരായ ദമ്പതികൾ മാത്രം ഒന്നിച്ചുകഴിയുന്നത് 15.1%. വൃദ്ധർ ഇല്ലാത്ത വീട് 24.3% എന്നും പഠനങ്ങൾ പറയുന്നു.
കേരളത്തിലെ മുതിർന്ന പൗരന്മാർക്ക് സഹായം തേടുന്നതിന് ടോൾഫ്രീ സൗകര്യം ഏർപ്പെടുത്തിയപ്പോൾ ആറു മാസത്തിനകം വിളിച്ചത് 28975 പേരാണ്. തിരുവനന്തപുരം, എറണാകുളം, കൊല്ലം ജില്ലകളിൽ നിന്നാണ് കൂടുതൽ വിളി ചെന്നത്. ഇതിൽ 67 ശതമാനവും പുരുഷന്മാർ.
മക്കൾ ഏറെയുണ്ടായിട്ടും സമ്പത്തുണ്ടായിട്ടും അവഗണന പേറുന്നവരുടെ എണ്ണം ചെറുതല്ല. മാതാവിനെ ക്ഷേത്രനടയിൽ തള്ളി കടന്നുകളഞ്ഞതടക്കം സംഭവങ്ങൾ നടക്കുന്നു. നിരവധി വീടുകളിൽ പ്രായമായവർ മാത്രമാണ്. തൊഴിൽ തേടിയുള്ള പ്രവാസവും വൃദ്ധ മാതാപിതാക്കളുടെ ഒറ്റപ്പെടലിന് കാരണമാകുന്നു. ഫോൺവിളികൾ മാത്രമാണ് ഇവർക്ക് ആശ്വാസമെന്നോണം തേടിയെത്തുന്നത്. ഒറ്റയ്ക്ക് കഴിയുന്ന പിതാവോ മാതാവോ മരിച്ച് പുഴുവരിച്ച വിവരം ദിവസങ്ങൾ കഴിഞ്ഞ് മാത്രം മക്കൾ അറിയുന്നത് അപൂർവമല്ല. കണ്ണൂരിലെ പേരാവൂരിൽ, മുറിവിൽ പുഴുവരിച്ച സരസ്വതിയമ്മയെ ആശുപത്രിയിലെത്തിച്ചത് നാട്ടുകാരാണ്.
88 കാരി സുഭാഷിണിക്ക് നാല് ആണും രണ്ട് പെണ്ണുമായി മക്കളുണ്ടായിട്ടും മരിച്ചത് അറിഞ്ഞത് ദിവസങ്ങൾക്കു ശേഷമാണ്. നാലര ഏക്കർ സ്ഥലമുണ്ടായിരുന്നത് മക്കൾക്ക് വീതിച്ചുകൊടുത്തു. അവിടെ 12 വീടുകളിലായി 35 പേർ താമസിക്കുന്നു. എന്നിട്ടും അതിന് മധ്യത്തിൽ ഒടിച്ചുകുത്തിയ കൂരയിൽ കഴിഞ്ഞ സുഭാഷിണി മരിച്ച വിവരം മക്കൾ അറിഞ്ഞില്ല. പട്ടാലൂരിൽ നൂറ് പിന്നിട്ട ജാനകി, ബലരാമപുരം ചായക്കട നടത്തിയ സരോജിനി… അങ്ങനെ മക്കളുടെ ശ്രദ്ധ കിട്ടാതെ കണ്ണു ചിമ്മിയ ജീവിതങ്ങളനവധി!
2036 ആകുമ്പോഴേക്ക് കേരളത്തിൽ 60 കഴിഞ്ഞവരുടെ ജനസംഖ്യ 22.8 ശതമാനമാകുമെന്ന് യു.എൻ പഠനം പറയുന്നു. 2021ൽ ഇത് 16.5% ആണ്. തമിഴ്‌നാട്ടിൽ 13.6, ഹിമാചൽപ്രദേശ് 13.1, ബിഹാർ 7.7 എന്നിങ്ങനെയാണ് 60 പിന്നിട്ടവരുടെ കണക്ക്.
കേരളത്തിൽ വൃദ്ധർ ഏറെയുള്ളത് പത്തനംതിട്ട ജില്ലയിലാണ്- 17.9%. കോട്ടയം 15.9, ആലപ്പുഴ 15.2. 14 വയസിന് താഴെയുള്ളവർ ഏറ്റവും കൂടുതലുള്ള ജില്ല (30%) മലപ്പുറമാണ്. വൃദ്ധർ മലപ്പുറത്ത് 8.4% മാത്രം. കുട്ടികൾ കൂടുതലുള്ളത് കണ്ണൂരിലും(26.2) വയനാട്ടിലും(26) .
കേരളത്തിലെ വൃദ്ധരിൽ 9.9ശതമാനം 75 പിന്നിട്ടവരാണ്. ഇതിൽ കൂടുതൽ സ്ത്രീകളാണ്. ഇവരിൽ 24.7% പേർക്കും വരുമാനവുമില്ല. വൃദ്ധരിൽ 52.2% മരുന്ന് കഴിച്ച് ജീവൻ നിലനിർത്തുന്നവരാണ്. 2036 ആകുമ്പോൾ ഇന്ത്യയിൽ 138 ദശലക്ഷം വൃദ്ധരുണ്ടാകുമെന്ന് കണക്ക്. ഇപ്പോൾ തന്നെ രാജ്യത്ത് 18 ദശലക്ഷം പ്രായം ചെന്നവർ പൊതുസമൂഹത്തിന്റെ സഹായം തേടിയാണ് പൊറുത്തുപോരുന്നത്.
വാർധക്യകാലത്ത് കുടുംബത്തിന്റെ പരിരക്ഷ ലഭിക്കാതെ പോകുന്നവരുടെ എണ്ണം സർക്കാരിന്റെ മുമ്പിലെ വലിയ പ്രശ്‌നമായി മാറുന്നു. സന്നദ്ധ സംഘടനകളാണ് തെല്ലെങ്കിലും ഈ മേഖലയിൽ സേവനം അനുഷ്ഠിക്കുന്നത്. കേരളത്തിൽ രജിസ്റ്റർ ചെയ്ത 625 വൃദ്ധസദനങ്ങളിലായി 30000 പേർ കഴിയുന്നുണ്ട്. സർക്കാർ നേരിട്ട് നടത്തുന്ന 16 സദനങ്ങളിലുള്ളത് 900 പേരാണ്. സ്വകാര്യമേഖലയിൽ പഞ്ചനക്ഷത്ര സൗകര്യത്തോടെയുള്ള വൃദ്ധസദനങ്ങളും കേരളത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.
വിദേശ നാടുകളിലേക്ക് യുവാക്കളുടെ വർധിച്ചതോതിലുള്ള പ്രവാസം വൃദ്ധസദനങ്ങളിലെ ആളുകളുടെ വർധിപ്പിക്കുകയാണ്. ജീവിതവും സമ്പാദ്യവും മുഴുവൻ മക്കൾക്കുവേണ്ടി ചെലവഴിച്ച മാതാപിതാക്കൾക്ക് വാർധക്യത്തിൽ മക്കൾ തുണയാകുമെന്ന പ്രതീക്ഷ എത്രമാത്രം?
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."