വേര്‍പാടിന് ഒന്നര പതിറ്റാണ്ട്; ശിഹാബ് തങ്ങള്‍ സ്മരണയില്‍ കേരളം
മലപ്പുറം: മന്ദസ്മിതം തൂകി, സാധാനത്തിന്റെ, സൗഹൃദത്തിന്റെ പ്രഭപരത്തി കടന്നുപോയ ശിഹാബ് തങ്ങളുടെ ഓര്‍മയ്ക്ക് ഒന്നര പതിറ്റാണ്ട്. കേരള മുസ് ലിംകളുടെ അനിഷേധ്യ നേതാവായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിടപറഞ്ഞിട്ട് ഹിജ്‌റ കലണ്ടര്‍ പ്രകാരം നാളെക്ക് 15 വര്‍ഷം പൂര്‍ത്തിയാകുന്നു. 1430 ശഅ്ബാന്‍ 10നായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗം. മുസ് ലിം ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് താങ്ങായിരുന്ന മുഹമ്മദലി തങ്ങളുടെ ഓര്‍മദിനത്തില്‍ പ്രാര്‍ഥനയോടെ അദ്ദേഹത്തെ സ്മരിക്കുകയാണ് കേരള ജനത.
1936 മെയ് നാലിനായിരുന്നു ജനനം. 1953ല്‍ കോഴിക്കോട് എം.എം ഹൈസ്‌കൂളില്‍നിന്ന് എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കിയ ശിഹാബ് തങ്ങള്‍ തിരൂര്‍ തലക്കടത്തൂരില്‍ പള്ളിദര്‍സില്‍ ചേര്‍ന്ന് പഠനം തുടങ്ങി. 1956 മുതല്‍ 1958 വരെ കാനഞ്ചേരി പള്ളിദര്‍സിലും പഠനം തുടര്‍ന്നു. ശേഷം ഉപരിപഠനാര്‍ഥം അല്‍അസ്ഹര്‍ സര്‍വകലാശാലയിലെത്തി. 1958 മുതല്‍ 1961വരെ അല്‍അസ്ഹറില്‍ പഠനം നടത്തി. 1966 വരെ കൈറോ യൂനിവേഴ്‌സിറ്റിയിലും പഠനം നടത്തിയ ശേഷം സ്വദേശത്തേക്ക് തിരിച്ചു.
പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ വിയോഗാനന്തരം 1975ല്‍ മുസ് ലിം ലീഗ് കേരള ഘടകത്തിന്റെ പ്രസിഡന്റായി ചുമതലയേല്‍ക്കുകയും മരണം വരെയും ഈ സാരഥ്യം തുടരുകയും ചെയ്തു. മതേതര ഇന്ത്യയുടെ രാഷ്ട്രനിര്‍മാണ പ്രക്രിയകളിലും ന്യൂനപക്ഷങ്ങളുടെ പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങളിലും മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചതാണ് ശിഹാബ് തങ്ങളുടെ ഏറ്റവും വലിയ സംഭാവന. അണുവിട തെറ്റാത്ത നീതിശാസ്ത്രം, നിഷ്‌കളങ്കമായ സ്‌നേഹം, നിലയ്ക്കാത്ത ശാന്തിമന്ത്രം തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്രകള്‍.
മുസ് ലിം ന്യൂനപക്ഷങ്ങള്‍ക്ക് തിക്താനുഭവങ്ങള്‍ നിറഞ്ഞ കാലത്താണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ കേരളീയ മുസ് ലിംങ്ങള്‍ക് നേതൃത്വം നല്‍കിയത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സാമൂഹികാന്തരീക്ഷമായിരുന്നു ഏറ്റവും പ്രധാനപ്പെട്ട പ്രതിസന്ധികളിലൊന്ന്. കറുത്ത ആ നാളുകളെ പക്വതയോടെയും സമചിത്തതയോടെയും കൈകാര്യം ചെയ്തു മുഹമ്മദലി ശിഹാബ് തങ്ങള്‍. ഇതോടെ അദ്ദേഹത്തിന്റെ നേതൃമഹിമ സര്‍വരാലും അംഗീകരിക്കപ്പെട്ടു. രാഷ്ട്രീയ രംഗത്ത് മാത്രമല്ല മതപരമായ കാര്യങ്ങളിലും അവസാന വാക്കായിരുന്നു ശിഹാബ് തങ്ങള്‍. മുസ് ലിം ലീഗിന്റെ അധ്യക്ഷ പദവിയലങ്കരിച്ചപ്പോഴും സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ മുന്‍നിരയിലും ശിഹാബ് തങ്ങളുണ്ടായിരുന്നു. സമുദായത്തിനും സമുദായ രാഷ്ട്രീയത്തിനും വലിയ അസ്തിത്വം ഉണ്ടാക്കിക്കൊടുത്ത മുഹമ്മദലി ശിഹാബ് തങ്ങള്‍ ശഅ്ബാന്‍ 10 (2009 ഓഗസ്റ്റ് ഒന്ന്) ആണ് വിടചൊല്ലിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."