'വാട്ടര്‍ ബെല്‍' മുഴങ്ങും; ഇനി സ്‌കൂളുകളില്‍ വെള്ളം കുടിക്കാന്‍ ഇടവേള
സ്‌കൂളുകളില്‍ വെള്ളം കുടിക്കാന്‍ ഇടവേള
കൊടും വേനലാണ് വരാനിരിക്കുന്നത്. ഫെബ്രുവരി പകുതിയായപ്പോള്‍ തന്നെ ഒട്ടുമിക്ക സ്ഥലങ്ങളിലും ചൂട് കൂടിയിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ 'വാട്ടര്‍ ബെല്‍' സംവിധാനത്തിന് വീണ്ടും തുടക്കം കുറിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ക്ലാസ്സ് സമയത്ത് കുട്ടികള്‍ ആവശ്യമായത്ര വെള്ളം കൃത്യമായ രീതിയില്‍ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഓരോ ദിവസവും കുട്ടികള്‍ക്ക് വെള്ളം കുടിക്കാനായി മാത്രം രാവിലെയും ഉചയ്ക്കും സ്‌കൂളുകളില്‍ പ്രത്യേകം ബെല്‍ മുഴങ്ങും. രാവിലെ 10.30നും ഉച്ചയ്ക്ക് രണ്ട് മണിക്കുമായിരിക്കും വാട്ടര്‍ ബെല്‍ ഉണ്ടാവുക. ബെല്‍ മുഴങ്ങിക്കഴിഞ്ഞാല്‍ അഞ്ച് മിനിറ്റ് സമയം വെള്ളം കുടിക്കാനായി നല്‍കണമെന്നാണ് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം. സ്‌കൂളുകളില്‍ വാര്‍ഷിക പരീക്ഷ ആരംഭിക്കാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കി നില്‍ക്കുന്ന സാഹചര്യത്തിലാണ് വാട്ടര്‍ ബെല്‍ വീണ്ടും കൊണ്ടുവരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ചൂട് കനത്തപ്പോഴും സമാനമായ നിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു.
കടുത്ത ചൂടില്‍ നിന്ന് രക്ഷനേടാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിവിധ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ചൂടു കൂടിയ സമയത്ത് പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും മതിയായ അളവില്‍ വെള്ളം കുടിക്കണമെന്നുമാണ് പ്രധാന നിര്‍ദേശങ്ങള്‍. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുകയും വേണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."