HOME
DETAILS

ചെങ്കടൽ:സംഘർഷവും ആഘാതവും

  
backup
February 23 2024 | 00:02 AM

the-red-sea-conflict-and-trauma

സി.വി ശ്രീജിത്ത്

ഫലസ്തീനുമേല്‍ ഇസ്റാഈല്‍ അധിനിവേശം തുടരുന്നതിനിടെ ചെങ്കടലില്‍ പടരുന്ന സംഘര്‍ഷം ആഗോളതലത്തില്‍ വലിയ ആശങ്കകളാണ് ഉയർത്തുന്നത്. ഇസ്റാഇൗൽ ഭീകരതയ്ക്കെതിരേ ചെങ്കടല്‍ കേന്ദ്രീകരിച്ച് ആക്രമണം നടത്തുന്ന യമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികളും അവരെ പ്രതിരോധിക്കാന്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും നിരന്തരം ഏറ്റുമുട്ടാന്‍ തുടങ്ങിയതോടെ പശ്ചിമേഷ്യ സംഘര്‍ഷഭൂമിയായി മാറി. ആക്രമണവും പ്രത്യാക്രമണവും പതിവായതോടെ അന്താരാഷ്ട്ര കപ്പല്‍ പാതയിലൂടെയുള്ള യാത്ര തീര്‍ത്തും അരക്ഷിതമാണ്. ഇതാവട്ടെ ലോകവാണിജ്യ-വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ചെങ്കടലില്‍ ആവര്‍ത്തിക്കുന്ന ആക്രമണങ്ങള്‍, ഗസ്സയ്ക്കുപിന്നാലെ മറ്റൊരു യുദ്ധമുഖം തുറക്കുമോ എന്ന ആശങ്കയും ഉയർത്തുന്നുണ്ട്.


ഇസ്റാഇൗല്‍-ഫലസ്തീന്‍ യുദ്ധത്തന് പിന്നാലെയാണ് ചെങ്കടല്‍ സംഘര്‍ഷമേഖലയായത്. ചെങ്കടല്‍ വഴി കടന്നുപോകുന്ന ചരക്കുകപ്പലുകള്‍ക്കുനേരെ ഹൂതി വിമതര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ഫലസ്തീനുമേല്‍ ഇസ്റാഈല്‍ തുടരുന്ന അക്രമത്തിനെതിരായ പ്രതിരോധമെന്ന നിലയ്ക്കാണ് ഹൂതി ആക്രമണം തുടങ്ങിയതെങ്കിലും പിന്നീട് ചെങ്കടല്‍ വഴി പോകുന്ന എല്ലാ കപ്പലുകളെയും അവർ അക്രമിച്ചു. ആദ്യഘട്ടത്തില്‍ ഒറ്റപ്പെട്ട ആക്രമണങ്ങളായിരുന്നുവെങ്കില്‍ പിന്നീട് നിരന്തരമായി മാറി. 2023 നവംബര്‍ 19 മുതല്‍ 34 തവണയെങ്കിലും വാണിജ്യ കപ്പലുകളെ ഹൂതികള്‍ അക്രമിച്ചെന്ന് യു.എസ് മിലിട്ടറി ഇന്റലിജന്‍സ് പറയുന്നു.

നവംബര്‍ 19ന് ബ്രിട്ടിഷ് ഉടമസ്ഥതയിലുള്ള ജപ്പാനിലെ ചരക്ക് കപ്പലിനെതിരേ ആക്രമണം നടത്തിക്കൊണ്ടാണ് ഹൂതികള്‍ ചെങ്കടലില്‍ സൈനിക ആക്രമണത്തിന് തുടക്കമിട്ടത്. ഇതോടെ അന്താരാഷ്ട്രതലത്തില്‍ ചെങ്കടല്‍ വിഷയം ഗൗരവമേറിയ ചര്‍ച്ചയ്ക്കിടയാക്കി. ഹൂതികളുടെ തുടരെയുള്ള ആക്രമണം കാരണം സര്‍വിസ് നിര്‍ത്തിവയ്ക്കേണ്ടിവരുമെന്ന് പല രാജ്യങ്ങളും വ്യക്തമാക്കി.


