ദുബൈയുടെ പാർക്കിംഗ് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ 'പാർക്കിൻ' വരുന്നു; ഇനി എല്ലാം കമ്പനി തീരുമാനിക്കും
ദുബൈയുടെ പാർക്കിംഗ് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ 'പാർക്കിൻ' വരുന്നു; ഇനി എല്ലാം കമ്പനി തീരുമാനിക്കും
ദുബൈ: ദുബൈ നഗരത്തിൽ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വാഹനങ്ങളുടെ പാർക്കിംഗ്. പല സ്ഥലങ്ങളിലും കൃത്യമായ പാർക്കിംഗ് ലഭിക്കാത്തതിനാൽ പലരും ബുദ്ധിമുട്ടുന്ന കാഴ്ചകൾ പതിവാണ്. എന്നാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പുതിയ കമ്പനി ആരംഭിക്കുകയാണ് ദുബൈ. 'പാർക്കിൻ' എന്ന പേരിലുള്ള കമ്പനിയാകും ഇനി പൊതു, സ്വകാര്യ പാർക്കിംഗ് നിയന്ത്രിക്കുക.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് പുതിയ കമ്പനി പ്രവർത്തിക്കുന്നത്. പാർക്കിംഗ് ആസൂത്രണം, പാർക്കിംഗ് സ്ഥലങ്ങൾ സ്ഥാപിക്കൽ, നിയന്ത്രിക്കൽ, പെർമിറ്റ് നൽകൽ എന്നിവയെല്ലാം പുതിയ കമ്പനിയുടെ ഉത്തരവാദിത്തമാണ്. 99 വർഷ കാലാവധിയുള്ള പബ്ലിക് ജോയിന്റ് സ്റ്റോക്ക് കമ്പനിക്ക് (പിജെഎസ്‌സി) സാമ്പത്തിക, ഭരണ, നിയമപരമായ സ്വയംഭരണാവകാശം ഉണ്ടായിരിക്കും. കമ്പനി തുല്യ കാലയളവിലേക്കു പുതുക്കാം.
റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർടിഎ) പാർക്കിൻ പിജെഎസ്‌സിയും തമ്മിൽ ഫ്രാഞ്ചൈസി കരാറിലൂടെ ചുമതലകൾ കൈമാറും. അവകാശങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ ആർടിഎയിൽനിന്ന് ചില ജീവനക്കാരെ പാർക്കിനിലേക്ക് മാറ്റാനും അനുമതിയുണ്ട്. വ്യക്തികൾക്ക് പെർമിറ്റുകൾ നൽകുക, സ്വകാര്യ പാർക്കിംഗ് സ്ഥലങ്ങൾ സ്ഥാപിക്കുക, രൂപകൽപന ചെയ്യുക, നിയന്ത്രിക്കുക എന്നിവയ്ക്കും പാർക്കിൻ മേൽനോട്ടം വഹിക്കും.
ദുബൈ കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പാർക്കിൻ പിജെഎസ്‌സിയുടെ ഡയറക്ടർ ബോർഡ് രൂപീകരിച്ചുകൊണ്ട് 2023ലെ എക്‌സിക്യൂട്ടീവ് കൗൺസിൽ പ്രമേയം (121) പുറത്തിറക്കി. ബോർഡിന്റെ അധ്യക്ഷനായി അഹമ്മദ് ഹാഷിം ബഹ്‌റോസിയനും വൈസ് ചെയർമാനായി അഹമ്മദ് ഹസൻ മഹ്ബൂബും പ്രവർത്തിക്കും. ബോർഡിലെ മറ്റ് അംഗങ്ങൾ: മുന അബ്ദുൽറഹ്മാൻ അൽ ഒസൈമി, നാസർ ഹമദ് അബു ഷെഹാബ്, അലവി അലി അൽ ഷെയ്ഖ്, മോന മുഹമ്മദ് ബജ്മാൻ, അൽ അനൗദ് താബിത് അൽ അമേരി.
കമ്പനിയുടെ എല്ലാ ഷെയറുകളും പൂർണ്ണമായി ദുബൈ സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഈ ഷെയറുകളുടെ ഇഷ്യൂ ചെയ്തതും അടച്ചതുമായ മൂലധനം പിന്നീട് നിർണ്ണയിക്കും. ദുബൈയിലെ എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ അംഗീകാരത്തോടെ, പൊതു അല്ലെങ്കിൽ സ്വകാര്യ സബ്‌സ്‌ക്രിപ്‌ഷൻ വഴി കമ്പനിക്ക് ഓഹരികളുടെ ഉടമസ്ഥാവകാശം കൈമാറാൻ നിയമം അവസരമൊരുക്കുന്നതായി പ്രസ്താവനയിൽ പറയുന്നു. എന്നിരുന്നാലും, സബ്‌സ്‌ക്രിപ്‌ഷനായി ഓഹരികൾ വാഗ്ദാനം ചെയ്യുമ്പോൾ ദുബൈ സർക്കാരിന്റെ ഉടമസ്ഥാവകാശം കമ്പനിയുടെ മൂലധനത്തിന്റെ 60 ശതമാനത്തിൽ താഴെയാകരുതെന്നും നിയമം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."