വന്യജീവി ആക്രമണം: വയനാട്ടിൽ ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം, ബേലൂർ മഖ്ന വീണ്ടും ജനവാസ മേഖലയിൽ
വന്യജീവി ആക്രമണം: വയനാട്ടിൽ ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം, ബേലൂർ മഖ്ന വീണ്ടും ജനവാസ മേഖലയിൽ
മാനന്തവാടി: വന്യജീവി ആക്രമണം ശക്തമായ വയനാട്ടിൽ ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേരും. വയനാട്ടിലെ വന്യമൃഗ ആക്രമണവും പ്രശ്നങ്ങളും ചർച്ചചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്. വനംമന്ത്രി എ.കെ.ശശീന്ദ്രൻ, മന്ത്രിമാരായ എം.ബി.രാജേഷ്, കെ.രാജൻ എന്നിവരുടെ നേതൃത്വത്തിൽ രാവിലെ പത്തിനാണു യോഗം. യോഗത്തിനു പിന്നാലെ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളും വനംമന്ത്രി സന്ദർശിക്കും.
വന്യജീവി ആക്രമണത്തിനിരയായവരുടെ ആശ്രിതർക്ക് നൽകാനുള്ള നഷ്ടപരിഹാര കുടിശിക വിതരണം ചെയ്യുന്നത് സംബന്ധിച്ച് യോഗത്തിൽ പ്രഖ്യാപനമുണ്ടായേക്കും. സർക്കാരിന്റെ വീഴ്ച ആരോപിച്ച് യുഡിഎഫ് യോഗത്തിൽ പ്രതിഷേധം അറിയിക്കും. യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് ബിജെപി നിലപാട്.
അതേസമയം, ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്ന വീണ്ടും ജനവാസമേഖലയായ പെരിക്കല്ലൂരിലെത്തിയതായാണ് ഏറ്റവും ഒടുവിൽ വരുന്ന വിവരം. ഇവിടെ എത്തിയ ആന തിരികെ കർണാടക വനമേഖലയിലേക്ക് മടങ്ങി. ഇന്നു പുലർച്ചെയോടെയാണ് ആന പെരിക്കല്ലൂരിലെത്തിയത്. കബനി പുഴ കടന്നു മരക്കടവിലെ പുഴയോരത്തെ കൃഷിയിടത്തിലാണ് ആനയെത്തിയത്. ഇന്നലെ രാത്രിയോടെയാണ് ആന ബൈരക്കുപ്പ വനത്തില്‍നിന്നും പുറത്തിറങ്ങിയത്. ആന പെരിക്കല്ലൂരിലെത്തിയതിനു പിന്നാലെ വനം വകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."