ജനാധിപത്യത്തിന് കരുത്തേകുന്ന ചരിത്രവിധി
കേന്ദ്രസര്‍ക്കാര്‍ 2018 ജനുവരിയില്‍ പാര്‍ലമെന്റില്‍ ധനബില്ല് രൂപത്തിൽ കൊണ്ടുവന്ന തെരഞ്ഞെടുപ്പ് കടപത്രം ഭരണഘടനാവിരുദ്ധമെന്ന് പരമോന്നത നീതിപീഠം വ്യക്തമാക്കിയിരിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് ഭരണഘടനയുടെ അനുഛേദം 19-_1_-എ നല്‍കുന്ന മൗലികാവകാശങ്ങളിലൊന്നായ അറിയാനുള്ള അവകാശത്തിന്റെ ലംഘനമായാണ് തെരഞ്ഞെടുപ്പ് കടപത്രത്തെ സുപ്രിംകോടതി കണ്ടത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആരാണ് പണം നല്‍കുന്നതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന സുപ്രധാന നിരീക്ഷണത്തോടെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ബി.ആര്‍ ഗവായ്, ജെ.ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി. തെരഞ്ഞെടുപ്പും ജനാധിപത്യസംവിധാനവും സമാനതകളില്ലാത്ത വെല്ലുവിളികള്‍ നേരിടുന്ന വര്‍ത്തമാനകാലത്ത് ഭരണഘടനാ സത്ത ഉള്‍ക്കൊള്ളുന്ന സുപ്രിംകോടതി വിധി എന്തുകൊണ്ടും ജനാധിപത്യത്തിന് കരുത്തു പകരുന്നതാണ്.
തെരഞ്ഞെടുപ്പ് കടപത്രത്തിലൂടെ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവനകള്‍ രഹസ്യമാക്കി വെക്കാനായി ആദായ നികുതി നിയമം, ജനപ്രാതിനിധ്യ നിയമം എന്നിവയില്‍ വരുത്തിയ ഭേദഗതികളും സുപ്രിംകോടതി റദ്ദാക്കിയിട്ടുണ്ട്. 2019 ഏപ്രില്‍ 12 മുതല്‍ കടപത്രത്തിലൂടെ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ നേടിയ പണത്തിന്റെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിക്കാനും 2024 മാര്‍ച്ച് 31നകം തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്‌സൈറ്റുകളില്‍ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2018 ജനുവരി 2 മുതലാണ് തെരഞ്ഞെടുപ്പ് കടപത്രത്തിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന സ്വീകരിക്കാമെന്നും സംഭാവന നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. സ്രോതസ് വെളിപ്പെടുത്താത്ത സംഭാവനകള്‍ക്ക് പൂര്‍ണമായും നികുതി ഇളവും ലഭിച്ചു. ജനപ്രാതിനിധ്യ നിയമത്തിന്റെ 29 എ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പ് കടപത്രം വഴി സംഭാവന സ്വീകരിക്കാന്‍ കഴിയുമായിരുന്നു. കടപത്രം വാങ്ങുന്ന വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പേരുവിവരങ്ങൾ, ബാങ്കോ സംഭാവന സ്വീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളോ വെളിപ്പെടുത്തില്ലെന്ന വ്യവസ്ഥയോടൊപ്പം പരിധിയില്ലാതെ കടപത്രം വാങ്ങാമെന്നും ധനബില്ല് വ്യവസ്ഥ ചെയ്തു.
തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഒഴുകുന്ന കള്ളപ്പണം തടയുക എന്ന അവകാശവാദത്തോടെയാണ് ബി.ജെ.പി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കടപത്രം കൊണ്ടുവന്നത്. എന്നാല്‍ സുതാര്യമല്ലാത്ത ഫണ്ട് വരവാണ് ഇതിലൂടെ ഉണ്ടായതെന്നാണ് പിന്നീടുണ്ടായ അനുഭവം. ഫലത്തില്‍ നിയമത്തിന്റെ വഴിയിലൂടെ കള്ളപ്പണം രാഷ്ട്രീയ പാര്‍ട്ടികളിലേക്കെത്താന്‍ കടപത്രം വഴിയൊരുക്കി. ഭരണകക്ഷിയുടെ ധനതാല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ് കടപത്രം കൊണ്ടുവന്നതെന്ന ആക്ഷേപം അക്കാലത്ത് ശക്തമായിരുന്നു. അത് വ്യക്തമാക്കുന്ന കണക്കുകളാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഈയിടെ പുറത്തുവിട്ടത്. 2018 മുതല്‍ 2022 വരെ തെരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ച കണക്കുകള്‍ പ്രകാരം ആകെ പുറത്തിറക്കിയ 16,000 കോടി രൂപ മൂല്യമുള്ള കടപത്രത്തിലെ 60 ശതമാനവും ലഭിച്ചത് ബി.ജെ.പിക്കാണ്. കടപത്രം വഴി രാജ്യത്തെ 30 ഓളം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആകെ ലഭിച്ച സംഭാവനകളുടെ മൂന്നിരട്ടിയാണ് ബി.ജെ.പിക്ക് ലഭിച്ചത്. എന്നാല്‍, ഇത്രയും ഭീമമായ തുക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആരാണ് നല്‍കിയതെന്നു മാത്രം രഹസ്യമാക്കപ്പെട്ടു.
