ഗസ്സയില്‍ ഭക്ഷണത്തിനായി കാത്തു നില്‍ക്കുന്നവര്‍ക്ക് നേരേയും വെടിയുതിര്‍ത്ത് ഇസ്‌റാഈല്‍; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്
ഗസ്സയില്‍ ഭക്ഷണത്തിനായി കാത്തു നില്‍ക്കുന്നവര്‍ക്ക് നേരേയും വെടിയുതിര്‍ത്ത് ഇസ്‌റാഈല്‍; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്
ഗസ്സ സിറ്റി: മധ്യ ഗസ്സയില്‍ ഭക്ഷണ സാധനങ്ങള്‍ക്കായി സഹായ ട്രക്കുകള്‍ക്കരികിലേക്ക് പാഞ്ഞടുത്ത ഫലസ്തീനികള്‍ക്കു നേരെയും വെടിയുതിര്‍ത്ത് ഇസ്‌റാഈല്‍. ഗസ്സയില്‍ പട്ടിണിയും ഇസ്‌റാഈല്‍ ആയുധമാക്കുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെയാണ് സഹായ ട്രക്കുകളെ സമീപിക്കുന്ന ഫലസ്തീനികള്‍ക്കു നേരെ അധിനിവേശ സൈന്യത്തിന്റെ ക്രൂരത. യു.എന്‍ വിതരണം ചെയ്യുന്ന ഭക്ഷ്യസാധനങ്ങള്‍ സ്വീകരിക്കാനെത്തിയവര്‍ക്കു നേരെ ഇസ്‌റാഈല്‍ സൈന്യം വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രണണത്തില്‍ ഒരാള്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
'ഞാന്‍ താഴെ വീണു പോയി' ഒരാള്‍ പറയുന്നു. താന്‍ പിന്നീട് ആശുപത്രിയിലെത്തി ചികിത്സ തേടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആളുകള്‍ തങ്ങളുടെ ജീവന്‍ പോലും പണയപ്പെടുത്തിയാണ് ട്രക്കുകള്‍ക്കരികിലേക്ക് ഓടിയെത്തുന്നത്. മേഖലയില്‍ സ്ഥിതി അതീവ ഗുരുതരമാണെന്നും പട്ടിണി മൂലം ആളുകള്‍ മരണത്തിന്റെ വക്കിലാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പലരും എന്തെങ്കിലും കിട്ടുമോ എന്നറിയാന്‍ മാലിന്യ കൂമ്പാരത്തില്‍ വരെ പരിശോധന നടത്തുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
വളരെ കുറച്ച് ട്രക്കുകളെ മാത്രമേ ഇസ്‌റാഈല്‍ ഗസ്സയ്ക്കുള്ളിലേക്ക് കടത്തി വിടുന്നുള്ളൂ. ഇത് വലിയ അളവില്‍ ഭക്ഷ്യക്ഷാമം അടക്കമുള്ള പ്രതിസന്ധികള്‍ക്ക് ആക്കംകൂട്ടുന്നുണ്ട്. വടക്കന്‍ ഗസ്സയില്‍ പൊടിമില്ലുകള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് ജബലിയ അഭയാര്‍ഥി ക്യാംപില്‍ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."