ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അധിക വോട്ട്: പ്രതിപക്ഷാരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അധിക വോട്ട് രേഖപ്പെടുത്തിയെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം തള്ളിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. എസ്.ഐ.ആറിന് ശേഷം മൂന്നുലക്ഷം വോട്ടര്‍മാര്‍ പേര് രജിസ്റ്റര്‍ ചെയ്‌തെന്നാണ് കമ്മീഷന്റെ വിശദീകരണം.
എസ്.ഐ.ആറിന് ശേഷം പുറത്തിറക്കിയ അന്തിമപട്ടികയില്‍ ഉണ്ടായിരുന്നത് 7.42 കോടി വോട്ടര്‍മാരായിരുന്നു. പിന്നീട് മൂന്നുലക്ഷം പേരെ കൂടി ചേര്‍ത്തതിനാലാണ് 7.45 കോടി വോട്ടര്‍മാര്‍ എന്നാണ് കമ്മിഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. അന്തിമ വോട്ടര്‍പട്ടിക പുറത്തിറക്കിയതിനു ശേഷം പത്തുദിവസം പേരു ചേര്‍ക്കാന്‍ അവസരമുണ്ടായിരുന്നവെന്നും അങ്ങനെയാണ് 7.45 കോടി വോട്ടര്‍മാരായതെന്നും കമ്മീഷന്‍ വിശദീകരിക്കുന്നു.
അതേസമയം, പ്രതിപക്ഷം തങ്ങളുടെ ആരോപണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. വിഷയത്തില്‍ വ്യക്തത വേണമെന്ന ആവശ്യം പ്രതിപക്ഷം ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നെന്നും വോട്ടര്‍പട്ടിക, വോട്ടെടുപ്പ്, വോട്ടെണ്ണല്‍ പ്രക്രിയകളില്‍ നിയമവിരുദ്ധ ഇടപെടല്‍ നടന്നതായും കോണ്‍ഗ്രസ് ആരോപിച്ചു. ബിഹാറില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ സംഘടിതമായ വോട്ടുകൊള്ള നടന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗം വിലയിരുത്തി. ഇന്‍ഡ്യാ സഖ്യത്തിലെ ഘടകകക്ഷി നേതാക്കളുമായി ഖര്‍ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ടെലിഫോണില്‍ സംസാരിച്ച ശേഷമാണ് ബിഹാര്‍ വോട്ടെടുപ്പിനെ കുറിച്ചുള്ള ഗൗരവമുള്ള ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
ബിഹാറില്‍ നടപ്പാക്കിയ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണം (എസ്.ഐ.ആര്‍) ബി.ജെ.പി-ജെ.ഡി.യു സഖ്യത്തിനായുള്ള നിലമൊരുക്കലായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതൃയോഗത്തിന് ശേഷം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. ബിഹാറില്‍ നടന്നത് സംഘടിതമായ ക്രമക്കേടാണ്. അര്‍ഹരായ 65 ലക്ഷത്തോളം പേരെ വോട്ടര്‍പട്ടികയില്‍നിന്ന് പുറന്തള്ളിയത് ബി.ജെ.പിക്കു വേണ്ടിയായിരുന്നു. മാത്രമല്ല, അനര്‍ഹരായ നിരവധി വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കുകയാണ്. വസ്തുതാന്വേഷണം പൂര്‍ത്തിയായ ശേഷം നിയമ നടപടിയിലേക്ക് നീങ്ങുമെന്നും വേണുഗോപാല്‍ പറഞ്ഞു.
പല മണ്ഡലങ്ങളിലും വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നെങ്കിലും കമ്മിഷന്‍ അതൊന്നും പരിഗണിച്ചതേയില്ല. തെരഞ്ഞെടുപ്പു നടപടികളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയിട്ടും നടപടിയുണ്ടായില്ല. വോട്ടര്‍പട്ടിക പ്രകാരം കമ്മിഷന്‍ പുറത്തുവിട്ട കണക്കുകളേക്കാള്‍ കൂടുതല്‍ പോളിങ് ചെയ്ത മണ്ഡലങ്ങളുണ്ട്. ഇത്തരം മണ്ഡലങ്ങളിലെ വോട്ടുകണക്കിലെ പൊരുത്തക്കേട് മഹാഗഡ്ബന്ധന്‍ സ്ഥാനാര്‍ഥികളും നേതാക്കളും കമ്മിഷനു മുന്നില്‍ പരാതിയായി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഏകപക്ഷീയവും പക്ഷപാതപരവുമായ നിലപാടാണ് തുടക്കം മുതല്‍ കമ്മിഷന്‍ സ്വീകരിച്ചത്. ഹരിയാനയിലും സമാനമായ തട്ടിപ്പാണ് നടത്തിയത്. അവിടെ വോട്ടര്‍പട്ടികയിലെ ഗുരുതരമായ ക്രമക്കേട് ചൂണ്ടിക്കാട്ടിയുള്ള 19 കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്. ബിഹാറിലെ വെട്ടിപ്പുമായി ബന്ധപ്പെട്ട് തേജസ്വി യാദവുമായി കോണ്‍ഗ്രസ് നേതൃത്വം സംസാരിച്ചിട്ടുണ്ട്. ക്രമക്കേടിലൂടെ ബി.ജെ.പിയെ ജയിപ്പിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിച്ചത്. കൃത്യമായ ഡേറ്റ ശേഖരിച്ച ശേഷം ഇന്‍ഡ്യാ സഖ്യം ഒന്നിച്ചിരുന്ന് തുടര്‍നടപടി തീരുമാനിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.
അതിനിടെ, ബിഹാറില്‍ മന്ത്രിസഭാ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കുന്നതില്‍ ബിഹാര്‍ ബി.ജെ.പിയില്‍ വിയോജിപ്പ് ഉണ്ടെന്നാണ് സൂചന. എന്നാല്‍ പരസ്യ പ്രതികരണങ്ങള്‍ ഉണ്ടാകരുതെന്ന് കേന്ദ്രം സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
the election commission dismissed opposition claims of extra votes in the bihar elections, stating that all voting records were accurate and transparent.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."