ഹൽദ്വാനിയിലേത് ഭരണകൂടവേട്ട
ഹർഷ് മന്ദർ
മനോഹരമായ ഉത്തരാഖണ്ഡ് ഇന്ന് വിദ്വേഷത്താലും ഭയത്താലും നീറിപ്പുകയുകയാണ്. മതസൗഹാർദ പാരമ്പര്യത്തെ തകർത്തുകൊണ്ട് വൈവിധ്യമാർന്ന ഇന്ത്യയെ ഹിന്ദുത്വദേശമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഉത്തരാഖണ്ഡും ഇന്ന് ഹിന്ദുത്വ ആക്രമണത്തിന്റെ ഭൂമിയായി മാറിയിരിക്കുന്നു. ഫെബ്രുവരി എട്ടിനാണ് നഗരഭരണാധികാരികൾ മുനിസിപ്പൽ ജീവനക്കാരുടെ അകമ്പടിയോടെ ബുൾഡോസറുകളുമായി വന്ന് ഇരുപത് വർഷം പഴക്കമുള്ള പള്ളിയും മദ്റസയും തകർത്തത്. ഇതിൽ ക്ഷുഭിതരായ ജനങ്ങൾ പൊലിസുകാർക്കും മുനിസിപ്പൽ ജീവനക്കാർക്കും നേരെ കല്ലെറിഞ്ഞു. മറ്റൊരു സംഘം പൊലിസ് സ്റ്റേഷനു തീയിടുകയും ചെയ്തു. ഇതിനോട് പൊലിസ് പ്രതികരിച്ചത് തൽക്ഷണമുള്ള വെടിവയ്പ്പ് ഉത്തരവുമായാണ്. ഇതിൽ ആറുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഈ സംഭവം നടന്ന് ഒരാഴ്ചക്കുശേഷമാണ് കർവാനെ മുഹബത്തിന്റെയും അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സിന്റെയും ചില സംഘാംഗങ്ങൾക്കൊപ്പം ഞാനൊരു വസ്തുതാന്വേഷണത്തിനു പുറപ്പെടുന്നത്. ആ നഗരം ഇപ്പോഴും ഭീതിയുടെ നിഴലിലാണെന്നാണ് ഞങ്ങൾക്ക് മനസിലാക്കാനായത്. അവിടുത്തെ സാമൂഹിക സുരക്ഷിതത്വംപോലും അവതാളത്തിലായിരിക്കുന്നു. ഉത്തരാഖണ്ഡിൽ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമാണ് ഹൽദ്വാനി. ഹൽദ്വാനി പട്ടണത്തിലെ വാസികൾ ഭൂരിഭാഗവും മുസ് ലിംകളാണ്. നഗരത്തിന്റെ പുതിയ ഭാഗങ്ങളിലുള്ളത് മലമ്പ്രദേശങ്ങളിൽ നിന്നും ഇന്ത്യയുടെ മറ്റു പ്രദേശങ്ങളിൽ നിന്നും കുടിയേറിയ ഹിന്ദുക്കളാണ്. ഫെബ്രുവരി എട്ടിനു മുമ്പ് ഈ നഗരത്തിൽ ഇത്തരമൊരു വർഗീയ ഏറ്റുമുട്ടലുണ്ടായിട്ടില്ല. അതേസമയം, എട്ടാം തീയതി നടന്നതുപോലും വർഗീയ ഏറ്റുമുട്ടലല്ലായിരുന്നു. അന്യായമായി തങ്ങളുടെ പള്ളിയും മദ്റസയും തകർത്തെന്ന് മുസ് ലിംകൾ വിശ്വസിക്കുന്ന നഗരഭരണകൂടവുമായി ഈ പ്രദേശത്തെ മുസ് ലിംകൾ നടത്തിയ തെരുവ് യുദ്ധമായിരുന്നു യഥാർഥത്തിൽ അന്നു നടന്നത്.
