ഫ്രാന്‍സിന്റെ പ്രിയപ്പെട്ട ഇസ്ലാം
സാദിഖ് ഫൈസി താനൂർ
1526 ഫെബ്രുവരി 1. ഇസ്താംബൂളിലെ കൊട്ടാരത്തില്‍ വിശ്രമിച്ചിരിക്കുകയാണ് സുല്‍ത്വാന്‍ സുലൈമാനുല്‍ ഖാനൂനി. അപ്പോഴുണ്ട്, ഒരാള്‍ ഓടിക്കിതച്ചുവരുന്നു. ഫ്രഞ്ച് ചക്രവര്‍ത്തി ഫ്രാന്‍സിസ് ഒന്നാമന്റെ (1494-1547) പ്രിയപ്പെട്ട ദൂതനാണ്. പേര്, ജോണ്‍ ഫ്രാങ്കിപാനി. വലിയ സങ്കടത്തോടെയാണയാള്‍ വന്നിരിക്കുന്നത്. 1525ല്‍ നടന്ന പാവിയ യുദ്ധത്തില്‍ വിശുദ്ധ റോമാ സാമ്രാജ്യവും സ്‌പെയിനും ആസ്‌ത്രേലിയയും ചേര്‍ന്ന ഹബ്‌സ് ബര്‍ഗ് സഖ്യം ഫ്രാന്‍സിനെ പരാജയപ്പെടുത്തിയിരിക്കുന്നു. ചക്രവര്‍ത്തി ഫ്രാന്‍സിസ് ഒന്നാമനെ അവര്‍ യുദ്ധത്തടവുകാരനായി പിടിച്ചുകൊണ്ടുപോയി ജയിലില്‍ അടച്ചിരിക്കുന്നു. ഈ സങ്കടം സുല്‍ത്വാനെ നേരിട്ടു ബോധിപ്പിക്കാന്‍ ഫ്രാന്‍സിസ് ഒന്നാമന്റെ മാതാവ് കൊടുത്തയച്ച കത്തുമായിട്ടാണ് ദൂതന്‍ വന്നിട്ടുള്ളത്. ആരോരും രക്ഷിക്കാനില്ലാതെ കഷ്ടപ്പെടുന്ന തന്റെ മകനെ രക്ഷിക്കണമെന്ന് ആ മാതാവ് കണ്ണീരില്‍ചാലിച്ച മഷികൊണ്ട് എഴുതിയിരിക്കുന്നു. ആ കത്ത് വായിച്ച സുലൈമാന്റെ കണ്ണു നിറഞ്ഞു.
അദ്ദേഹം ഉടനെ മറുപടിയായി രണ്ടു കത്തുകള്‍ എഴുതി. ഒന്ന്, വന്ദ്യവയോധികയായ ആ മാതാവിനെ സാന്ത്വനിപ്പിച്ചുകൊണ്ട്. മറ്റൊന്ന്, തടവില്‍ കഴിയുന്ന ഫ്രാന്‍സിസ് ഒന്നാമന്.
