ഗള്‍ഫിലും 'നീറ്റാവാം'; പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ വിദേശ പരീക്ഷ കേന്ദ്രങ്ങള്‍ പുനസ്ഥാപിച്ചു
ഗള്‍ഫിലും 'നീറ്റാവാം'; പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ വിദേശ പരീക്ഷ കേന്ദ്രങ്ങള്‍ പുനസ്ഥാപിച്ചു
പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ വിദേശത്തെ നീറ്റ് പരീക്ഷ കേന്ദ്രങ്ങള്‍ പുനസ്ഥാപിച്ചു. ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളില്‍ ഉണ്ടായിരുന്ന സെന്റര്‍ ഇത്തവണയും അനുവദിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഉത്തരവിറക്കി. ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലുള്ള എട്ട് പരീക്ഷ കേന്ദ്രങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാനാവും.
ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ ആദ്യ ഘട്ടത്തില്‍ ഇന്ത്യക്ക് പുറത്തുള്ള പരീക്ഷ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഓണ്‍ലൈന്‍ അപേക്ഷകള്‍ എന്‍.ടി.എ സ്വീകരിച്ച് തുടങ്ങുകയും ചെയ്തു. ഇതോടെ ആശങ്കയിലായ വിദ്യാര്‍ഥികളും രക്ഷിതാക്കളും തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ സ്‌കൂള്‍ മാനേജ്‌മെന്റുകളും എന്‍.ടി.എക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് കേന്ദ്രങ്ങള്‍ പുനസ്ഥാപിച്ചത്.
ബഹ്‌റൈനില്‍ മനാമയിലാണ് നീറ്റ് പരീക്ഷ കേന്ദ്രമുള്ളത്. യു.എ.ഇയില്‍ നേരത്തെയുള്ള കേന്ദ്രങ്ങളായ ദുബായ്, അബുദാബി, ഷാര്‍ജ നഗരങ്ങളില്‍ പരീക്ഷക്ക് അപേക്ഷിക്കാം. ഖത്തര്‍ (ദോഹ), കുവൈറ്റ് (കുവൈറ്റ് സിറ്റി), ഒമാന്‍ (മസ്‌കറ്റ്), സൗദി അറേബ്യ (റിയാദ്) എന്നീ ഗള്‍ഫ് രാജ്യങ്ങളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. തായ്‌ലന്‍ഡ്, ശ്രീലങ്ക, നേപ്പാള്‍, മലേഷ്യ, നൈജീരിയ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരമുണ്ട്.
ഇതിനകം അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് പരീക്ഷ കേന്ദ്രം മാറ്റുന്നതിന് അവസരമുണ്ട്. ഇതുവരെ അപേക്ഷ നല്‍കിയവര്‍ക്ക് ഇന്ത്യയിലുടനീളമുള്ള 554 കേന്ദ്രങ്ങളിലൊന്നാണ് തെരഞ്ഞെടുക്കാനാണ് ഓപ്ഷന്‍ ലഭിച്ചിരുന്നത്. ഫീസ് അടച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാര്‍ച്ച് ഒമ്പതിന് ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ അവസാനിച്ച ശേഷം അപേക്ഷകളില്‍ തിരുത്തല്‍ അനുവദിക്കും. ഈ കാലഘട്ടത്തില്‍ വിദേശത്തുള്ള സെന്ററുകള്‍ തെരഞ്ഞെടുക്കാം.
പരീക്ഷ കേന്ദ്രങ്ങള്‍ പുനരാരംഭിച്ചത് ഗള്‍ഫിലെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ ആശ്വാസകരമാണ്. പരീക്ഷയെഴുതാന്‍ വേണ്ടി മാത്രമായി ഇന്ത്യയിലേക്ക് വരുന്ന സാഹചര്യം ഇതോടെ ഒഴിവാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."