വിഖായ എന്ന വിസ്മയം
അലിവ് ചോര്‍ന്നുപോയ കാലമാണിതെന്ന് പൊതുവേ പറയാറുണ്ട്. സ്‌നേഹത്തിന്റെയും കരുതലിന്റെയും ഉറവകള്‍ വറ്റിപ്പോയെന്നും തിന്മ പെരുകുന്നുവെന്നുമുള്ള പരാതികളും പഴിവാക്കുകളും നമുക്കു ശീലമായി. പുതുതലമുറയെ ചൂണ്ടിയാണ് ഈ കുറ്റപ്പെടുത്തലുകളിലേറെയും. ‘എത്ര നിര്‍വികാരമിപ്പുതുതാം തലമുറ’ എന്ന് പതിറ്റാണ്ടുകള്‍ക്കുമുമ്പ് കുറിച്ചത് മലയാളത്തിന്റെ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്‍ ആണ്. അത്രമേല്‍ നിസംഗരോ സ്വാര്‍ഥരോ അക്രമോത്സുകരോ ആണോ പുതുതലമുറ?
അല്ലെന്നുതന്നെയാണ് ഇക്കാലത്തെ ചെറുപ്പക്കാര്‍ കര്‍മംകൊണ്ടും ചിന്തകൊണ്ടും സേവന സന്നദ്ധതകൊണ്ടും നമ്മോടു പറയുന്നത്. പുതുകാലത്തിന്റെ വിനിമയ സാധ്യതകളും സാങ്കേതികവിദ്യയുടെ നവീന വഴികളും കണ്ണടച്ചു തുറക്കുംമുമ്പ് അവര്‍ ഹൃദിസ്ഥമാക്കുന്നുവെന്നത് നേരാണ്. അതുവഴി സ്വയം നവീകരിക്കാനും അറിവിന്റെ പുതുവഴികള്‍ അടയാളപ്പെടുത്താനുമാണ് പലരും ശ്രമിക്കുന്നത്.
വഴിയോരത്ത് ഒരാള്‍ തളര്‍ന്നുവീണാല്‍ മൊബൈല്‍ ഫോണെടുത്ത് ആ ദൈന്യം പകര്‍ത്താനല്ല ഇക്കാലത്തെ മിക്ക കുട്ടികളും ഒരുമ്പെടുന്നത്. അയാളെ പിടിച്ചെഴുന്നേല്‍പ്പിക്കാനും വിശപ്പുസഹിക്കാതെ വീണുപോയതാണെങ്കില്‍ അന്നമൂട്ടാനും അസുഖം വീഴ്ത്തിയതാണെങ്കില്‍ ആശുപത്രിയിലെത്തിക്കാനും ചെറുപ്പക്കാര്‍ മുന്നിലുണ്ട്.
കേരളത്തിലെ ആശുപത്രികളിലെ ബ്ലഡ് ബാങ്കുകള്‍ക്കു മുന്നിലൂടെ നടന്നു നോക്കൂ; അവിടെയും കാണാം പ്രസരിപ്പാര്‍ന്ന മുഖത്തോടെ അനേകം യുവാക്കളെ. നയാപ്പൈസ പ്രതിഫലം കാംക്ഷിച്ചല്ല അമ്പതും നൂറും കിലോമീറ്റര്‍ താണ്ടി ഈ ചെറുപ്പക്കാര്‍, താന്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരാള്‍ക്ക് രക്തം പകുക്കാന്‍ കീശയില്‍നിന്ന് കാശ് മുടക്കി ആശുപത്രികളിലെത്തുന്നത്. ജാതിയോ മതമോ നിറമോ രാഷ്ട്രീയമോ ഒന്നും കരുണയുടെ ആ വഴിമുടക്കുന്നില്ല. ഒറ്റപ്പെട്ടതെന്ന് സാമാന്യവല്‍ക്കരിക്കേണ്ടതല്ല ഇത്തരം നന്മകളൊന്നും. തെരുവിലലയുന്നവരെ പുതുജീവിതത്തിലേക്ക് കൈപിടിക്കാന്‍ അവരുണ്ട്.