രണ്ടാമത്തെ കത്ത് ഇങ്ങനെ: ഞാന്‍ സുല്‍ത്താന്മാരുടെ സുല്‍ത്താന്‍. പരമാധികാരികളുടെ പരമാധികാരി. ഭൂമുഖത്തെ രാജാക്കന്മാര്‍ക്ക് കിരീടങ്ങള്‍ വിതരണം ചെയ്യുന്നവന്‍. ഭൂമിയിലെ ദൈവത്തിന്റെ നിഴല്‍, മെഡിറ്ററേനിയന്‍ കടലിന്റെയും കരിങ്കടലിന്റെയും പരമാധികാരി. റുമേലിയ, അനറ്റോലിയ, റോമന്‍നാടുകള്‍, ദുല്‍കാദ്രിയ, ദിയാര്‍ബക്കീറി, കുര്‍ദിസ്ഥാനില്‍, അസര്‍ബൈജാന്‍, പേര്‍ഷ്യ, ഡമസ്‌കസ്, അലപ്പോ, കെയ്‌റോ, മക്ക, മദീന, ജറുസലേം, അറേബ്യ, യമന്‍, എന്നീ നാടുകള്‍ കീഴടക്കിത്തന്ന പൂര്‍വപിതാക്കന്മാരുടെ പിന്‍ഗാമി. ഞാന്‍, സുല്‍ത്താന്‍ ബാസിദ് ഖാന്റെ മകന്‍ സുല്‍ത്താന്‍ സലീം ഖാന്റെ മകന്‍ സുല്‍ത്താന്‍ സുലൈമാന്‍ ഖാന്‍:
ഫ്രാന്‍സ് പ്രവിശ്യയിലെ രാജാവായ ഫ്രാന്‍സെസ്‌കോ ആയ നിനക്ക്... പരമാധികാരികളുടെ അഭയകേന്ദ്രമായ എന്റെ സന്നിധാനത്തിലേക്ക് നീ അയച്ച കത്തുകിട്ടി. നിന്റെ വിശ്വസ്ത ദാസനായ ഫ്രാങ്കിപാനി അതെന്നെ ഏല്‍പ്പിച്ചിരിക്കുന്നു. ശത്രുക്കള്‍ നിങ്ങളുടെ രാജ്യം കീഴടക്കിയിട്ടുണ്ടെന്നും നിങ്ങള്‍ ഇപ്പോള്‍ തടവിലാണെന്നും ബന്ദിയാണെന്നും നിങ്ങള്‍ എന്നെ അറിയിച്ചു, നിങ്ങളുടെ മോചനത്തിനായി നിങ്ങള്‍ സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്.
ലോകത്തെ നിയന്ത്രിക്കുന്ന എന്റെ സിംഹാസനത്തിന്റെ ചുവട്ടില്‍വച്ചാണ് ഇതെല്ലാം. നിങ്ങളുടെ സാഹചര്യം ഞാന്‍ മനസിലാക്കുന്നു. ചക്രവര്‍ത്തിമാരെ പരാജയപ്പെടുത്തി ബന്ദികളാക്കുന്നതില്‍ അതിശയിക്കാനൊന്നുമില്ല. ആകയാല്‍ ധൈര്യമായിരിക്കുക, പരിഭ്രാന്തരാകരുത്. എന്റെ മഹാന്മാരായ മുന്‍ഗാമികള്‍ ശത്രുവിനെ തുരത്താനും അവന്റെ ദേശങ്ങള്‍ കീഴടക്കാനും യുദ്ധം ചെയ്യുന്നത് ഒരിക്കലും അവസാനിപ്പിച്ചിട്ടില്ല. നാം തന്നെ അവരുടെ കാല്‍ച്ചുവടുകള്‍ പിന്തുടര്‍ന്നു, വേണ്ടതുചെയ്യും. എല്ലായ്‌പ്പോഴും പ്രവിശ്യകളും കോട്ടകളും കീഴടക്കാന്‍ ഏറെ ദുഷ്‌കരമാണ്. പക്ഷേ, രാവും പകലും ഞങ്ങളുടെ കുതിരകള്‍ സജീവമാണ്. ഉന്നതമായ ദൈവം നീതിയെ പ്രോത്സാഹിപ്പിക്കട്ടെ! അവന്‍ ഉദ്ദേശിക്കുന്നതെന്തും സാധിക്കട്ടെ!'...
