കെ.പി.സി.സി പുനഃസംഘടന: സുധീരന് രാഹുലിനെ കാണും
തിരുവനന്തപുരം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കാണാന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് ഇന്നു ഡല്‍ഹിക്കു പോകും. കെ.പി.സി.സി പുനഃസംഘടനയേക്കുറിച്ച് രാഹുലുമായി ചര്‍ച്ച നടത്താനാണ് സുധീരന് പോകുന്നതെന്നാണു സൂചന.
രാഹുലിനെ ഒരു പരിപാടിക്കു ക്ഷണിക്കാനാണ് കൂടിക്കാഴ്ചയെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചയാണ് പ്രധാന ലക്ഷ്യമെന്ന് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് അറിയുന്നു. സംഘടനാ തെരഞ്ഞെടുപ്പിനു മുന്‍പ് കെ.പി.സി.സി പുനഃസംഘടിപ്പിക്കണമെന്ന് നേരത്തെ ഹൈക്കമാന്റ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുനഃസംഘടന വേണ്ടെന്നും സംഘടനാ തെരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്നുമാണ് എ, ഐ ഗ്രൂപ്പുകളുടെ നിലപാട്. പുനഃസംഘടന സംബന്ധിച്ച് രാഹുല്‍ ഒരാഴ്ച മുന്‍പ് സംസ്ഥാന നേതാക്കളുമായും സംസ്ഥാനത്തു നിന്നുള്ള പാര്‍ട്ടി എം.പിമാരുമായും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ വ്യക്തമായ ധാരണയില്‍ എത്തിയിരുന്നില്ല.
സുധീരനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ഇരു ഗ്രൂപ്പുകളും നേരത്തെ തന്നെ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തില്‍ നിന്ന് അവര്‍ പിറകോട്ടുപോയിട്ടില്ല. സുധീരന് പ്രസിഡന്റ് സ്ഥാനത്തിരുന്നുകൊണ്ടുള്ള ഒരു പുനഃസംഘടനയെ ശക്തമായി എതിര്‍ക്കുകയാണ് ഇരു ഗ്രൂപ്പുകളും. പുനഃസംഘടന നടക്കുകയാണെങ്കില്‍ അത് കെ.പി.സി.സി പ്രസിഡന്റ് പദവി മുതല്‍ വേണമെന്നാണ് അവരുടെ നിലപാട്. അല്ലാത്ത പക്ഷം നിലവിലെ സ്ഥിതിയില്‍ തന്നെ സംഘടനാ തെരഞ്ഞെടുപ്പിലേക്കു പോകണമെന്ന് അവര്‍ വാദിക്കുന്നു.
പുനഃസംഘടനയ്ക്കു പുറമേ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍ നിലനില്‍ക്കുന്ന ചേരിതിരിവുകളും ചര്‍ച്ചാവിഷയമാകും. കെ.എസ്.യു തെരഞ്ഞെടുപ്പിനു മുന്നോടിയായി ഗ്രൂപ്പ് തിരിഞ്ഞ് യോഗങ്ങളും കൂടിയാലോചനകളും നടക്കുന്ന കാര്യം സുധീരന് രാഹുലിന്റെ ശ്രദ്ധയില്‍ പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."