വിഷയത്തില്‍ ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂനിയനും കടുത്ത ആശങ്ക രേഖപ്പെടുത്തുകയും ആക്രമണം നിര്‍ത്താന്‍ ഹൂതികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ ഗസ്സയ്ക്കുമേല്‍ നടത്തുന്ന നരമേധം അവസാനിപ്പിക്കാനാണ് ആദ്യം ഇടപെടേണ്ടതെന്ന് ഹൂതികള്‍ മറുപടി നല്‍കി. ഇതോടെ ചെങ്കടലില്‍ സൈനിക നീക്കത്തിന് അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടുന്ന സഖ്യസേന തീരുമാനിച്ചു. ഓപറേഷന്‍ പ്രൊസ്പെരിറ്റി ഗാര്‍ഡിയന്‍ എന്ന പേരിട്ട ദൗത്യത്തില്‍ ഇരുപതോളം രാജ്യങ്ങള്‍ ഒന്നിച്ചു. അതേസമയം, ഹൂതികള്‍ക്കെതിരായ നടപടിയുടെ പേരില്‍ തങ്ങളുടെ അതിര്‍ത്തി ലംഘിച്ചുള്ള അമേരിക്കന്‍ ആക്രമണം അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണെന്നാണ് യമന്‍ പ്രതികരിച്ചത്.

ഹൂതികൾക്കെതിരേ വ്യോമാക്രമണം നടത്തുന്നു എന്ന പേരില്‍ ജനവാസ കേന്ദ്രങ്ങള്‍ക്കു നേരെ നടത്തുന്ന ആക്രമണങ്ങളെ യമന്‍ ശക്തമായി അപലപിക്കുകയും ചെയ്തു.പശ്ചിമേഷ്യയിലെ സംഘര്‍ഷം വ്യാപിക്കുന്നതും ഹൂതികളുടെ ഒളിപ്പോരും ആ മേഖലയില്‍ മാത്രമല്ല കെടുതിയും ആശങ്കയും വിതയ്ക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ ഏറ്റവും തന്ത്രപ്രധാന കപ്പല്‍ പാതയാണ് ചെങ്കടല്‍. ചെങ്കടല്‍ വഴിയുള്ള വാണിജ്യ-വ്യാപാര- വിനോദ സഞ്ചാര യാത്ര എല്ലാ രാജ്യങ്ങള്‍ക്കും അനിവാര്യമാണ്. ഹൂതികളുടെ ആക്രമണത്തിന് മുമ്പ് ബ്രിട്ടന്‍, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രാ-ചരക്ക് കപ്പലുകള്‍ ചെങ്കടല്‍ താണ്ടിയാണ് ഏഷ്യയിലേക്കും തിരിച്ചും സഞ്ചരിക്കുന്നത്.

ചെങ്കടല്‍ സുരക്ഷിത യാത്രയ്ക്ക് പറ്റാതെ വന്നതോടെ കപ്പലുകള്‍ ഇപ്പോള്‍ ആഫ്രിക്കന്‍ വന്‍കര വഴി ഏകദേശം 3600 നോട്ടിക്കല്‍ മൈല്‍ അധികദൂരം സഞ്ചരിച്ചാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലും അറബിക്കടലിലും പ്രവേശിക്കുന്നത്. അതാവട്ടെ വലിയ തോതിലുള്ള ഇന്ധന, സമയ നഷ്ടത്തിനിടായാക്കുന്നു.

വിപണിയെ ബാധിക്കുന്നതോടൊപ്പം വിലക്കയറ്റത്തിനും കാരണമായി. നിലവില്‍ പ്രതിദിനം ശരാശരി 7.80 മില്യൻ ബാരല്‍ ക്രൂഡോയിലാണ് ചെങ്കടല്‍ വഴി കപ്പല്‍ മാര്‍ഗം കടന്നുപോകുന്നത്. ഇന്റര്‍നാഷണല്‍ ചേമ്പര്‍ ഓഫ് ഷിപ്പിങ് കണക്കുപ്രകാരം ലോകത്തിലെ ആകെ ചരക്കു കപ്പല്‍ ഗതാഗതത്തിന്റെ 15 ശതമാനവും സൂയസ് കനാല്‍ വഴി ചെങ്കടലിലൂടെയാണ് സഞ്ചരിക്കുന്നത്. ആഗോള വ്യാപാരത്തിന്റെ 60 ശതമാനവും ഇതുവഴിയാണ്.


