കെ.എം മാണിയുടെ ആത്മകഥ പ്രകാശനം ചെയ്തു; പറയാത്ത കാര്യങ്ങളാണ് പുസ്തകത്തിലുള്ളതെന്ന് ചെന്നിത്തല
തിരുവനന്തപുരം: എതിര്‍ മുന്നണി പോലും ചെയ്യാത്ത കാര്യങ്ങളാണ് കെ.എം മാണിക്ക് സ്വന്തം മുന്നണിയില്‍ നിന്ന് നേരിടേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.എം മാണിയുടെ ആത്മകഥ പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ബാര്‍ കോഴക്കേസില്‍ തന്നെ പെടുത്താന്‍ രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചുവെന്നാണ് മാണി ആത്മകഥയില്‍ പറയുന്നത്. മാണി പറയാത്ത കാര്യങ്ങളാണ് പുസ്തകത്തിലുള്ളതെന്ന് രമേശ് ചെന്നിത്തല മറുപടി നല്‍കി.
ബാര്‍ കോഴ കേസില്‍ തനിക്കെതിരെ വിജിലന്‍സ് അന്വേഷണം വരാനുള്ള കാരണം രമേശ് ചെന്നിത്തല ആണെന്നാണ് ആത്മകഥയില്‍ കെ.എം മാണി ആരോപിക്കുന്നത്. അതിന് ആധാരമായി കെ.എം മാണി പറയുന്നത് ഇപ്രകാരമാണ്. ചെന്നിത്തലയെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കോണ്‍ഗ്രസ് നേതാവ് തന്നെ സമീപിച്ചു. താന്‍ അതിനു വില കല്‍പ്പിച്ചില്ല. ഇതോടെ തനിക്കെതിരായ ഒരു വടിയായി ബാര്‍കോഴ ആരോപണത്തെ രമേശ് ചെന്നിത്തല കണ്ടു'… ഇത്തിരി വെള്ളം കുടിക്കട്ടെ, ഒരു പാഠം പഠിക്കട്ടെ' എന്ന് രമേശ് മനസ്സില്‍ കണ്ടിരിക്കാം എന്നാണ് കെ. എം മാണി ആത്മകഥയില്‍ പറയുന്നത്.. ഇത് ഉദ്ദേശിച്ചാണ് ആത്മകഥ പ്രകാശനം ചെയ്ത മുഖ്യമന്ത്രി വിമര്‍ശനം ഉയര്‍ത്തിയത്.
മാണി സാര്‍ പറയാത്ത കാര്യങ്ങളാണ് പുസ്തകത്തിലുള്ളത്, ഞാനും പുസ്‌കതമെഴുതും അതില്‍ എല്ലാം ഉണ്ടാകുമെന്നുമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. രാഷ്ട്രീയത്തിലിറങ്ങാന്‍ കെ.എം മാണി തന്നെ നിര്‍ബന്ധിച്ചിരുന്നുവെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജേസഫ് പറഞ്ഞു. യുഡിഎഫില്‍ നിന്ന് കുഞ്ഞാലിക്കുട്ടിക്ക് മാത്രമായിരുന്നു പരിപാടിയിലേക്ക് ക്ഷണം ലഭിച്ചത്.
1975ല്‍ രാജ്യത്താകെ ഏര്‍പ്പെടുത്തിയ അടിയന്താരവസ്ഥയ്ക്ക് ശേഷം കേരളത്തിലെ മുന്നണിയില്‍ ഉണ്ടായ പ്രശ്‌നങ്ങളും മാറ്റങ്ങളും കെ എം മാണി ആത്മകഥയില്‍ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആരെയും വേദനിപ്പിക്കാതിരിക്കാന്‍ ആത്മകഥയെഴുതുമ്പോള്‍ കെ എം മാണി ശ്രദ്ധിച്ചിരുന്നുവെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. നിയമസഭാ മന്ദിരത്തിലുള്ള ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വച്ചാണ് 500ഓളം പേജുകളുള്ള 'ആത്മകഥ' പ്രകാശനം നടന്നത്.
കെ.എം മാണിയുടെ ആത്മകഥ പ്രകാശനം ചെയ്തു; പറയാത്ത കാര്യങ്ങളാണ് പുസ്തകത്തിലുള്ളതെന്ന് ചെന്നിത്തല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."