ബിഹാർ ഇന്ത്യയോട് പറയുന്നത്
എ.പി കുഞ്ഞാമു
ഈ വരികൾ അച്ചടിച്ചു വരുമ്പോഴേക്ക് നിതീഷ് കുമാർ നിലവിലുള്ള ബിഹാർ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുകയും ബി.ജെ.പി-ജെ.ഡി.യു കൂട്ടുമന്ത്രിസഭയുണ്ടാക്കി വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കുകയും ചെയ്തുകഴിഞ്ഞിരിക്കും. അങ്ങനെ ഉണ്ടായില്ലെങ്കിൽത്തന്നെ ഏതാനും ദിവസങ്ങൾക്കുള്ളിൽ അതു സംഭവിക്കാനാണ് സകല സാധ്യതയും. മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയാവുന്ന ഈ പ്രതിഭാസം നിതീഷിന്റെ രാഷ്ട്രീയ ചാഞ്ചാട്ടങ്ങൾ അറിയാവുന്നവർക്ക് ഒരിക്കലും അതിശയമല്ല.
ഇൻഡ്യാ മുന്നണിക്ക് അത് വലിയ പരുക്കേൽപ്പിക്കുമെന്നും മുന്നണിയുടെ മനോവീര്യം തകരുന്നതിനുപോലും അതുവഴിവയ്ക്കുമെന്നുമുള്ള കാര്യവും ഊഹിക്കാവുന്നതാണ്. എന്നാൽ നിതീഷ് അതേക്കുറിച്ചൊന്നും ഓർക്കുന്നുണ്ടാവില്ല. സിംഹം ജനിക്കുന്നതുതന്നെ ജയിക്കാനാണെന്നും പരാജയപ്പെടുന്നത് ആരൊക്കെയാണെന്നു സിംഹം ഗൗനിക്കാറില്ലെന്നും പറഞ്ഞതുപോലെയാണ് അദ്ദേഹത്തിന്റെ സ്ഥിതി-തന്റെ അധികാരമുറപ്പിക്കുക. നിതീഷിന്റെ സോഷ്യലിസവും മതേതരത്വവും ദേശീയബോധവും ജാതി വികാരവുമൊന്നും അതിനപ്പുറത്തേക്ക് കടക്കുകയില്ല.
എന്നാൽ നിതീഷ് കുമാറിന്റെ അധികാരതാൽപര്യങ്ങൾ എന്ന വിഷയമാക്കി സാമാന്യവൽക്കരിച്ച് ഈ കൂടുവിട്ടു കൂടുമാറലിനെ പ്രായോഗിക രാഷ്ട്രീയത്തിന്റെ സങ്കുചിതത്വത്തിലേക്ക് ചുരുക്കിക്കളയാമോ? ഒരിക്കലും വയ്യ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയിലേത്. ഈ വ്യവസ്ഥയുടെ അധികാരപക്ഷത്ത് ഇന്നുള്ള ബി.ജെ.പി തികഞ്ഞ രാഷ്ട്രീയ കൃത്യതയോടെയാണ് ജനങ്ങളെ അഭിമുഖീകരിക്കുന്നത്. ആധുനിക കാഴ്ചപ്പാടനുസരിച്ച് ആലോചിച്ചാൽ പ്രതിലോമപരമാണത്.
എന്നാൽ ഇതിന് കൃത്യമായ ആശയ പിൻബലമുണ്ട്. എന്നാൽ പ്രതിപക്ഷമാകട്ടെ, തീവ്രഹിന്ദുത്വ ആശയങ്ങളെ എങ്ങനെ പ്രതിരോധിക്കണമെന്ന കാര്യത്തിൽ കൃത്യതയില്ലാതെ ഇരുട്ടിൽ തപ്പുകയാണ്. ഹിന്ദു തീവ്രത/മതേതര ലിബറൽ ചിന്ത എന്നീ ദ്വന്ദങ്ങളുടെ ഏറ്റുമുട്ടലിൽ മതേതരത്വത്തിന്റെ തോൽവി അടയാളപ്പെടുത്തുന്ന ആശയതലങ്ങൾ നിതീഷ് കുമാർ സംഭവത്തിലുണ്ട്. ഇന്ത്യയിലെ മതേതര രാഷ്ട്രീയത്തെ ജാഗ്രത്താക്കി നിർത്തേണ്ട ഇവിടുത്തെ സോഷ്യലിസ്റ്റ് ചിന്ത കാലക്രമേണ ഹിന്ദുത്വ ഫാസിസത്തോട് രാജിയാവുകയും പിന്നീട് അതിൽ വിലയംകൊള്ളുകയും ചെയ്യുന്നു എന്ന മഹാദുരന്തത്തിന്റെ പ്രകടിത രൂപമാണിത്.