ചെങ്കടലിലെ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഇന്ധനവില ഇതിനകം വര്‍ധിച്ചിട്ടുണ്ട്. ക്രൂഡോയില്‍ ബാരലിന് 2023ല്‍ ശരാരശി വില 82.17 ഡോളറായിരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വില 83ലേക്കു കുതിച്ചേക്കുമെന്നാണ് വ്യാപാരമേഖല വ്യക്തമാക്കുന്നത്. ഇത്തരമൊരു പ്രതിസന്ധി മുന്നില്‍ക്കണ്ടാണ് ചെങ്കടല്‍ സുരക്ഷിത യാത്രയ്ക്കുള്ള ഇടമാക്കി മാറ്റണമെന്ന് ഐക്യരാഷ്ട്ര സഭ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. ജനുവരി ആദ്യവാരം യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ വിഷയം ചര്‍ച്ചയ്ക്കു വന്നപ്പോള്‍ അമേരിക്ക കടുത്ത നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചത്. ഹൂതി ആക്രമണങ്ങളെ സുരക്ഷാ കൗണ്‍സില്‍ ഒറ്റക്കെട്ടായി അപലപിച്ചപ്പോഴും പ്രത്യാക്രമണമെന്ന അമേരിക്കന്‍ വാദത്തിന് പൂര്‍ണമായ പിന്തുണ ലഭിച്ചില്ല.


ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യമനില്‍ സര്‍ക്കാരിനെതിരേ നിലകൊള്ളുന്ന സംഘമാണ് ഹൂതി വിഭാഗം. 2014മുതല്‍ ഈ സംഘം യമന്‍ സര്‍ക്കാരുമായി യുദ്ധത്തിലാണ്. രാജ്യതലസ്ഥാനമായ സന, വടക്ക് മേഖല, ചെങ്കടല്‍ തീരമുള്‍പ്പെടുന്ന യമന്‍ പ്രദേശം എന്നിവ ഹൂതികളുടെ നിയന്ത്രണത്തിലാണ്.
ഇസ്റാഈല്‍-ഫലസ്തീന്‍ പ്രശ്നം ചൂണ്ടിക്കാട്ടിയുള്ള ഹൂതികളുടെ ആക്രമണം മേഖലയില്‍ അശാന്തി വിതയ്ക്കുമ്പോഴും ഗസ്സയിലെ സൈനിക നടപടി അനിശ്ചിതമായി നീളുന്നതിലും ആയിരക്കണക്കിന് മനുഷ്യജീവന്‍ മരിച്ചുവീഴുന്നതിലും അന്താരാഷ്ട്ര സമൂഹം കടുത്ത പ്രതിഷേധം ഉയര്‍ത്തുന്നുമുണ്ട്. ഇസ്റാഇൗല്‍ നടപടിക്കെതിരേ പ്രതിഷേധം ശക്തമാകുന്നതിനൊപ്പം അമേരിക്കന്‍ നിലപാടുകളും വിമര്‍ശിക്കപ്പെടുന്നു.


ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക പൂര്‍ണമായും ഇസ്റാഇൗല്‍ പക്ഷത്തെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ-നയതന്ത്ര ശ്രമങ്ങള്‍ സജീവമാക്കുന്നതില്‍ യു.എസ് താല്‍പര്യം കാണിക്കുന്നില്ല എന്ന ആക്ഷേപമാണ് പൊതുവില്‍ ഉയരുന്നത്. അഞ്ചുമാസം പിന്നിടുമ്പോഴും ഗസ്സയില്‍ വ്യോമാക്രമണം രൂക്ഷമാവുകയാണ്. ഖാന്‍യൂനുസില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ കടുത്ത വ്യോമാക്രമണം നടന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുദ്ധം തുടങ്ങിയ ശേഷം ഇതുവരെയായി 29,000 ഓളം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

ഇസ്റാഇൗല്‍ വ്യോമാക്രമണത്തില്‍ നിന്ന് രക്ഷനേടാനായി ഗസ്സയുടെ തെക്കേ മുനമ്പായ റഫയിലാണ് ജനങ്ങള്‍ അഭയം തേടിയിട്ടുള്ളത്. എന്നാല്‍, ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്ന റഫയിലും സൈനിക നീക്കം ശക്തമാക്കുകയാണ് ഇസ്റാഇൗല്‍ ചെയ്തത്. തങ്ങളുടെ അതിര്‍ത്തി മേഖലയിലെ സൈനിക വിന്യാസത്തിനെതിരേ ഈജിപ്ത് പ്രതിഷേധമറിയിച്ചിട്ടുണ്ട്. ഇതിനിടെ, വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കാന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഫെബ്രുവരി ആദ്യവാരം പശ്ചിമേഷ്യയിലെത്തിയിരുന്നു.

