HOME
DETAILS

രക്തം കിനിയുന്ന കല്ലുകള്‍

  
backup
January 20, 2024 | 5:23 PM

bleeding-stones

വി.​ മു​സ​ഫ​ര്‍ അ​ഹ​മ്മ​ദ്

സഹാറ മരുഭൂമിയാണ് വിഖ്യാത ലിബിയന്‍ എഴുത്തുകാരന്‍ ഇബ്രാഹിം അല്‍കൂനിയുടെ എല്ലാ നോവലുകളുടെയും അരങ്ങ്. അദ്ദേഹത്തിന്റെ ഇംഗ്ലിഷ് പരിഭാഷയില്‍ ലഭ്യമായ പതിനഞ്ചോളം നോവലുകളും സംഭവിക്കുന്നത് തെക്കന്‍ ലിബിയയിലെ സഹാറ മരുഭൂമിയിലാണ്. (അറബിയില്‍ അദ്ദേഹം എണ്‍പതിലധികം നോവലുകള്‍ രചിച്ചിട്ടുണ്ട്). അവിടെ ബദുക്കളായ തുവാരഗ് വിഭാഗത്തില്‍ ജനിച്ചു വളര്‍ന്ന അല്‍കൂനി, (കടുംനീല നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്ന തുവാരഗുകളെ നീല മനുഷ്യര്‍ എന്നും വിളിക്കാറുണ്ട്) പില്‍ക്കാലത്ത് ലിബിയയും സഹാറയും വിട്ട് സ്വിറ്റ്‌സര്‍ലന്റിലേക്ക് തന്റെ ജീവിതം മാറ്റിനട്ടുവെങ്കിലും മരുഭൂമിയുടെ മണലോര്‍മകളുടെ പിന്‍വിളിയിലാണ് ഇന്നും അദ്ദേഹം നോവലുകള്‍ രചിക്കുന്നത്.


ഏറ്റവും പുതിയ നോവല്‍ 'ദ നൈറ്റ് വില്‍ ഹാവ് ഇറ്റ്‌സ് സേ'യും അങ്ങനെ തന്നെ. അറബിയില്‍ എഴുതുന്ന അദ്ദേഹത്തിന്റെ കുറച്ചു നോവലുകളുടെ ഇംഗ്ലിഷ് പരിഭാഷകള്‍ ഇപ്പോള്‍ ലഭ്യമാണ്. പക്ഷേ, ഇതുവരെയും അദ്ദേഹത്തിന്റെ ഒരു രചനയും മലയാളത്തില്‍ പരിഭാഷപ്പെടുത്തിക്കണ്ടിട്ടില്ല. മരുഭൂമിയിലെ മരങ്ങളും ജന്തുക്കളും പരിസ്ഥിതിയും ആവാസവ്യവസ്ഥയും ആ പ്രകൃതിയോട് ചേര്‍ന്നുകിടക്കുന്ന മനുഷ്യരും അവിടേക്ക് അധിനിവേശത്തിനു ശ്രമിക്കുന്ന പുറം ലോകക്കാരും ഒപ്പം ലിബിയയുടെയും ആഫ്രിക്കയുടെയും രാഷ്ട്രീയ സങ്കീർണതകളും അടങ്ങിയതാണ് അദ്ദേഹത്തിന്റെ എല്ലാ നോവലുകളും.


മരുഭൂമിയിലെ മണല്‍ത്തരികളെ പൊന്‍തരികള്‍ എന്നു വിളിക്കുന്ന രീതിയാണ് അദ്ദേഹത്തിന്റേത്. ഇക്കാര്യം വിശദീകരിക്കാന്‍ വേണ്ടി മാത്രം അദ്ദേഹം 'ഗോള്‍ഡ് ഡസ്റ്റ്' (സ്വർണപ്പൊടി) എന്ന പേരില്‍ ഒരു നോവല്‍ തന്നെ എഴുതിയിട്ടുണ്ട്. പുറം ലോകത്തുള്ളവര്‍ കാണുന്നതു പോലെ മരുഭൂമിയെ ഒരവശിഷ്ട ഭൂപ്രദേശമായല്ല ഇബ്രാഹിം അല്‍കൂനി കാണുന്നതും അവതരിപ്പിക്കുന്നതും. അതൊരു ജീവന്റെ സാന്നിധ്യമുള്ള സ്ഥലമായും മനുഷ്യസംസ്‌കാരത്തിന്റെ, രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളുടെയെല്ലാം വിനിമയ അരങ്ങായാണ്. ജിന്നുകളും ഇന്‍സുകളും ഒരുപോലെ വസിക്കുന്ന സ്ഥലം എന്നാണ് ഒരഭിമുഖത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറയെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുള്ളത്.