കുറച്ചുവർഷങ്ങളായി ഉത്തരാഖണ്ഡിലെ മുസ് ലിംകൾക്കു നേരെ വിദ്വേഷപ്രചാരണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ചിലപ്പോഴിത് ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിലാണെങ്കിൽ മറ്റു ചിലപ്പോൾ മുഖ്യമന്ത്രി പുഷ്കർ ധാമിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനഭരണകൂടം തന്നെയാണ് ഏറ്റെടുത്ത് നടത്തുന്നത്. മുസ് ലിംകൾക്ക് മക്കയുള്ളതുപോലെ ഹിന്ദുക്കൾക്ക് പവിത്രമായൊരു പുണ്യഭൂമി വേണമെന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നത്. കാരണം, ആർ.എസ്.എസ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത് ദേവഭൂമിയായ ഉത്തരാഖണ്ഡാണ്. ഇവരുടെ ഭാവനയിൽ, ഇവിടെയുള്ള മുസ് ലിംകളെയെല്ലാം കുടിയിറക്കി വിട്ടിട്ടു വേണം ഇത് പൂർണമായും ഹിന്ദുക്കൾക്കു മാത്രമുള്ള ഭൂമിയാക്കി മാറ്റാൻ.
വിദ്വേഷപ്രചാരണങ്ങളുടെ ഭാഗമായി മുസ് ലിംകളെ വളരെ മോശമായാണ് ഹിന്ദുത്വശക്തികൾ ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത്. മുസ് ലിംകളുടെ ജിഹാദി പ്രവർത്തനങ്ങൾ സംസ്ഥാനത്തെ ഹിന്ദുക്കളുടെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുമെന്ന വിധത്തിലുള്ള പ്രചാരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. മുസ് ലിം ജനസംഖ്യ ഉയർത്തുന്നതിന് ജനസംഖ്യാ ജിഹാദും ഹിന്ദു പെൺകുട്ടികളെ പ്രണയിച്ച് വിവാഹം ചെയ്യുന്നതിന് ലൗ ജിഹാദും ഭൂസ്വത്ത് സ്വന്തമാക്കുന്നതിന് ഭൂമിജിഹാദും വ്യാപാര ജിഹാദും ഒക്കെയുണ്ടെന്നാണ് ഹിന്ദുത്വരുടെ പ്രചാരണം. ഇതിൽ ഏറ്റവും പുതിയ ജിഹാദ് മസാർ ജിഹാദാണ്. മുസ് ലംകൾ സംസ്ഥാനത്തുടനീളം ദിവ്യകുടീരങ്ങൾ നിർമിക്കുകയാണെന്നും അതുവഴി ഹിന്ദുക്കളെക്കാൾ അധികാരം സ്ഥാപിക്കാനുമാണ് ശ്രമിക്കുന്നതെന്നാണ് ഈ പുതിയ ജിഹാദിനെക്കുറിച്ച് പ്രചരിപ്പിക്കുന്നത്. ഇവ വെറുതെ പ്രചരിപ്പിച്ചു വിടുക മാത്രമല്ല, ഇതിന്റെ ഭാഗമായി കടുത്ത ബഹിഷ്കരണമാണ് മുസ് ലിംകൾ വിവിധ സാമൂഹിക ഇടങ്ങളിൽനിന്ന് നേരിടുന്നത്. സംസ്ഥാനത്തുനിന്ന് പൂർണമായി അവരെ പുറത്തുപോകണമെന്ന വിധത്തിലുള്ള ഭീഷണികളും ഇവർക്കു നേരെയുണ്ടാവുന്നുണ്ട്.
