തൃപ്പൂണിത്തുറ പടക്ക സ്‌ഫോടനത്തിൽ ഒരു മരണം; പടക്കശാലക്ക് പൊലിസ് അനുമതിയില്ല, നിരവധിപേർ ചികിത്സയിൽ
തൃപ്പൂണിത്തുറ പടക്ക സ്‌ഫോടനത്തിൽ ഒരു മരണം; പടക്കശാലക്ക് പൊലിസ് അനുമതിയില്ല, നിരവധിപേർ ചികിത്സയിൽ
കൊച്ചി: തൃപ്പൂണിത്തുറയിലുണ്ടായ പടക്ക സ്‌ഫോടനത്തിൽ ഒരു മരണം. പടക്കശാലയിൽ ജോലി ചെയ്തിരുന്ന വിഷ്ണു എന്ന
ആളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തിൽ നിന്നിറക്കുമ്പോൾ പൊട്ടിത്തെറിച്ചത്. അപകടത്തിൽ 12 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതമാണ്. മൂന്നു പേരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
തൃപ്പൂണിത്തുറയിൽ പുതിയകാവ് വടക്കുപുറം കരയോഗത്തിന്റെ ചൂരക്കാട്ടുള്ള പടക്കപ്പുരയിലാണ് സ്‌ഫോടനമുണ്ടായത്. ഇവിടെ പടക്കങ്ങൾ ഇറക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. എന്നാൽ ഇവിടെ പടക്കങ്ങൾ സൂക്ഷിക്കാൻ പൊലിസ് അനുമതി നൽകിയിരുന്നില്ല. അനുമതിക്കായി അപേക്ഷിച്ചിരുന്നെങ്കിലും നൽകിയിരുന്നില്ലെന്നാണ് പൊലിസ് അറിയിക്കുന്നത്. ജനവാസ മേഖലയിലാണ് പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്.
അപകടത്തിൽ 25 വീടുകൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ട്. തൊട്ടടുത്തുണ്ടായിരുന്ന പല വീടുകൾക്കും കാര്യമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്. ചില വീടുകൾ ഉപയോഗിക്കാൻ കഴിയാത്ത വിധം നാശമായതാണ് പ്രാഥമിക വിവരം. പല വീടുകളുടെയും ജനൽ ചില്ലുകളും ഓടുകളും തകർന്നിട്ടുണ്ട്. ചില വീടുകളിൽ ടൈൽസ് ഉൾപ്പെട തകർന്നതായി നാട്ടുകാർ പറയുന്നു. സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനം പൂർണമായും നശിച്ചു. മറ്റു ചില വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ട്.
ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളും വീടുകളുമെല്ലാമുള്ള സ്ഥലമാണ് ഇത്. വലിയ സ്ഫോടനമാണ് ഉണ്ടായിട്ടുള്ളതെന്ന് സമീപവാസികൾ പറയുന്നു. സമീപത്തെ ഒരു ധനകാര്യ സ്ഥാപനത്തിനും ഏതാനും കടകൾക്കും കേടുപാട് ഉണ്ടായിട്ടുണ്ട്. സ്ഫോടനാവശിഷ്ടങ്ങൾ 400 മീറ്റർ ദൂരെ വരെയുള്ള സ്ഥലത്തേക്ക് തെറിച്ച് വീണു. കിലോമീറ്റർ ദൂരേക്ക് വരെ സ്ഫോടന ശബ്ദം കേട്ടതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."