സൂപ്പർ സൂപ്പർ ഇന്ത്യൻ വിജയം
ബെംഗളൂരു:3-ാം ടി20-യിലും അഫ്ഗാനെ തകര്‍ത്ത് പരമ്പര തൂത്തുവാരി ഇന്ത്യ .മത്സരവും പിന്നാലെ നടന്ന ആദ്യ സൂപ്പര്‍ ഓവറും ടൈ. ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ എല്ലാ ആവേശവും നിറഞ്ഞ മത്സരത്തില്‍ രണ്ടാം സൂപ്പര്‍ ഓവറില്‍ രവി ബിഷ്‌ണോയിയുടെ ബൗളിങ് മികവില്‍ അഫ്ഗാനെ കീഴടക്കി ടി20 പരമ്പര തൂത്തുവാരി ഇന്ത്യ.
ഇന്ത്യ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സിലൊതുങ്ങിയതോടെയാണ് മത്സരം ആദ്യ സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി അഫ്ഗാന്‍ നേടിയത് 16 റണ്‍സ്. മറുപടിയായി ഇന്ത്യയുടെ സൂപ്പര്‍ ഓവര്‍ പോരാട്ടവും 16 റണ്‍സിലൊതുങ്ങിയതോടെ മത്സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക്. രണ്ടാം സൂപ്പര്‍ ഓവറില്‍ ഇന്ത്യയ്ക്ക് നേടാനായത് 11 റണ്‍സ് മാത്രം. അഞ്ച് പന്തുകള്‍ക്കുള്ളില്‍ സൂപ്പര്‍ ഓവറിലെ രണ്ട് വിക്കറ്റും (റിങ്കു സിങ്, രോഹിത് ശര്‍മ) ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാല്‍ 12 റണ്‍സ് ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ രണ്ട് വിക്കറ്റുകളും (മുഹമ്മദ് നബി, റഹ്‌മാനുള്ള ഗുര്‍ബാസ്) വെറും മൂന്ന് പന്തുകള്‍ക്കുള്ളില്‍ വീഴ്ത്തി ബിഷ്‌ണോയ് ഇന്ത്യയ്ക്ക് ആവേശ ജയം സമ്മാനിച്ചു.
നേരത്തേ ഇന്ത്യ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന് ആറു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സിലെത്താനേ സാധിച്ചുള്ളൂ. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. 23 പന്തില്‍ നിന്ന് നാല് വീതം സിക്‌സും ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്ന ഗുല്‍ബാദിന്‍ നയ്ബിന്റെ ഇന്നിങ്‌സാണ് അഫ്ഗാന് മത്സരം ടൈയിലെത്തിക്കാന്‍ സഹായിച്ചത്.
ഇന്ത്യ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് അഫ്ഗാന്റേത് തകര്‍പ്പന്‍ തുടക്കമായിരുന്നു. റഹ്‌മാനുള്ള ഗുര്‍ബാസും ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാനും ചേര്‍ന്ന് 11 ഓവറില്‍ 93 റണ്‍സ് അടിച്ചെടുത്തു. 32 പന്തില്‍ നിന്ന് നാല് സിക്‌സും മൂന്ന് ഫോറുമടക്കം 50 റണ്‍സെടുത്ത ഗുര്‍ബാസിനെ പുറത്താക്കി കുല്‍ദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ഇബ്രാഹിം സദ്രാനെ വാഷിങ്ടണ്‍ സുന്ദറിന്റെ പന്ില്‍ സഞ്ജു സ്റ്റമ്പ് ചെയ്ത് പുറത്താക്കി. 41 പന്തില്‍ നിന്ന് ഒരു സിക്‌സും നാല് ഫോറുമടക്കം 50 റണ്‍സെടുത്താണ് സദ്രാന്‍ മടങ്ങിയത്. തൊട്ടടുത്ത പന്തില്‍ അസ്മത്തുള്ള ഒമര്‍ സായിയേയും (0) വീഴ്ത്തിയ സുന്ദര്‍ അഫ്ഗാനെ പ്രതിരോധത്തിലാക്കി.
എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച ഗുല്‍ബാദിന്‍ നയ്ബ് - മുഹമ്മദ് നബി സഖ്യം അതിവേഗം 56 റണ്‍സ് ചേര്‍ത്തതോടെ അഫ്ഗാന്‍ മത്സരത്തിലേക്ക് മടങ്ങിയെത്തി. ഒടുവില്‍ നബിയെ മടക്കി സുന്ദര്‍ തന്നെ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. 16 പന്തുകള്‍ നേരിട്ട നബി മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 34 റണ്‍സെടുത്തു. തുടര്‍ന്ന് കരിം ജനത്തിനെയും (2), നജിബുള്ള സദ്രാനെയും (5) നഷ്ടമായെങ്കിലും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച നയ്ബിന്റെ ഇന്നിങ്‌സ് മത്സരം ടൈയിലെത്തിച്ചു. മുകേഷ് കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 19 റണ്‍സായിരുന്നു അഫ്ഗാന് വേണ്ടിയിരുന്നത്. എന്നാല്‍ 18 റണ്‍സെടുക്കാനേ അവര്‍ക്ക് സാധിച്ചുള്ളൂ. അവസാന പന്തില്‍ ജയിക്കാന്‍ മൂന്ന് റണ്‍സ് വേണമെന്നിരിക്കേ നയ്ബിന് രണ്ട് റണ്‍സ് മാത്രമാണ് നേടാനായത്.
ഇന്ത്യയ്ക്കായി വാഷിങ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, തുടക്കത്തിലെ തകര്‍ച്ചയെ അതിജീവിച്ച് നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തിരുന്നു. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും അര്‍ധ സെഞ്ചുറി നേടിയ റിങ്കു സിങ്ങിന്റെയും കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 25 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടമായ ശേഷം ടി20-യില്‍ ഒരു ടീം നേടുന്ന ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡും ഇന്ത്യ സ്വന്തമാക്കി.
അന്താരാഷ്ട്ര ടി20-യില്‍ അഞ്ച് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡ് സ്വന്തമാക്കിയ രോഹിത് 69 പന്തില്‍ നിന്ന് എട്ടു സിക്സും 11 ഫോറുമടക്കം 121 റണ്‍സോടെ പുറത്താകാതെ നിന്നു. ടി20-യില്‍ രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോറാണിത്. 36 പന്തുകള്‍ നേരിട്ട റിങ്കു ആറ് സിക്സും രണ്ട് ഫോറുമടക്കം 69 റണ്‍സെടുത്തു. അഞ്ചാം വിക്കറ്റില്‍ 190 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. ടി20-യില്‍ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടാണിത്. 2022-ല്‍ ഡബ്ലിനില്‍ അയര്‍ലന്‍ഡിനെതിരേ സഞ്ജു സാംസണും ദീപക് ഹൂഡയും ചേര്‍ന്നെടുത്ത 176 റണ്‍സ് കൂട്ടുകെട്ട് ഇതോടെ രണ്ടാമതായി. കരിം ജനത് എറിഞ്ഞ അവസാന ഓവറില്‍ 36 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. ഇരുവരുടെയും ബാറ്റിങ് വെടിക്കെട്ടില്‍ അവസാന അഞ്ച് ഓവറില്‍ 103 റണ്‍സ് ഇന്ത്യന്‍ സ്‌കോറിലെത്തി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ യശസ്വി ജയ്സ്വാള്‍ (4) മൂന്നാം ഓവറില്‍ തന്നെ പുറത്ത്. പിന്നാലെ നേരിട്ട ആദ്യ പന്തില്‍ തന്നെ വിരാട് കോലിയും (0) വീണു. ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങിയ ശിവം ദുബെയും (1) വീണതോടെ ഇന്ത്യ പതറി. പിന്നാലെ നാളുകള്‍ക്ക് ശേഷം ലഭിച്ച അവസരം ഗോള്‍ഡന്‍ ഡക്കോടെ സഞ്ജു സാംസണും (0) കളഞ്ഞുകുളിച്ചതോടെ ഇന്ത്യ 4.3 ഓവറില്‍ നാലിന് 22 എന്ന നിലയിലേക്ക് വീണു.
എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് - റിങ്കു സിങ് സഖ്യം ഇന്ത്യയെ കാത്തു. പതിയെ തുടങ്ങി നിലയുറപ്പിച്ച ശേഷം ഇരുവരും തകര്‍ത്തടിച്ചതോടെ മത്സരം ഇന്ത്യയുടെ കൈയിലേക്ക് തിരിച്ചെത്തി. അഫ്ഗാനായി ഫരീദ് അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."