സഹപാഠിക്ക് അടച്ചുറപ്പുള്ളൊരു വീടില്ലെന്നറിഞ്ഞാല്‍ പിറ്റേന്ന് അവര്‍ തെരുവിലിറങ്ങും; കരുതലും കരുണയും ദം ഇട്ട ബിരിയാണിച്ചെമ്പുമായി. ആ ദം പൊട്ടിക്കുമ്പോള്‍ ചുറ്റിലും പരക്കുന്നത് നന്മയുടെ നറുഗന്ധം. ബിരിയാണി ചലഞ്ചിലൂടെ, പായസ ചലഞ്ചിലൂടെ അവര്‍ സഹപാഠിക്ക് മൊഞ്ചുള്ള വീടൊരുക്കുന്നു. നന്മ വറ്റാത്ത കേരളത്തിന് മാതൃകയാണ് ചുറുചുറുക്കുള്ള ഈ ചെറുപ്പക്കാര്‍. സമാശ്വസിപ്പിക്കാനും ചേര്‍ത്തുനിര്‍ത്താനും
ഒറ്റയ്ക്കും ചെറുകൂട്ടമായും ഇത്തരം ഒട്ടേറെപ്പേരെ ചുറ്റിലും കാണാം.
എന്നാല്‍ സാമൂഹിക ഉത്തരവാദിത്വം എന്ന നിലയില്‍ ആയിരക്കണക്കിന് യുവാക്കളെ സന്നദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് കൈപിടിക്കുന്ന ഒരു കൂട്ടം യുവാക്കൾ. ദുരന്തമുഖങ്ങളില്‍ നമുക്കവരെ കാണാം. ആശുപത്രി വരാന്തകളിലും അവരുണ്ട്. അപകടത്തില്‍ ചോരവാര്‍ന്ന് ഒരാള്‍ വഴിയില്‍ കിടന്നാല്‍ അയാളെ താങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കിയതിനുശേഷമേ ഈ സംഘടനയിലെ സന്നദ്ധ സേവകന്‍ തിരിച്ചുപോകുകയുള്ളൂ.
സമസ്ത കേരള ജംഇയതുൽ ഉലമയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധവിഭാഗം വിഖായ വളണ്ടിയര്‍മാരാണ് അവര്‍. പത്തോ നൂറോ അല്ല, പതിനായിരക്കണക്കിന് ചെറുപ്പക്കാരാണ് ഇത്തരത്തില്‍ സ്വയം സന്നദ്ധരായി സാമൂഹിക സേവനത്തിനിറങ്ങുന്നത്. ഒറ്റ ദിവസത്തേക്കോ പരിചിതവലയത്തില്‍ പെട്ട ഒന്നോ രണ്ടോ പേര്‍ക്കോ വേണ്ടിയുള്ളതല്ല വിഖായയുടെ സേവനപ്രവര്‍ത്തനങ്ങള്‍. സഹായം വേണ്ട എവിടെയും വിളിപ്പുറത്ത് അവരുണ്ട്. വിഖായ എന്ന അറബി വാക്കിന് സുരക്ഷ എന്നാണര്‍ഥം.
നിരത്തിലും പൊതു ഇടങ്ങളിലും സ്വന്തം വീട്ടില്‍ പോലും ഒറ്റപ്പെടുന്നവര്‍ക്ക് കരുതലും കരുത്തുമായി വിഖായ വളണ്ടിയര്‍മാരുണ്ട്. കേരളം ജലത്തിലാണ്ട രണ്ട് പ്രളയകാലത്തെ ദുരന്തമുഖത്തും ദുരിതാശ്വാസ ക്യാംപുകളിലും വിഖായ വളണ്ടിയര്‍മാര്‍ മുന്നിലുണ്ടായിരുന്നു. കൊവിഡ് മഹാമാരി നാടിനെ പിടിച്ചുലച്ചപ്പോള്‍, വീടുകളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് ഭക്ഷണവും മരുന്നും അതിലേറെ കരുതലുമായി അവരെത്തി.
പേരെടുക്കാനോ നാലാളെ അറിയിക്കാനോ വേണ്ടിയുള്ള ‘ഷോ’ ആയിരുന്നില്ല ഈ പ്രവര്‍ത്തനങ്ങളൊന്നും. നിശബ്ദവും കര്‍മോത്സുകവുമായിരുന്നു വിഖായയുടെ ഓരോ ചുവടും. സന്നദ്ധസേവനം പോലും ഇവന്റ് മനേജ്‌മെന്റ് കമ്പനികള്‍ക്ക് കാശുവാരാനുള്ള ഏര്‍പ്പാടാകുന്ന ഇക്കാലത്തുപോലും നിഷ്‌കാമകര്‍മികളാവുകയാണ് ഓരോ വിഖായ പ്രവര്‍ത്തകനും. അതിന്റെ വിളംബരമായിരുന്നു ജനുവരി 28ന് ബംഗളൂരുവില്‍ നടന്ന സമസ്ത നൂറാം വാര്‍ഷിക ഉദ്ഘാടന സമ്മേളനത്തിലെ പിഴവില്ലാത്ത നടത്തിപ്പും കഴിഞ്ഞദിവസം കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച എസ്.കെ.എസ്.എസ്.എഫിൻ്റെ 35ാം വാർഷിക സമ്മേളനമായ വീര്യം ചോരാത്ത സന്നദ്ധപ്രവര്‍ത്തനങ്ങളും.
ഒരാളെപ്പോലും മുഷിപ്പിക്കാതെ അത്രയേറെ അച്ചടക്കത്തോടെയായിരുന്നു ഓരോ വളണ്ടിയറും കര്‍മനിരതനായത്. സമ്മേളനം നടന്ന കോഴിക്കോട് ബീച്ചിലും സമാനകളില്ലാത്ത പ്രവര്‍ത്തനമായിരുന്നു വിഖായയുടേത്. ഗതാഗതനിയന്ത്രണവും ആള്‍ക്കൂട്ടത്തെ അച്ചടക്കവരിയില്‍ നിര്‍ത്തലുമൊക്ക മറ്റു സംഘടനകളിലും കാണാമെങ്കിലും സമാപനത്തോടെ പൂരം കഴിഞ്ഞ പൂരപ്പറമ്പു പോലെയാകും ആ പ്രദേശം. എന്നാല്‍ സമ്മേളനം സമാപിച്ചതിന്റെ പിറ്റേന്ന് ബീച്ചിലെത്തിയ ഒരാള്‍ക്കും അവിടെ അങ്ങനെയൊരു മഹാസമ്മേളനം നടന്നതിന്റെ പൊടിപോലും കാണാനാവുമായിരുന്നില്ല.
സമ്മേളനാനന്തരം നേതാക്കളും പ്രവര്‍ത്തകരുമൊക്കെ തിരിച്ചുപോയതോടെ ആയിരത്തിലേറെ വളണ്ടിയര്‍മാര്‍ കടപ്പുറത്തിറങ്ങുകയായിരുന്നു. ഒഴിഞ്ഞ വെള്ളക്കുപ്പികളും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും അവര്‍ തൂത്തുവാരി. സമ്മേളനത്തിനു മുമ്പ് എങ്ങനെയായിരുന്നോ കോഴിക്കോട്ടെ ബീച്ച് അതിലേറെ മനോഹരമാക്കിയാണ് അവസാന വിഖായ വിളണ്ടിയറും അവിടം വിട്ടത്. ദുരിതാശ്വാസപ്രവർത്തനവും ലഹരിവിരുദ്ധ കാംപയിനുകളും സർക്കാർ-സർക്കാരിതര സേവനങ്ങൾ ഉറപ്പാക്കലും ഇൗ സന്നദ്ധ സംഘത്തിൻ്റെ സേവനമേഖലയാണെന്ന് അറിയുമ്പോൾ ഇൗ ചെറുപ്പക്കാരോട് നമുക്ക് ആദരവ് കൂടുകയാണ്.
സമസ്ത അതിൻ്റെ പോഷകസംഘടനയ്ക്ക് നൽകിയ ഒരു സന്ദർഭത്തിൻ്റെ പ്രതിഫലനമാണ് ഇവിടെ നമ്മൾ കണ്ടത്. എന്നാൽ അവസരങ്ങൾ നിഷേധിക്കപ്പെട്ട് കരിഞ്ഞുണങ്ങുന്ന യൗവനങ്ങൾ നമുക്ക് ചുറ്റുമുണ്ട്. പുറംലോകത്തിൻ്റെ സൗന്ദര്യവും നോവും മനസിലാക്കാനാവാതെ നവകാല യന്ത്രങ്ങൾക്കും സാമൂഹികമാധ്യമങ്ങൾക്കും നടുവിൽ തളച്ചിടപ്പെടുന്ന ജീവിതങ്ങൾ. അവരെ ക്രിയാത്മകമായി സമൂഹത്തിന് എങ്ങനെ പ്രയോജനപ്പെടുത്താനാവുമെന്ന് രക്ഷിതാക്കളും സംഘടനകളും ആലോചിക്കേണ്ടതുണ്ട്. ആ വഴിക്കുള്ള ചൂണ്ടുവിരൽ മാത്രമാണ് വിഖായ എന്ന ചിഹ്നം; അടയാളം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."