ആദ്യം സോഷ്യലിസ്റ്റ് രാഷ്ട്രീയം പല കാലത്തും പലേടത്തും പലതരത്തിൽ ജാതിയുടെ ചട്ടക്കൂട്ടിലേക്ക് ഒതുങ്ങി. ഫലത്തിൽ പിന്നോക്ക ജാതിക്കാരെ കൂട്ടത്തോടെ സംഘ്പരിവാറിലേക്ക് ആട്ടിത്തെളിക്കുന്ന പിന്തിരിപ്പൻ രാഷ്ട്രീയം സംജാതമാവുകയും ചെയ്തു. സംഘ്പരിവാറിന്റെ ബലം പിന്നോക്കജാതിക്കാരാണെന്ന് വന്നതെങ്ങനെയെന്ന സംഗതിയെ പ്രായോഗിക രാഷ്ട്രീയ മണ്ഡലത്തിലേക്ക് നീക്കിനിർത്തി മനസിലാക്കാനാവുകയില്ല. അതായത് നിതീഷ് കുമാറിന്റെ മലക്കം മറിച്ചിലുകൾക്ക് ചില താത്വിക മാനങ്ങളുമുണ്ട്.
പിഴവുകൾ എന്തെല്ലാം
ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രം വിശകലനം ചെയ്യുമ്പോൾ കോൺഗ്രസ് ആശയധാരക്ക് സമാന്തരമായി സോഷ്യലിസ്റ്റ് ചിന്തകൂടി ഉയർന്നുവരികയും പ്രബലമാവുകയും ചെയ്തത് കാണാനാവും. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ രൂപപ്പെട്ടുവന്ന ഈ ബദൽധാരയിൽപെട്ട കുറച്ചുപേർ മാത്രമേ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളിലേക്ക് നീങ്ങിയുള്ളു. ചുരുങ്ങിയ പ്രദേശങ്ങളിൽ മാത്രമേ പാർട്ടി ശക്തി പ്രാപിച്ചുമുള്ളൂ. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷമുള്ള ആദ്യ വർഷങ്ങളിൽ സോഷ്യലിസ്റ്റ് പാർട്ടിക്കായിരുന്നു പ്രാമുഖ്യം.
റാം മനോഹർ ലോഹ്യ, ജയപ്രകാശ് നാരായൺ തുടങ്ങിയവരിൽ രാജ്യത്തിന് വലിയ പ്രതീക്ഷകളുമുണ്ടായിരുന്നു. നെഹ്റുവിന് പകരമാര് എന്ന ചോദ്യത്തിന്ന് ജെ.പിയുടെയും ലോഹ്യയുടെയുമൊക്കെ പേരുകൾ ഗൗരവത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ ചർച്ച ചെയ്തത്. ഈ രണ്ടുപേർക്കും പറ്റിയ പിഴവുകളിൽനിന്നുതന്നെയാണ് ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഏറ്റെടുത്തു നടത്തേണ്ടിയിരുന്ന പ്രതിപക്ഷ ധർമത്തിന് പാളിച്ചകൾ സംഭവിച്ചത്. ഈ പാളിച്ചകളാണ് പ്രതിപക്ഷം ഇരിക്കേണ്ട സെന്റർ സ്റ്റേജിലേക്ക് കടന്നുവരാൻ ഹിന്ദുത്വ തീവ്രവാദത്തിന് പരോക്ഷമായെങ്കിലും വഴിയൊരുക്കിയത്. നെഹ്റുവിന്റെ കീഴിൽ കോൺഗ്രസ് മുന്നോട്ടുവച്ച സാമ്പത്തികവ്യവസ്ഥയെ ലോഹ്യയും കൂട്ടരും വിട്ടുവീഴ്ചയില്ലാതെ എതിർത്തു.
