കെ.പി.സി.സി സമരാഗ്‌നിക്ക് തുടക്കം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം
കാസര്‍കോട്: കെ.പി.സി.സിയുടെ ജനകീയ പ്രക്ഷോഭ യാത്രയായ സമരാഗ്‌നിക്ക് കാസര്‍കോട് തുടക്കം. കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമാണ് പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്നത്. വൈകിട്ട് കാസര്‍കോട് മുനിസിപ്പല്‍ മൈതാനത്ത് നടന്ന ചടങ്ങില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കെപിസിസിയുടെ സമരാഗ്‌നി പ്രക്ഷോഭ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. രാജ്യത്തെ 42 % ചെറുപ്പക്കാരും തൊഴിലില്ലായ്മ അനുഭവിക്കുകയാണെന്നും പത്ത് വര്‍ഷം കൊണ്ട് കര്‍ഷകര്‍ക്ക് ശരാശരി ഒരു ലക്ഷം രൂപയുടെ കടബാധ്യത വരുത്തിയെന്നും കെസി വേണുഗോപാല്‍ ഉദ്ഘാടന പ്രസംഗത്തില്‍ ആരോപിച്ചു.
എത്ര തവണ കേരളത്തില്‍ വന്നാലും തൃശൂര്‍ എടുക്കാമെന്ന മോഹം നടക്കില്ല. ജനങ്ങളെ വിഭജിക്കാനുള്ള ഗ്യാരണ്ടി മാത്രമാണ് മോദിയുടെ ഗ്യാരണ്ടി. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ ന്യായമായ എല്ലാ വിഷയങ്ങളിലും സംസ്ഥാന സര്‍ക്കാരുമായി സര്‍ക്കാരുമായി സഹകരിച്ചിട്ടുണ്ട്. എന്നാല്‍, ധൂര്‍ത്ത് നടത്താന്‍ വേണ്ടി ഇറങ്ങിയാല്‍ അംഗീകരിക്കില്ല. നരേന്ദ്ര മോദിക്ക് മുന്നില്‍ കവാത്ത് മറക്കുന്ന പിണറായി ഗവര്‍ണറോട് ഏറ്റ്മുട്ടി ശ്രദ്ധ തിരിക്കുകയാണ്. ബംഗാള്‍ മോഡലിലേക്ക് സി.പി.എമ്മിനെ കൊണ്ടെത്തിക്കാന്‍ ക്വട്ടേഷന്‍ എടുത്ത നേതാവാണ് പിണറായി വിജയനെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു. നാട് നില്‍ക്കണോ വേണ്ടയോ എന്നതാണ് ചോദ്യമെന്നും പിണറായിയുടെ ഏകാധിപത്യത്തിനും നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് ഭരണത്തിനും എതിരെയാണ് ഈ യാത്രയെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.
എസ്എന്‍സി ലാവലിന്‍ കേസ് എന്തായി? സ്വര്‍ണക്കടത്ത് എന്തായി? 14 അഴിമതി ആരോപണങ്ങള്‍ മുഖ്യമന്ത്രിക്ക് എതിരെ ഉയര്‍ന്നു വന്നു. അന്വേഷണം നടന്നിരുന്നു എങ്കില്‍ പിണറായി ജയിലില്‍ പോയേനെയെന്നും കെ സുധാകരന്‍ ആരോപിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 20 സീറ്റുകളില്‍ 20ഉം നേടിയെടുക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.
ഫാസിസവും കമ്മ്യൂണിസവും സന്ധി ചെയ്തത് രണ്ടാം ലോക മഹായുദ്ധത്തിലെ കറുത്ത എടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.ഇവിടെ മോഡിയും പിണറായിയും സന്ധി ചെയ്യുന്നു. കള്ളപ്പണ കേസിലും സ്വര്‍ണക്കടത്തിലും ലൈഫ് കേസിലും പിണറായിയെ മോദി സഹായിച്ചപ്പോള്‍ കുഴല്‍പണ കേസില്‍ തിരിച്ച് സഹായിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ ഇരുപത് സീറ്റുകളും നേടാന്‍ പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്യണമെന്നും വിഡി സതീശന്‍ പറഞ്ഞു.
കെ.പി.സി.സി സമരാഗ്‌നിക്ക് തുടക്കം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."