ഓപ്പറേഷന്‍ അമൃത്; സംസ്ഥാനത്ത് ഡോക്ടറുടെ കുറിപ്പില്ലാതെ ആന്റിബയോട്ടിക് വിറ്റാല്‍ കര്‍ശന നടപടി
ഓപ്പറേഷന്‍ അമൃത്; സംസ്ഥാനത്ത് ഡോക്ടറുടെ കുറിപ്പില്ലാതെ ആന്റിബയോട്ടിക് വിറ്റാല്‍ കര്‍ശന നടപടി
തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ സംസ്ഥാനത്ത് ഓപ്പറേഷന്‍ അമൃത് (ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ഇന്റര്‍വെന്‍ഷന്‍ ഫോര്‍ ടോട്ടല്‍ ഹെല്‍ത്ത്) എന്ന പേരില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധനകള്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുജന പങ്കാളിത്തോടെയായിരിക്കും ഇത് നടപ്പിലാക്കുന്നത്. കുറിപ്പടിയില്ലാതെ ഏതെങ്കിലും ഫാര്‍മസികള്‍ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും വിവരം നല്‍കാവുന്നതാണ്.
ഡ്രഗ്‌സ് കണ്‍ട്രോളര്‍ നിയോഗിക്കുന്ന പ്രത്യേക സ്‌ക്വാഡും ഈ രഹസ്യ ഓപ്പറേഷന്റെ ഭാഗമാകും. ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നതിന്റെ വിവരങ്ങള്‍ കൃത്യമായി ഫാര്‍മസികള്‍ സൂക്ഷിക്കേണ്ടതാണ്. 'ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നതല്ല' എന്ന പോസ്റ്റര്‍ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കുന്ന ഫാര്‍മസികള്‍ക്കും മെഡിക്കല്‍ സ്റ്റോറുകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം 2024ല്‍ പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ആരോഗ്യ വകുപ്പ്. ഓരോ വ്യക്തിയും സ്വന്തം ആരോഗ്യവും കുടുംബത്തിന്റെ ആരോഗ്യവും മുന്‍നിര്‍ത്തി അനാവശ്യമായി ആന്റിബയോട്ടിക്കുകള്‍ വാങ്ങി കഴിയ്ക്കരുത്. സ്ഥിരമായി ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് മൂലം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ സാധ്യതയുള്ള രോഗാണുക്കള്‍ കൊണ്ടുള്ള അണുബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. ലോകാരോഗ്യ സംഘടന എ.എം.ആറിനെ ഇതിനോടകം തന്നെ വിശേഷിപ്പിച്ചത് നിശബ്ദ മഹാമാരി എന്നാണ്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
ആന്റിബയോട്ടിക്കുകള്‍ അനാവശ്യമായി കുറിക്കാതിരിക്കാനും അവബോധം നല്‍കി വരുന്നു. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ വാങ്ങി കഴിക്കുന്നതും തെറ്റായ ക്രമങ്ങളില്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നതും ആപത്താണ്. അതിനാല്‍ എല്ലാവരും ഇതിനോട് സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."