ആർ.എസ്. എസ് ശാഖകളും മറ്റു വലതുപക്ഷ സംഘടനകളും കൂടിച്ചേർന്ന് ഇത്തരത്തിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമാക്കിക്കൊണ്ട് വിദ്വേഷപ്രചാരണങ്ങളിൽ ഏർപ്പെടുമ്പോൾ അത് സാമൂഹിക സഹവർത്തിത്വത്തെ തകർക്കും. അതേസമയം, ഇത്തരം പ്രചാരണങ്ങൾ വസ്തുതകൾ എന്ന പേരിൽ മുഖ്യമന്ത്രി തന്നെ ഏറ്റെടുത്ത് പ്രചരിപ്പിക്കുമ്പോൾ അത് വലിയ പ്രത്യാഘാതങ്ങളാണ് സമൂഹത്തിൽ സൃഷ്ടിക്കുക. താൻ സത്യപ്രതിജ്ഞ ചെയ്ത ഭരണഘടനയോടും അതിന്റെ ഉത്തരവാദിത്വങ്ങളോടുമുള്ളതിനേക്കാൾ പ്രതിബദ്ധത തന്റെ ഹിന്ദുത്വബന്ധത്തിനാണെന്ന് ആവർത്തിക്കുകയാണ് ഇത്തരം നിലപാടുകളിലൂടെ പുഷ്കർ സിങ് ധാമി. മുസ് ലിംകൾ നടത്തുന്ന ജിഹാദുകൾക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട് ധാമി. ആയിരവും മൂവായിരവും മസാറുകൾ തന്റെ ഭരണകൂടം ഇടിച്ചുനിരപ്പാക്കിയതായും ധാമി അഭിമാനം കൊള്ളാറുണ്ട്. കാടുകളിൽ നാടോടിജീവിതം നയിക്കുന്ന വൻ ഗുജ്ജർ സമുദായത്തിലുള്ളവരെ മരണാനന്തരം സംസ്കരിക്കുമ്പോൾ കാടുകളിൽ ഇവരെ അടക്കിയ സ്ഥലങ്ങളിൽ ഒരു കല്ലുകൊണ്ട് അടയാളം വെക്കാറുണ്ട്. ഇതു തകർത്തതിനെക്കുറിച്ചാണ് ധാമി വീമ്പു പറയുന്നത്. ഒരു അടിസ്ഥാനവുമില്ലാത്ത വീമ്പുപറച്ചിലുകളാണെങ്കിൽപോലും ഇതെല്ലാം തൊടുത്തുവിടുന്നത് മുസ് ലിം സമുദായത്തിനു നേരെയാണ്. സർക്കാർ ഭൂമിയിലുള്ള ഇവരുടെ വാസസ്ഥലങ്ങളും ആരാധനാലയങ്ങളും എല്ലാം തകർക്കുമെന്ന ഭീഷണിയാണ് ഇത്തരം പ്രസ്താവനകളിലുള്ളത്. അതേസമയം, സംസ്ഥാനത്തിലെ വലിയൊരു ശതമാനം നിർമിതികളും സർക്കാർ ഭൂമിയിൽ തന്നെയാണെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം. എന്നാൽ ഇപ്പോൾ കൈയേറ്റം നടത്തിയെന്ന പേരിൽ ഭരണകൂടം നടത്തുന്ന പ്രവർത്തനങ്ങൾ പ്രത്യേക മതങ്ങളെയും ജാതിവിഭാഗങ്ങളെയും വേട്ടയാടാൻ ഉദ്ദേശിച്ചുകൊണ്ടാണ്. ഫെബ്രുവരി എട്ടിനുശേഷം പഴയ ഹൽദ്വാനിയിലെ വീടുകൾക്കും ചെറുകിട സ്ഥാപന കെട്ടിടങ്ങളിലുമെല്ലാം നോട്ടിസ് പതിക്കുകയും പലതും ഇടിച്ചു നിരത്തുകയും ചെയ്തിട്ടുണ്ട്. ഒരു സംഭവത്തിൽ, ഇടിച്ചുനിരത്തിയ സ്ഥലത്ത് ഗോശാല കെട്ടുമെന്ന് പ്രഖ്യാപിച്ചതോടെ ആ പ്രദേശത്തെ മുസ് ലിംകൾ പരിഭ്രാന്തിയിലായി. കാരണം, ഗോശാല വന്നാൽ ഗോവധം ആരോപിച്ച് തങ്ങൾക്കു നേരെ ആക്രമണങ്ങളുണ്ടായേക്കാം എന്നിവർ ഭയപ്പെടുന്നുണ്ട്.