കത്തെഴുതിയ സുലൈമാന്‍ അടങ്ങിയിരുന്നില്ല. ഫ്രാന്‍സിസിനു നല്‍കിയ വാക്കുപാലിക്കാന്‍ ഒരുങ്ങിയിറങ്ങി. ഹങ്കറി, പോളണ്ട്, ജര്‍മനി, സ്‌പെയിന്‍, ഇറ്റലി, വിശുദ്ധ റോമാ സാമ്രാജ്യം, മാര്‍പാപ്പയുടെ പോപ്പല്‍ സ്‌റ്റേറ്റ്.... ഇവയെല്ലാം അടങ്ങിയതായിരുന്നു ഹബ്‌സ് ബര്‍ഗ് സഖ്യം. എന്നിട്ടും അവരെ ഒറ്റയ്ക്കു നേരിടാന്‍ തന്നെ സുലൈമാന്‍ തീരുമാനിച്ചു.
അങ്ങനെ 1526 ഓഗസ്റ്റ് 29ന് ഹങ്കറിയിലെ മെഹാക്കില്‍വച്ച് ഹബ്‌സ് ബര്‍ഗ് സഖ്യത്തെ പരാജയപ്പെടുത്തി. ഫ്രാന്‍സിസ് ഒന്നാമനെ മോചിപ്പിച്ചു. അതോടെ ഉസ്മാനികളുടെ പ്രിയ സഹോദരങ്ങളായി ഫ്രാന്‍സ് മാറി. ഇരുകൂട്ടരും ഏറ്റവും നല്ല സഖ്യത്തിലും സൗഹൃദത്തിലുമായി മാറി.
ഫ്രാന്‍സ് _ഉസ്മാനി സഖ്യത്തിന്റെ പേരില്‍ യൂറോപ്പിന്റെ ക്രൈസ്തവതയുടെ അധികാര കേന്ദ്രങ്ങള്‍, ക്രൈസ്തവ രാജ്യമായ ഫ്രാന്‍സിന് 'തെമ്മാടിക്കുഴി' വിധിച്ചു. ആ ബന്ധം യൂറോപ്പില്‍ ഉസ്മാനികളുടെയും ഇസ്‌ലാമിന്റെയും വേരോട്ടത്തിനും തേരോട്ടത്തിനും സഹായകമാകുന്നു എന്നതായിരുന്നു അവരുടെ പ്രശ്‌നം. എന്നാല്‍ ആ ബന്ധം ലോകത്തിനു മൊത്തത്തില്‍ തന്നെ നന്മയാണ് നല്‍കിയത്. ഇസ്‌ലാമിക ലോകത്തു വന്നു മുസ്‌ലിംകളുടെ ശാസ്ത്രീയ സംഭാവനകള്‍ പഠിച്ചുപകര്‍ത്താന്‍, ഫ്രഞ്ച് ശാസ്ത്രജ്ഞന്മാരായ ഗില്ലൂം പോസ്റ്റല്‍(1510-1581), പിയറി ബെലോണ്‍(1517-1564) തുടങ്ങിയവര്‍ക്ക് ഇത് അവസരമേകി. വിശ്വവിഖ്യാതനായ കോപ്പര്‍നിക്കസ് (1473- 1543) ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങള്‍ സ്ഥാപിക്കുന്ന സമയത്ത് അതിന് അദ്ദേഹത്തെ സഹായിച്ച,
നാസിറുദ്ദീന്‍ തൂസിയുടെ 'തൂസികപ്പിള്‍' ഉൾപ്പെടെയുള്ളവ മുസ്‌ലിം ലോകത്തുനിന്നു യൂറോപ്പിലേക്ക് എത്തുന്നത് അങ്ങനെയാണ്. ഏതായാലും ഉസ്മാനികളോടും മുസ്‌ലിംകളോടുമുള്ള ഫ്രാന്‍സിന്റെ ഈ സ്‌നേഹബന്ധം, 1798ല്‍ ഫ്രഞ്ച് ഭരണാധികാരി നെപ്പോളിയന്‍ (1769-1821) ഈജിപ്ത് അക്രമിക്കുന്നത് വരെ തുടര്‍ന്നു.
(Roger Bigelow Merriman: Suleiman the Magnificent 1520-1566 page: 130, William Miller: The Ottoman Empire and Its Successors, 1801-1927
Routledge, p.2)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."