അല്‍കൂനിയുടെ മാസ്റ്റര്‍ പീസെന്ന് കരുതപ്പെടുന്ന 'ദ ബ്ലീഡിങ് ഓഫ് ദ സ്റ്റോണ്‍' (പ്രസാധനം: ഇന്റര്‍ലിങ്ക് ബുക്സ്, ഇംഗ്ലിഷ് പരിഭാഷ: മെയ് ജയ്യൂസി, ക്രിസ്റ്റഫര്‍ ടാങ്ളെ) എന്ന നോവലിന്റെ വായനാനുഭവമാണ് ഇവിടെ പങ്കുവയ്ക്കുന്നത്. കേരളത്തില്‍ പരിസ്ഥിതി സാഹിത്യത്തെക്കുറിച്ച് പലതരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും ഈ രചനയെക്കുറിച്ച് ആരും ചര്‍ച്ച ചെയ്തു കണ്ടിട്ടില്ല. ആധുനിക അറബ് സാഹിത്യത്തോടുള്ള മലയാളി വായനാ സമൂഹത്തിന്റെ അവഗണനയാണ് ഇതിനു കാരണം എന്നു കരുതുന്നതില്‍ തെറ്റില്ല. നോവലിലെ നായകന്‍ ബദുവായ അസൂഫ് ആണ്. മരുഭൂമിയിലൂടെ നിരന്തരമായി അലയുക എന്നത് ജീവിത കർമവും ധർമവുമായി എടുത്തയാളാണ് ഇടയനായ അസൂഫ്. അതിനാല്‍ തെക്കന്‍ ലിബിയയിലെ സഹാറയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായി അസൂഫിന് അറിയാം. മരുഭൂപാതയിലൂടെ ആരെല്ലാം വന്നു, പോയി, അവിടുത്തെ സ്ഥിരവാസികളുടെ ജീവിതത്തിലെ വിശേഷങ്ങള്‍ എന്തൊക്കെയാണ്, മരുഭൂമിയില്‍ പുതിയ ചെടികള്‍ എവിടെയെല്ലാം മുളച്ചു, കരിഞ്ഞു, സഹാറയിലെ ജന്തുവര്‍ഗത്തില്‍ പുതിയ പിറവികളുണ്ടോ, അല്ലെങ്കില്‍ മരണങ്ങളുണ്ടോ, മഴ പെയ്യുമോ, ഇല്ലയോ, വിഷസര്‍പ്പങ്ങളുടെ എണ്ണത്തില്‍ മഞ്ഞുകാലത്ത് എത്രമാത്രം വര്‍ധനയുണ്ടായി- ഇങ്ങനെ മരുഭൂമിയുടെ ഓരോ തുടിപ്പും വാടലും തൊട്ടറിഞ്ഞുള്ള ജീവിതമാണ് അസൂഫിന്റേത്. അയാള്‍ മരുഭൂമരങ്ങളോടും കല്ലുകളോടും സംസാരിക്കും. മരുഭൂമിയില്‍ ജനിച്ച് അവിടെ വളര്‍ന്ന ഇബ്രാഹിം അല്‍കൂനിയുടെ ആത്മാംശം അസൂഫില്‍ കാണാം.