നെഹ്റുവിയൻ സോഷ്യലിസം കടുത്ത പരാജയമാണെന്ന് ലോഹ്യ വാദിച്ചു. ആശയപരമായി നെഹ്റുവിനെ എതിർക്കുന്നതിലേറെ വ്യക്തിപരമായി വിമർശിക്കുന്നതിനാണ് അദ്ദേഹം പലപ്പോഴും താൽപര്യം കാണിച്ചത്. ഈ നെഹ്റുവിരോധം ഉത്തരേന്ത്യൻ ഹിന്ദി ബെൽറ്റിൽ നെഹ്റുവും കോൺഗ്രസും കൊണ്ടുവരുന്ന എല്ലാറ്റിനെയും അവമതിക്കുന്ന സ്ഥിതിയിലേക്ക് മാറി. കോൺഗ്രസ് വിരോധം കൊണ്ട് കുത്തിയിളക്കിയിട്ട ഈ മണ്ണിൽ വേരിറക്കാൻ ഹിന്ദുത്വ ആശയങ്ങൾക്ക് സ്വാഭാവികമായും എളുപ്പമുണ്ടായിരുന്നു.
നെഹ്റുവിന്റെ പാശ്ചാത്യവൽകൃത ലിബറലിസത്തേക്കാൾ ഹിന്ദിഭാഷയിലും ഇന്ത്യൻ മൂല്യങ്ങളിലും കേന്ദ്രീകരിച്ചുനിൽക്കുന്ന രാഷ്ട്രീയദർശനമാണ് ഡോ. ലോഹ്യ മുന്നോട്ടുവച്ചത്. ഈ ദർശനത്തെ തങ്ങളുടെ സങ്കുചിത മതചിന്തയുമായും സങ്കുചിത ദേശീയബോധവുമായും ചേർത്തുവച്ചു മുതലെടുക്കാൻ ഹിന്ദുത്വരാഷ്ട്രീയത്തിന് എളുപ്പത്തിൽ സാധിച്ചു. നിതീഷ് കുമാറിന്റെ സോഷ്യലിസ്റ്റ് ചിന്ത ബി.ജെ.പിയോട് കൂട്ടുചേരുന്നതിൽ ഇതിന്റെ അനുരണനങ്ങൾ കാണാം.
ഹിന്ദുത്വ രാഷ്ട്രീയത്തിന് മാന്യതയുണ്ടാക്കിക്കൊടുക്കുന്നതിൽ ജയപ്രകാശ് നാരായണന്റെ ഒരു ഹിസ്റ്റോറിക്ക് ബ്ലണ്ടറും പങ്കുവഹിച്ചിട്ടുണ്ട്.
സോഷ്യലിസത്തിന്റെ പാത കൈവെടിഞ്ഞ് ഗാന്ധിയൻ മാർഗം (കേരളത്തിൽ കെ. കേളപ്പനെപ്പോലെ) കൈക്കൊണ്ട ജെ.പിയുടെ സമ്പൂർണ വിപ്ലവം ഹിന്ദുത്വ ആശയങ്ങളെ ഏറെ ആശ്രയിച്ചു കൊണ്ടാണ് മുന്നോട്ടുനീങ്ങിയത്. അടിയന്തരാവസ്ഥക്കെതിരായി നടത്തിയ പ്രക്ഷോഭങ്ങളിൽ ആർ.എസ്.എസുമായി ജെ.പി കൂട്ടുചേർന്നത് അവർക്ക് വളരെയധികം സ്വീകാര്യതയുണ്ടാക്കിക്കൊടുത്തു.