ഇസ്റാഈലിലും പിന്നാലെ ഈജിപ്ത്, സഊദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തിയ ആന്റണി ബ്ലിങ്കണ്‍ ഇവിടങ്ങളിലെ ഭരണനേതൃത്വങ്ങളുമായി പശ്ചിമേഷ്യയിലെ സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തി. ഇസ്റാഇൗല്‍-ഫലസ്തീന്‍ യുദ്ധം തുടങ്ങിയതിനുശേഷം അദ്ദേഹം അഞ്ചു തവണ പശ്ചിമേഷ്യയിലെത്തി. എന്നാല്‍ ഇസ്റാഈലിന്റെ ആക്രമണം അവസാനിപ്പിക്കാനോ ഗസ്സയിലെ കൂട്ടുക്കുരുതി അവസാനിപ്പിക്കണമെന്ന് നിര്‍ദേശിക്കാനോ യു.എസിനായില്ല.


ഗസ്സ യുദ്ധവും ചെങ്കടലിലെ സംഘര്‍ഷവും കാരണം ഗള്‍ഫ് മേഖലയില്‍ യുദ്ധഭീതി പടരുന്നത് തടയാനുള്ള നടപടി സ്വീകരിക്കുമെന്നാണ് പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന് മുമ്പ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞത്. എന്നാല്‍, ലോകം മുഴുവന്‍ ആവശ്യപ്പെട്ടിട്ടും വഴങ്ങാത്ത, തങ്ങളുടെ അധിനിവേശം അവസാനിപ്പിക്കില്ലെന്ന് ആവര്‍ത്തിക്കുന്ന ഇസ്റാഈല്‍ നിലപാടില്‍ യാതൊരു മാറ്റവുമുണ്ടാക്കാന്‍ യു.എസിനായില്ല.
ചെങ്കടലിലെ യുദ്ധസമാന സാഹചര്യത്തില്‍ ജി-7 രാജ്യങ്ങളുടെ അടിയന്തര യോഗം കഴിഞ്ഞ ദിവസം ഓണ്‍ലൈനായി ചേര്‍ന്നിരുന്നു. ചെങ്കടല്‍ വഴിയുള്ള കപ്പല്‍ ഗതാഗതം നേരിടുന്ന വെല്ലുവിളികള്‍,

വ്യാപാര-വാണിജ്യ മേഖലയില്‍ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ എന്നിവയില്‍ ആശങ്ക പ്രകടിപ്പിച്ച യോഗം പ്രതിസന്ധി പരിഹരിക്കാനായി കൂട്ടായ നടപടി വേണമെന്ന നിര്‍ദേശം അംഗീകരിച്ചു. എന്നാല്‍, ഇസ്റാഇൗല്‍ നടപടിക്കെതിരേ ജി-7 മൗനം പാലിക്കുകയും ചെയ്തു. അതിനിടെ, പ്രശ്‌നത്തില്‍ ചൈന ഇടപെടണമെന്ന ആവശ്യവുമായി കാനഡ രംഗത്തുവന്നിട്ടുണ്ട്.


ഗസ്സയില്‍ വെടിനിര്‍ത്തുന്നതോടൊപ്പം ചെങ്കടലിലെ അസ്വസ്ഥതകളും പരിഹരിക്കാനായില്ലെങ്കില്‍ പശ്ചിമേഷ്യ മറ്റൊരു യുദ്ധത്തിനുകൂടി സാക്ഷിയാകേണ്ടി വരുമെന്നാണ് അന്താരാഷ്ട്രതലത്തിലെ നയതന്ത്ര വിദഗ്ധര്‍ പറയുന്നത്. ഗസ്സ പ്രശ്നത്തിന് ശാശ്വത പരിഹാരം തേടുന്നതിലേക്ക് ചെങ്കടല്‍ വിഷയം സമ്മര്‍ദമായി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago