മദ്യപാനത്തിനിടെ തർക്കം: തിരുവനന്തപുരത്ത് രണ്ടുപേർക്ക് കുത്തേറ്റു, ഒരാൾ കൊല്ലപ്പെട്ടു
മദ്യപാനത്തിനിടെ തർക്കം: തിരുവനന്തപുരത്ത് രണ്ടുപേർക്ക് കുത്തേറ്റു, ഒരാൾ കൊല്ലപ്പെട്ടു
തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് മലയിൻകീഴിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മറ്റൊരാൾക്കും കുത്തേറ്റു. കരിങ്കാട്ടുകോണം സ്വദേശി ശരത്താണ് കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അഖിലേഷിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്. സംഭവത്തിൽ മൂന്ന് പേരെ പൊലിസ് പിടികൂടിയിട്ടുണ്ട്.
ഇന്നലെ രാത്രി 11.30 യോടെയാണ് സംഭവം. ശരത്തിനെയും അഖിലേഷിനെയും മദ്യക്കുപ്പി പൊട്ടിച്ച് കുത്തുകയായിരുന്നു. അരുൺ, സോളമൻ, അനീഷ് എന്നിവരാണ് ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ മൂന്ന് പേരും പൊലിസ് കസ്റ്റഡിയിലാണ്. രാജേഷ് എന്നയാളുമായി ഇവർ മൂന്ന് പേരും തമ്മിലുണ്ടായ തല്ല് പിടിച്ചുമാറ്റാൻ ചെന്നവർക്കാണ് കുത്തേറ്റതെന്നാണ് വിവരം.
അരുൺ, സോളമൻ, അനീഷ് എന്നിവര്‍ മദ്യപിക്കുന്ന സ്ഥലത്തേക്ക് രാജേഷ് എന്നയാൾ എത്തിയതാണ് തുടക്കം. ഇവിടെ അടുത്തുള്ള ക്ഷേത്രത്തിൽ ഒരു വര്‍ഷം മുൻപ് മൈക്ക് സെറ്റ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് രാജേഷുമായുണ്ടായിരുന്ന തര്‍ക്കം വീണ്ടും ചര്‍ച്ചയായി. മദ്യ ലഹരിയിലായിരുന്ന പ്രതികൾ രാജേഷിനെ ആക്രമിച്ചു. ഈ സമയത്താണ് ശരതും അഖിലേഷും ഇവിടേക്ക് എത്തിയത്. രാജേഷിനെ മര്‍ദ്ദിക്കുന്നത് തടയാനായിരുന്നു ശരത്തിന്റെയും അഖിലേഷിന്റെയും ശ്രമം.
ഇതിനിടെ പ്രതികൾ ബിയര്‍ കുപ്പ് പൊട്ടിച്ച് ശരതിനെയും അഖിലേഷിനെയും കുത്തുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് തന്നെ ശരത് മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. അഖിലേഷ് അത്യാസന്ന നിലയിലാണ്. രാജേഷിന് സാരമായ പരിക്കുകളില്ലെന്നാണ് ലഭിക്കുന്ന വിവരം. കസ്റ്റഡിയിലെടുത്തവരെ പൊലിസ് ചോദ്യം ചെയ്തുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."