136 പുറങ്ങള്‍ മാത്രമുള്ള ഈ ചെറിയ നോവല്‍ ആരംഭിക്കുന്നത് വിശുദ്ധഖുര്‍ആനില്‍ നിന്നുള്ള 'ഭൂമിയിലുള്ള ഏതൊരു ജന്തുവും രണ്ടു ചിറകുകള്‍ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങള്‍ മാത്രമാകുന്നു' (6:38) എന്ന വചനവുമായാണ്. മരുഭൂമി മനുഷ്യനു പകരുന്ന ദര്‍ശനങ്ങളിലൊന്ന് ഇതാണ് എന്നതില്‍ സംശയമില്ല. ഈ വചനങ്ങളുടെ വേരുപടലം അല്‍കൂനിയുടെ രചനാലോകത്ത് എമ്പാടും കാണാനാകും. മരുഭൂമിയിലെ ഗാഫ് വൃക്ഷം അതിജീവിക്കുന്നപോലെ മനുഷ്യനും അതിജീവിക്കണമെങ്കില്‍ ഇതരജീവികളും ഈ ലോകത്ത് അനിവാര്യമാണെന്ന ദര്‍ശനം അല്‍കൂനിയുടെ രചനകള്‍ പങ്കിടുന്നു. മരുഭൂമിയുടെ പുത്രന്‍ എന്ന് പൂര്‍ണമായും വിളിക്കാന്‍ കഴിയുന്ന അപൂര്‍വം എഴുത്തുകാരില്‍ ഒരാളാണ് അദ്ദേഹം. മറ്റൊരാള്‍ റുബ്ഉല്‍ ഖാലി മരുഭൂമിയിലെ (എംപ്റ്റിക്വാര്‍ട്ടര്‍) മരുഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ഒമാന്‍ കവി സൈഫുല്‍ റഹ്ബി ആയിരിക്കും.


ഗാഫ് വൃക്ഷത്തെപ്പോലെ തെക്കന്‍ ലിബിയയിലെ സഹാറ മരുഭൂമിയിലെ മലനിരകളില്‍ അജിവീക്കുന്ന പ്രത്യേകവിഭാഗത്തില്‍ പെട്ട കല്ലാടിനെ സംരക്ഷിക്കുന്ന അസൂഫും ഇവയെ കൊന്നുതിന്നാനെത്തുന്ന രണ്ടു വേട്ടക്കാരുടെയും കഥയാണ് ഈ നോവല്‍ പ്രധാനമായും പറയുന്നത്. സഹാറ മരുഭൂ വാസികള്‍ക്ക് മലനിരകളില്‍ എവിടെയാണ് കാട്ടാട് എന്നറിയാം. എന്നാല്‍ വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്ന കാട്ടാടിനെ കൊന്ന് തിന്നരുതെന്ന് മരുഭൂവാസികള്‍ തീരുമാനിച്ചിട്ടുണ്ട്. ദുര്‍ഘടമായ മലനിരകളില്‍ കാട്ടാടുകള്‍ തങ്ങളുടെ സ്വച്ഛജീവിതം നയിക്കുന്നു. മലനിരകളില്‍ കാട്ടാടുകളെ തേടി ചെന്നാല്‍ ഭൂമി രണ്ടായി പിളരുമെന്ന വിശ്വാസവും ബദുക്കള്‍ക്കിടയിലുണ്ട്. സഹാറയിലുണ്ടായിരുന്ന ഗസ്സാസ് എന്നു വിളിക്കുന്ന ചെറുമാനുകള്‍ക്ക് വലിയ തോതിലുള്ള വേട്ടകൊണ്ട് വംശനാശം വന്നതിനെ തുടര്‍ന്നാണ് കാട്ടാടുകളെ വേട്ടയാടരുതെന്ന തീരുമാനത്തില്‍ സഹാറ വാസികള്‍ എത്തുന്നത്. പുറത്തുനിന്ന് ആരെങ്കിലും വേട്ടയ്ക്കു വന്നാല്‍ എന്തു വില കൊടുത്തും അവരെ തടയണമെന്നും അവര്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇത് നടപ്പാക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നയാളാണ് അസൂഫ്.


നോവലിലെ കഥനടക്കുമ്പോള്‍ മരുപ്രദേശത്ത് ഒരു ചെറുമാനിന്റെപോലും സാന്നിധ്യമില്ല. ഈ അവസ്ഥ മരുപ്രകൃതിയില്‍ ഭയാനകമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മഴ വന്നെത്തി നോക്കുന്നില്ല. കൃഷി മുച്ചൂടും നശിക്കുന്നു. സ്ത്രീകളെ ഉര്‍വരത അനുഗ്രഹിക്കുന്നില്ല. പിന്നീട് കാട്ടാടുകളെ വേട്ടയാടില്ലെന്ന തീരുമാനത്തെ തുടര്‍ന്ന് പ്രകൃതി മരുഭൂ വാസികളോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുമുണ്ട്.