ജനുവരി മുപ്പതിനാണ് ഇരുപതു വർഷം പഴക്കമുള്ള പള്ളിയും മദ്റസയും പൊളിക്കാനുള്ള പ്രഖ്യാപനമുണ്ടാകുന്നത്. ഇതു തകർക്കരുതെന്ന് സമീപവാസികൾ ആവശ്യപ്പെട്ടു. ഈ ഭൂമി സോഫിയാ മാലിക് എന്ന സ്ത്രീ നിയമപരമായി പാട്ടത്തിനെടുത്തതാണെന്ന് കാണിച്ചാണ് തകർക്കരുതെന്ന ആവശ്യം ഉന്നയിച്ചത്. എന്നാൽ, ഇത് പരിഗണിക്കാതിരുന്ന ഭരണകൂടത്തിനെതിരേ നിലവിലെ അവകാശികൾ ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മദ്റസയും പള്ളിയും സർക്കാരിന്റെ ഉടമസ്ഥതയിലാണെന്ന ആശ്വാസത്തിലിരിക്കെയാണ് ഈ കേസിന്റെ വാദം ഫെബ്രുവരി 14 ലേക്ക് മാറ്റിയത്. ഇതോടെ ഫെബ്രുവരി എട്ടിന് ഒരു മുന്നറിയിപ്പുമില്ലാതെ ഭരണകൂടം സന്നാഹങ്ങളുമായി എത്തി പള്ളിയും മദ്റസയും പൊളിക്കുകയായിരുന്നു. പൊളിക്കുന്നതിന് മുമ്പ് കെട്ടിടത്തിനകത്തെ വിശുദ്ധ വസ്തുക്കൾ എടുക്കാൻ രണ്ടു പേരെ അനുവദിച്ചെങ്കിലും തുടർന്ന് ഇടിച്ചു നിരത്തുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായ പ്രദേശവാസികളിൽ ചില സ്ത്രീകൾ പള്ളി തകർക്കുന്നത് തടയാൻ മുമ്പിൽ കേറി നിന്നെങ്കിലും ഇവരെ മർദിച്ചുകൊണ്ട് പൊലിസ് പിടിച്ചുമാറ്റുകയായിരുന്നു. ഇതോടെ പ്രദേശവാസികൾ പൊലിസുകാർക്കെതിരേ കല്ലേറ് ആരംഭിച്ചു. ഒരു കിലോമീറ്റർ മാത്രം അകലെയുള്ള പൊലിസ് സ്റ്റേഷനും സമീപത്തുള്ള വാഹനങ്ങളും ജനക്കൂട്ടം തീയിട്ടു. ഇതിനെതിരേ വെടിവെപ്പിലൂടെയാണ് പോലീസ് പ്രതികരിച്ചത്. ലാത്തിച്ചാർജോ കണ്ണീർവാതകമോ ജലപീരങ്കിയോ പ്രയോഗിക്കാതെ നേരെ വെടിവയ്പ്പിലേക്ക് കടന്നത് മരണത്തിനിടയാക്കി. മരണപ്പെട്ടവർ പൊലിസ് സ്റ്റേഷൻ അക്രമിച്ചവരല്ലെന്നും ആ സമയം ജോലി കഴിഞ്ഞ് മടങ്ങുന്നവരാണെന്നുമാണ് പ്രദേശവാസികളുടെ വിശദീകരണം. ഇതേത്തടർന്ന് ഈ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