തെരഞ്ഞെടുപ്പ് കടപത്രമെന്ന ആശയം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച ഘട്ടത്തില്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അതിലെ അപ്രായോഗികതയും വിവര സുതാര്യതയിലെ പ്രതിബന്ധങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, കമ്മിഷന്റെ ആശങ്കകളെ അവഗണിച്ചുകൊണ്ടാണ് മോദിസര്‍ക്കാര്‍ കടപത്രം കൊണ്ടുവന്നത്. തെരഞ്ഞെടുപ്പ് കടപത്രം റദ്ദാക്കിയ വിധി വന്നതിനു പിന്നാലെ പ്രതികരിച്ച മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ്.വൈ ഖുറേഷിയുടെ വാക്കുകളില്‍നിന്നുതന്നെ, ജനാധിപത്യത്തിന് ഏറ്റവും ഹാനികരമാകുന്ന നിയമനിര്‍മാണമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയതെന്ന് വ്യക്തമാണ്. രാഷ്ട്രീയപാര്‍ട്ടിക്ക് സംഭാവന നല്‍കുന്ന ദാതാവിന് രഹസ്യ സ്വഭാവം അനുവദിക്കുന്നത് തെരഞ്ഞെടുപ്പിന്റെ അടിസ്ഥാന അന്തസ്സത്തയ്ക്ക് നിരക്കുന്നതല്ലെന്നാണ് ഖുറേഷിയെ പോലുള്ളവര്‍ തുടക്കം മുതല്‍ പറഞ്ഞിരുന്നത്.
ഏഴു പതിറ്റാണ്ടു കാലത്തോളം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വലിയതോതില്‍ സംഭാവനകള്‍ നല്‍കിയ വ്യക്തികളും സ്ഥാപനങ്ങളും ഒരു ഘട്ടത്തില്‍ അവരുടെ പേരുവിവരം രഹസ്യമാക്കി വയ്ക്കണമെന്ന് പറയുന്നതിലെ അസ്വാഭാവികത തന്നെയാണ് സുപ്രിംകോടതിയും ഊന്നിപ്പറഞ്ഞത്. കേസ്, സുപ്രിംകോടതി മുമ്പാകെ പരിഗണനയ്ക്ക് വന്നപ്പോഴും കടപത്രത്തില്‍ സുതാര്യത വേണമെന്നില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചത്. 2023 സെപ്റ്റംബര്‍ 30 വരെ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളുടെ വിവരങ്ങള്‍ ഹാജരാക്കണമെന്ന് സുപ്രിംകോടതി സോളിസിറ്റര്‍ ജനറലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംഭാവന നല്‍കുന്നവരുടെ സ്വകാര്യത മാനിക്കണമെന്ന വാദമാണ് കേന്ദ്രം നടത്തിയത്. അതേസമയം, കേന്ദ്രസര്‍ക്കാരില്‍നിന്ന് വ്യത്യസ്തമായ നിലപാടാണ് ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രകടിപ്പിച്ചത്. കടപത്രത്തിന്റെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്താന്‍ സംഭാവന തന്നതാരെന്ന് വെളിപ്പെടുത്തണമെന്നായിരുന്നു കമ്മിഷന്‍ വ്യക്തമാക്കിയത്.
എന്നാല്‍, എല്ലാ കാര്യത്തിലും തങ്ങള്‍ പിന്തുടരുന്ന ഒളിച്ചുകളി കടപത്രത്തിന്റെ വിഷയത്തിലും കേന്ദ്രഭരണകൂടം ആവര്‍ത്തിച്ചു. അതുവഴി ഇഷ്ടക്കാരില്‍നിന്ന് ഉള്‍പ്പെടെ കണക്കില്‍പ്പെടുന്നതും അല്ലാത്തതുമായ കോടികള്‍ രഹസ്യമായി അക്കൗണ്ടിലേക്ക് മാറ്റാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. ഇത്തരത്തില്‍ സമാഹരിച്ച കോടികളാണ് ജനവിധി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പുകളിലേക്ക് ഒഴുക്കിയത് എന്നത് അതീവ ഗൗരവകരംതന്നെയാണ്.
രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കിടെ, സുതാര്യത ഉയര്‍ത്തിപ്പിടിച്ചും ഭരണഘടനാ അവകാശങ്ങളുടെ സംരക്ഷണമുറപ്പാക്കിയും സുപ്രിംകോടതിയില്‍നിന്ന് വിധി വന്നു എന്നത് ആശ്വാസകരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."