പരോക്ഷമായെങ്കിലും അത് തീവ്ര ഹിന്ദുത്വത്തിന് പിടിവള്ളിയൊരുക്കിക്കൊടുക്കുകയാണ് ചെയ്തത്. എഴുപതുകളുടെ ആദ്യത്തിൽ ജെ.പിയുടെ അനുയായി ആയിട്ടാണ് നിതീഷ് കുമാറിന്റെ രാഷ്ട്രീയപ്രവേശനമെന്നുകൂടി ഓർക്കുക. ഹിന്ദുവംശാഭിമാനബോധത്തെ വിട്ടുവീഴ്ചയില്ലാതെ എതിർക്കുന്ന സോഷ്യലിസ്റ്റായിട്ടല്ല നിതീഷിന്റെ തുടക്കം. അദ്ദേഹം കുർമിയും ഹിന്ദുവുമൊക്കെ ആയിക്കൊണ്ട് തന്നെയായിരിക്കണം സ്വന്തം രാഷ്ട്രീയബോധം രൂപപ്പെടുത്തിയിരിക്കുക.
ബിഹാറിൽ സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് അടിത്തറ പാകിയ മറ്റൊരു വലിയ നേതാവാണ് ഇക്കഴിഞ്ഞ ദിവസം മോദിസർക്കാർ ഭാരതരത്ന പുരസ്കാരം നൽകി ആദരിച്ച കർപ്പൂരി താക്കൂർ. രണ്ടുതവണ അദ്ദേഹം ബിഹാർ മുഖ്യമന്ത്രിയായിട്ടുണ്ട്. ജനസംഘവുമായി കൂട്ടുചേർന്നുകൊണ്ടായിരുന്നു താക്കൂറിന്റെ ഭരണം. നിതീഷ് കുമാറിൻ്റെ ബി.ജെ.പി ബാന്ധവത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ ഇത്തരം ചിലതെല്ലാം കണ്ടെത്തിയേക്കാം എന്നുകൂടി ഓർക്കാവുന്നതാണ്.
ജോർജ് ഫർണാണ്ടസിൻ്റെ പാരമ്പര്യം
ഇങ്ങനെയൊക്കെയാണെങ്കിലും നിതീഷ് കുമാർ എന്ന കറകളഞ്ഞ ‘സോഷ്യലിസ്റ്റി’ന് എങ്ങനെ ഇത്രയും ഉളുപ്പില്ലാതെ ബി.ജെ.പിയോടൊപ്പം ചേരാൻ കഴിയുന്നു എന്ന് സംശയിക്കുന്ന ശുദ്ധാത്മാക്കൾ ഇപ്പോഴുമുണ്ട്. അവർക്കുള്ള മറുപടി നിതീഷിന്റെ നേതാവും സഹചാരിയുമായിരുന്ന ജോർജ് ഫർണാണ്ടസിന്റെ ജീവിതമാണ്. നിതീഷിന്റെ പാർട്ടിയായ ജനതാദൾ യുനൈറ്റഡിന്റെ പൂർവരൂപമായിരുന്നു സമതാപാർട്ടി. ജോർജ് ഫർണാണ്ടസിന്റെ നേതൃത്വത്തിൽ സമതാ പാർട്ടിയുണ്ടാക്കിയപ്പോൾ നിതീഷും കൂടെയുണ്ടായിരുന്നു. കടുത്ത സോഷ്യലിസ്റ്റുകൾ. വലിയ ആദർശശാലികൾ. രണ്ടുപേരും ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ എൻ.ഡി.എയിൽ ചേർന്നു കേന്ദ്രമന്ത്രിമാരായി.
ജോർജ് ഫർണാണ്ടസ് ഹിന്ദുത്വഭീകരതയുടെ കൊടുംക്രൂരതകളെ ന്യായീകരിച്ചത് എത്രത്തോളമെന്ന് ആലോചിച്ചാൽ നിതീഷിന്റെ ഫാസിസ്റ്റ് ചായ് വിൽ ഏറെയൊന്നും അത്ഭുതപ്പെടാനുണ്ടാവുകയില്ല. ആരായിരുന്നു ഫർണാണ്ടസ്? മുംബൈയിലെ കിരീടം വയ്ക്കാത്ത തൊഴിലാളി രാജാവ്. ഐതിഹാസിക റെയിൽവേ സമരത്തിന്റെ നായകൻ. അടിയന്തരാവസ്ഥക്കാലത്തെ പ്രശസ്ത ബറോഡാ ഡൈനാമിറ്റ് ഗൂഢാലോചനക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് തിഹാർ ജയിലിലടക്കപ്പെട്ട വിപ്ലവകാരി.