നോവലിലൂടെ സഹാറ മരുഭൂമിയുടെ എല്ലാ തരം സവിശേഷതകളും വായനക്കാരന്‍ അറിയുന്നു. ഗുഹാചിത്രങ്ങളുള്ള മരുപ്രദേശങ്ങളെക്കുറിച്ചും അതു കാണാനെത്തുന്ന ടൂറിസ്റ്റുകള്‍ മരുഭൂ പ്രകൃതിക്ക് ഏല്‍പ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ചുമെല്ലാം നോവല്‍ വിശദമായി പ്രതിപാദിപ്പിക്കുന്നു. കഥയിലെ നായകന്‍ അസൂഫ് മരുഭൂമിയുടെ മൂലയില്‍ തന്റെ ആടുകളെ മേച്ചു കഴിയുകയാണ്. അതു കൊണ്ടുതന്നെ ആ പ്രദേശത്തെക്കുറിച്ച് അയാളെപ്പോലെ അറിയാവുന്ന മറ്റൊരാളില്ല. ഗുഹാചിത്രങ്ങള്‍ കാണാനും പ്രാചീന സംസ്‌കൃതി തൊട്ടറിയാനും എത്തുന്നവര്‍ എപ്പോഴും അസൂഫിന്റെ സഹായം തേടുന്നു. നിരന്തരം മരുഭൂമിയുടെ വിജനതയില്‍ അലയുന്ന അയാളില്‍ ജിന്ന് ബാധയുണ്ടെന്ന പ്രചാരണം പോലുമുണ്ട്.


ഇതിനിടയിലാണ് വിശുദ്ധ മൃഗമായി അസൂഫ് അടക്കമുള്ള മരുഭൂവാസികള്‍ കരുതുന്ന കാട്ടാടുകളെ വേട്ടയാടാനുള്ള പദ്ധതിയുമായി രണ്ടു പേര്‍ പ്രദേശത്തെത്തുന്നത്. ഗുഹാചിത്രങ്ങള്‍ കാണാനെത്തിയതാണെന്നും അതിന് തങ്ങളെ സഹായിക്കണമെന്നും ഇരുവരും അസൂഫിനോട് ആദ്യം അഭ്യര്‍ഥിക്കുന്നു. എന്നാല്‍ തീര്‍ത്തും വിജനമായ പ്രദേശത്തു വച്ച് അസൂഫിനെ തോക്കുകാണിച്ച് ഭയപ്പെടുത്തി കാട്ടാടുള്ള (ഇതില്‍ വിശുദ്ധ മൃഗമായി കരുതുന്ന ഒരു കാട്ടിനെത്തേടിയാണ് വേട്ടക്കാര്‍ സഹാറയിലെത്തുന്നത്)പ്രദേശത്തേക്ക് കൊണ്ടുപോകാന്‍ വേട്ടക്കാര്‍ ആവശ്യപ്പെടുന്നു. തന്നാലാവും വിധം അതിനെ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും അസൂഫ് അതില്‍ പരാജയപ്പെടുകയാണ്. വിശുദ്ധ മൃഗത്തെ കിട്ടാത്തതിനാല്‍ വേട്ടക്കാര്‍ അസൂഫിന്റെ ശരീരത്തില്‍ നിറയെ മുറിവുകളുണ്ടാക്കി അയാളെ കൊക്കയിലേക്ക് തള്ളിനില്‍ക്കുന്ന പാറയുടെ തുഞ്ചത്ത് ഉപേക്ഷിച്ചു പോകുന്നു. ആ സമയത്തെല്ലാം തനിക്ക് ഏതോ അദൃശ്യശക്തി സാന്ത്വനം പകരുന്നതായി അസൂഫ് തിരിച്ചറിയുന്നു.