കർഫ്യൂ ഏർപ്പെടുത്തിയ പ്രദേശത്തേക്ക് ഞങ്ങളുടെ സംഘത്തിനു പ്രവേശിക്കാനുള്ള അനുമതി ലഭിച്ചിരുന്നില്ല. ഈ പ്രദേശത്ത് ഏകദേശം ഒരു ലക്ഷത്തോളം പേർ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവരിൽ പലരും കൂലിപ്പണിക്ക് പോകുന്നവരുമാണ്. ശിക്ഷാനടപടിയെന്നതുപോലെ ചുമത്തിയ ഈ നിരോധനാജ്ഞ പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. പുറത്തുനിന്നുള്ള വിവരങ്ങളറിയാനും തങ്ങളുടെ വിവരങ്ങൾ പങ്കുവയ്ക്കാനും സാധിക്കാത്ത സാഹചര്യത്തിൽ ഇന്റർനെറ്റ് ബന്ധവും ഈ പ്രദേശത്ത് വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. കൂടാതെ, ഏകദേശം മുന്നൂറോളം വീടുകളിൽ പൊലിസ് തെരച്ചിൽ നടത്തുകയും നാശനഷ്ടങ്ങളുണ്ടാക്കിയതായും വിവരങ്ങളുണ്ട്. ഈ സംഭവത്തോടെ ഹൽദ്വാനി നഗരം പൂർണമായും ഭീതിയിലാഴ്ന്നിരിക്കുകയാണ്.
സംഭവം നടന്ന് ദിവസങ്ങൾക്കുശേഷം ഹൽദ്വാനി സന്ദർശിച്ച മുഖ്യമന്ത്രി ധാമി പൊലിസുകാരെ സന്ദർശിച്ചെങ്കിലും മരണപ്പെട്ടവരെ സന്ദർശിക്കാനോ ആശ്വാസകരമായി എന്തെങ്കിലും പറയാനോ തയാറായില്ല. മാത്രമല്ല, പള്ളി പൊളിച്ചിടത്ത് പൊലിസ് സ്റ്റേഷൻ പണിയുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യഥാർഥത്തിൽ ഈ പ്രഖ്യാപനം വലിയൊരു സൂചനയാണ്. 1992ൽ പള്ളി പൊളിച്ചിടത്ത് അമ്പലം പണിത ഹിന്ദുത്വർ ഇന്ന് പള്ളി പൊളിച്ചിടത്ത് തങ്ങളുടെ ഹിന്ദുത്വ ഭരണകൂടത്തിന്റെ ഉപകരണമായ പൊലിസ് സ്റ്റേഷൻ പണിയുമെന്നാണ് ഈ പ്രഖ്യാപനത്തിലൂടെ പറയുന്നത്. ഇന്നിതെഴുതുമ്പോഴും ഹൽദ്വാനിയിൽ മാത്രമല്ല, രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും മുസ് ലിംകൾക്ക് നേരെ പലവിധം വേട്ടയാടലുകൾ നടന്നുകൊണ്ടിരിക്കുകയാണ്. അതേസമയം, ഉത്തരാഖണ്ഡിന്റെ പല മേഖലകളിലും സമാധാന റാലികൾ സംഘടിപ്പിച്ചതായും വാർത്തകൾ വന്നിട്ടുണ്ട്. ഇത് പ്രതീക്ഷയുടെ വെളിച്ചം നൽകുന്നതാണ്. ഹിന്ദുത്വർ ഈ മനോഹരഭൂമിയിൽ വർഗീയതയും വിദ്വേഷവും പടർത്താൻ ശ്രമിക്കുമ്പോഴും അതിനെ എതിരിടാൻ ശ്രമിക്കുന്ന നീക്കങ്ങളായി ഈ സമാധാന ശ്രമങ്ങളെ കാണാവുന്നതാണ്.
(മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനുമാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."