ഇന്ത്യൻ യുവതയുടെ ആവേശമായിരുന്നു ഒരു കാലത്ത് അദ്ദേഹം. പക്ഷേ ഗുജറാത്ത് വംശഹത്യയിൽ ഉണ്ടായ ഭീകരതകളെ അന്ന് എൻ.ഡി.എ സർക്കാരിൽ പ്രതിരോധമന്ത്രിയായിരുന്ന അദ്ദേഹം പാർലമെന്റിൽ ന്യായീകരിച്ചത് ഇങ്ങനെയായിരുന്നു:
‘ഗുജറാത്തിൽ അഴിച്ചുവിടപ്പെട്ട കുഴപ്പങ്ങളിലൊന്നും ഒരു പുതുമയുമില്ല. ഒരു ഗർഭിണിയുടെ വയറു പിളർത്തി, അമ്മയുടെ കൺമുൻപിൽവച്ച് ഒരു മകൾ ബലാത്സംഗം ചെയ്യപ്പെട്ടു - ഇതൊന്നും പുതിയ കാര്യമല്ല. അമ്പത്തിനാലു കൊല്ലമായി ഇന്ത്യയിൽ നടക്കുന്നതാണ് ഇതൊക്കെ’. അധികാര രാഷ്ട്രീയം ആളുകളെ എങ്ങനെ മാറ്റിക്കളയും എന്നതിന്റെ പ്രകടമായ ഉദാഹരണമായിരുന്നു ഈ പ്രസ്താവനയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ(എഴുത്തുകാരനും സാമൂഹിക ചിന്തകനുമായ ഹർഷ് മാന്ദർ LookingAway എന്ന കൃതിയിൽ ഇതേപ്പറ്റി എഴുതിയിട്ടുണ്ട്).
നിതീഷ് കുമാറോ ജോർജ് ഫർണാണ്ടസോ മാത്രം ഉത്തരം പറയേണ്ട വിഷയങ്ങളല്ല ഇതൊന്നും. ബിഹാറിലെ രാഷ്ട്രീയ മാറ്റങ്ങൾ നമ്മോട് പറയുന്ന കാര്യങ്ങൾ മാത്രവുമല്ല. നമ്മുടെ മതേതരബോധവും ലോകവീക്ഷണവുമൊക്കെ കഴിഞ്ഞ മൂന്നോ നാലോ പതിറ്റാണ്ടുകൾക്കുള്ളിൽ എത്രമാത്രം മാറിപ്പോയി എന്നതിന്റെ പ്രകടിത രൂപങ്ങളാണവ. നമ്മുടെ മീഡിയ എത്രമാത്രം മാറി! ജുഡിഷ്യറി എത്രമാത്രം മാറി!
പൊതുബോധം എത്രമാത്രം മാറി! 1992ൽ ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ അത് രാജ്യത്തിനേറ്റ നാണക്കേടെന്നും ലജ്ജാകരമായ അനുഭവമെന്നും റിപ്പോർട്ട് ചെയ്ത പത്രങ്ങൾ നാലഞ്ചുദിവസം മുമ്പ് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടന്നപ്പോൾ വിജൃംഭിതേന്ദ്രിയങ്ങളുമായി അതാഘോഷിച്ചു പുളകം കൊള്ളുകയാണല്ലോ ഉണ്ടായത്. അതിനാൽ നിതീഷ്കുമാറിന്റെ മറുകണ്ടം ചാടലിനെ അധികാരത്തോടുള്ള ആർത്തിയുടെ സാക്ഷാത്ക്കാരമായി മാത്രം ലഘൂകരിക്കേണ്ട. അതിൽ രാജ്യം, രാജ്യത്തിന്റെ പൊതുബോധം, നമ്മുടെ മതേതരത്വം - എല്ലാം കടന്നുപോയിക്കൊണ്ടിരിക്കുന്ന അവസ്ഥാന്തരങ്ങളുടെ കൃത്യമായ ചിത്രങ്ങളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."