വിശുദ്ധ മൃഗത്തെ വേട്ടയാടാന്‍ വന്നവരുടെ പാപം മരുഭൂമിയില്‍ കൊടുങ്കാറ്റ് വിതക്കുന്നിടത്താണ് നോവല്‍ അവസാനിക്കുന്നത്. അസൂഫിനെയും കൊണ്ട് വേട്ടക്കാര്‍ കാട്ടാടുകളെത്തേടി മല കയറുന്നുണ്ട്. എന്നാല്‍ ആടുകള്‍ കൂടുതല്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ആടിനെ കിട്ടിയില്ലെങ്കില്‍ നിന്നെ ഞങ്ങള്‍ അറുക്കുമെന്ന് വേട്ടക്കാര്‍ അസൂഫിനെ ഭീഷണിപ്പെടുത്തുന്നു. മലയിലെ ഒരു പാറക്കല്ലില്‍ കിടത്തി അയാളുടെ കഴുത്തില്‍ അവര്‍ കത്തിവയ്ക്കുന്നുമുണ്ട്. കത്തി കഴുത്തില്‍ തട്ടി കുറച്ചു രക്തം പാറക്കല്ലില്‍ വീഴുന്നുമുണ്ട്. നോവല്‍ ശീര്‍ഷകം 'രക്തം കിനിയുന്ന കല്ലുകള്‍' ഈ രംഗത്തില്‍ നിന്നുമാണ് ഉടലെടുക്കുന്നത്. അസൂഫ് പ്രകൃതി സംരക്ഷക പോരാളിയായി സമ്പൂർണമായി മാറുന്നതും ഇവിടം മുതലാണ്. ഇത്തരം പോരാളികളാലും പ്രകൃതി തന്റേതായ കവചമൊരുക്കി സ്വയം സംരക്ഷിക്കുന്നതിന്റേയും കഥ കൂടിയാണ് ഈ നോവല്‍. കാലാവസ്ഥാ വ്യതിയാനമടക്കമുള്ള പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഇന്ന് ലോകം ചര്‍ച്ച ചെയ്യുമ്പോള്‍ ഈ നോവലിന്റെ കേന്ദ്ര പ്രമേയമാണ് ലോക ശ്രദ്ധയിലേക്കു വരുന്നത്.


അസൂഫും വേട്ടക്കാരും തമ്മില്‍ ഉടലെടുക്കുന്ന സംഘര്‍ഷത്തിലൂടെ മരുഭൂമിയിലെ പരമ്പരാഗത ജീവിതരീതിയും വിശ്വാസങ്ങളും വായനക്കാരന്റെ മുന്നിലെത്തുന്നു. അതോടൊപ്പം ഈ പ്രദേശത്ത് കഴിയുന്ന മനുഷ്യര്‍ പുലര്‍ത്തുന്ന പാരിസ്ഥിതികാവബോധവും പുറത്തു വരുന്നു. നിലനില്‍പ്പും അതിജീവനവും സാധ്യമാക്കാനായി പൊരുതുന്ന മരുഭൂ നിവാസികളെയാണ് അസൂഫ് പ്രതിനിധീകരിക്കുന്നത്. മരുഭൂസൗന്ദര്യശാസ്ത്രവും തത്വചിന്തയും ഇത്രമേല്‍ ആവാഹിച്ച അധികം നോവലുകള്‍ വായിക്കാനായിട്ടില്ല.


1948ല്‍ തെക്കന്‍ ലിബിയയിലെ ഗദമെസ് മരുപ്പച്ച ഗ്രാമത്തില്‍ ജനിച്ച അല്‍കൂനി തന്റെ സ്റ്റാർട്ടിങ് പോയിന്റ് എപ്പോഴും മരുഭൂമിയാണെന്ന് പറഞ്ഞിട്ടുണ്ട്. ചക്രവാളത്തില്‍ ചെന്നുചേരുന്ന മരുഭൂമിയുടെ അനന്തവിശാലതയെക്കുറിച്ച് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്. മരുഭൂമിയും ആകാശവും ഒരേ ശരീരമായിത്തീരുന്ന പ്രകൃതിപ്രതിഭാസത്തെക്കുറിച്ച് അദ്ദേഹം വാചാലനായിട്ടുണ്ട്. മരുഭൂമിയും ആകാശവും എന്നും പുണര്‍ന്ന് കിടക്കുന്നതിന്റെ രഹസ്യമാണ് താന്‍ എക്കാലത്തും അന്വേഷിച്ച് നടക്കുന്നതെന്നും കൂനി പറഞ്ഞിട്ടുണ്ട്.


