തമിഴ്‌നാട് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; ഡി.എം.കെ എം.എല്‍.എമാര്‍ക്ക് ഒരാഴ്ച സസ്‌പെന്‍ഷന്‍
ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് ഒരാഴ്ചത്തെ സസ്‌പെന്‍ഷന്‍. പ്രതിപക്ഷ നേതാവും ഡി.എം.കെ ഉപാധ്യക്ഷനുമായ എം.കെ സ്റ്റാലിനെ കളിയാക്കിയതിനെതുടര്‍ന്നു സഭയില്‍ ബഹളംവച്ചതിനാണ് മുഴുവന്‍ ഡി.എം.കെ പ്രതിനിധികളേയും സഭാനടപടികളില്‍ പങ്കെടുക്കുന്നതില്‍നിന്നു സ്പീക്കര്‍ പി. ധനപാല്‍ ഒരാഴ്ചത്തേക്കു വിലക്കിയത്.
സ്റ്റാലിന്‍ അടക്കമുള്ള എം.എല്‍.എമാരെ വാച്ച് ആന്‍ഡ് വാര്‍ഡുകള്‍ പൊക്കിയെടുത്ത് സഭയ്ക്കു പുറത്താക്കുകയായിരുന്നു. അണ്ണാ ഡി.എം.കെ തിരുപ്പൂര്‍ എം.എല്‍.എയായ ഗുണശേഖരന്‍ സ്റ്റാലിന്റെ ജനസമ്പര്‍ക്ക പരിപാടിയെ കളിയാക്കിയതോടെയാണ് സഭയില്‍ പ്രതിഷേധമുണ്ടായത്.
ഗുണശേഖരന്റെ പ്രസ്താവന സഭാരേഖകളില്‍നിന്നു നീക്കണമെന്നാവശ്യപ്പെട്ടു ഡി.എം.കെ അംഗങ്ങള്‍ തുടര്‍ച്ചയായി നടപടികള്‍ തടസപ്പെടുത്തി. ബഹളം നടക്കുമ്പോള്‍ സ്റ്റാലിന്‍ സഭയിലുണ്ടായിരുന്നില്ല. പിന്നീട് സഭയിലെത്തിയ അദ്ദേഹം പ്രതിഷേധവുമായി രംഗത്തുവന്നു.
പ്രതിഷേധത്തിനിടെ മോശം പരാമര്‍ശങ്ങള്‍ സ്റ്റാലിനും നടത്തി. ഇതു പിന്നീട് സ്പീക്കര്‍ രേഖകളില്‍നിന്നു നീക്കി. എന്നാല്‍, ഗുണശേഖരന്‍ സ്റ്റാലിന്റെ പേരെടുത്തു പറഞ്ഞില്ലെന്നും അതിനാല്‍ പ്രസ്താവന പിന്‍വലിക്കാനാകില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.
ഇതോടെ ഡി.എം.കെ അംഗങ്ങള്‍ ബഹളവുമായി നടുത്തളത്തിലിറങ്ങി. ശാന്തരാവാന്‍ സ്പീക്കര്‍ അഭ്യര്‍ഥിച്ചെങ്കിലും അംഗങ്ങള്‍ അടങ്ങിയില്ല. തുടര്‍ന്നു സ്പീക്കര്‍ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സഹായം തേടി ഡി.എം.കെ അംഗങ്ങളെ പുറത്താക്കുകയായിരുന്നു.
അംഗങ്ങളെ ഒരാഴ്ചത്തേക്കു പുറത്താക്കുന്നതിനുള്ള പ്രമേയം ധനമന്ത്രി ഒ. പനീര്‍ശെല്‍വം അവതരിപ്പിക്കുകയും ഇതു സഭ അംഗീകരിക്കുകയും ചെയ്തു. 234 അംഗ സഭയില്‍ ഡി.എം.കെയ്ക്ക് 89 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് എട്ട് അംഗങ്ങളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."