അതിജീവിക്കുന്ന മനുഷ്യനും പ്രകൃതിയുമാണ് അദ്ദേഹത്തിന്റെ എല്ലാ രചനകളുടേയും കേന്ദ്ര പ്രമേയം. അനൂബിസ്, ദി സെവന്‍ വെയില്‍സ് ഓഫ് സെയ്ത്ത്, പപ്പറ്റ് എന്നീ ഇംഗ്ലീഷ് വിവര്‍ത്തനങ്ങളിലൂടെ ലഭ്യമായ നോവലുകള്‍ വായിച്ചതില്‍നിന്ന് അൽകൂനിയുടെ കേന്ദ്ര പ്രമേയം കൂടുതല്‍ തീവ്രമായി മാറുന്നതായി അനുഭവിച്ചിട്ടുണ്ട്. തന്റെ തൊട്ടില്‍ മരുഭൂമിയാണെന്ന് പറഞ്ഞ അദ്ദേഹം അതിനെ ഒരു രാജ്യമായാണ് സങ്കല്‍പ്പിച്ചിട്ടുള്ളത്. ഭരണകൂടങ്ങളുടെ ബലാബലങ്ങളുമായി അദ്ദേഹത്തിന്റെ രചനകള്‍ പരോക്ഷമായ ഏറ്റുമുട്ടലും നടത്തുന്നുണ്ട്. വീട് മരുഭൂമിയും പക്ഷി ഫാല്‍ക്കനും മരം ഗാഫുമാണെന്നും പറഞ്ഞ അദ്ദേഹം പ്രകൃതി സംരക്ഷണ രാഷ്ട്രീയത്തിലൂടെ തന്റെ നിലപാട് വ്യക്തമാക്കാനാണ് ശ്രമിച്ചിട്ടുള്ളത്.
ലിബിയയിലെയും കിഴക്കനാഫ്രിക്കയിലെയും രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദമാക്കുന്ന പല നോവലുകളും ഈ എഴുത്തുകാരന്‍ രചിച്ചിട്ടുണ്ട്. അവയെല്ലാം സഹാറയുടെ പശ്ചാത്തലത്തിലാണ് സംഭവിക്കുന്നത്. അതിനാല്‍ കൂനിക്ക് സഹാറ ഒരേസമയം പാരിസ്ഥിതിക-രാഷ്ട്രീയ ഭൂമികയാക്കി മാറ്റാനും തന്റെ രചനകളില്‍ സാധിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പോൾ ചെയ്തത് വോട്ടർപട്ടികയിലുള്ളതിനേക്കാൾ മൂന്ന് ലക്ഷത്തിലറെ വോട്ടുകൾ; ഇതെവിടെ നിന്ന് വന്നു?' ഗുരുതര ക്രമക്കേട് ചൂണ്ടിക്കാട്ടി ദീപാങ്കർ ഭട്ടാചാര്യ

National
  •  a month ago
No Image

Unanswered Questions in Bihar: As NDA Celebrates, EVM Tampering Allegations Cast a Long Shadow

National
  •  a month ago
No Image

'ബിഹാര്‍ നേടി, അടുത്ത ലക്ഷ്യം ബംഗാള്‍'  കേന്ദ്രമന്ത്രി ഗിരി രാജ് സിങ്

National
  •  a month ago
No Image

റൊണാൾഡോയുടെ 'ഡ്രീം ടീം' പൂർത്തിയാകുമോ? ബാഴ്‌സലോണ സൂപ്പർ താരത്തിന് അൽ-നാസറിൽ നിന്ന് പുതിയ ഓഫർ; ഫ്രീ ട്രാൻസ്ഫർ പ്രതീക്ഷ

Football
  •  a month ago
No Image

രൂപയ്ക്ക് വീണ്ടും തിരിച്ചടി; മൂന്നാം ദിവസവും ഇടിവ്; മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 14

bahrain
  •  a month ago
No Image

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റില്‍

Kerala
  •  a month ago
No Image

പാലത്തായി പോക്‌സോ കേസ്: ബി.ജെ.പി നേതാവ് കെ. പദ്മരാജന്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

Kerala
  •  a month ago
No Image

'വിജയിക്കുന്നത് എസ്.ഐ.ആര്‍' ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്

National
  •  a month ago
No Image

അയർലൻഡിനെതിരെ ചുവപ്പ് കാർഡ്; 'സമ്മർദ്ദം താങ്ങാൻ അറിയില്ലെങ്കിൽ വിരമിക്കുക'; റൊണാൾഡോയ്ക്ക് എതിരെ സോഷ്യൽ മീഡിയ കൊടുങ്കാറ്റ്

Football
  •  a month ago
No Image

ആര്യ രാജേന്ദ്രന്‍ കോഴിക്കോട്ടേക്കോ? താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും മാറുന്ന കാര്യം പരിഗണനയിലെന്ന് സൂചന

Kerala
  •  a month ago