ചോരയിൽ ചാലിച്ച കമ്യൂണിസം;ട്രോട്സ്കി മുതൽ ടി.പിവരെ
അഡ്വ. അഹമ്മദ് മാണിയൂർ
ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ വീണ്ടും കേരള രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ചിരിക്കുന്നു. ശിക്ഷിക്കപ്പെട്ട പ്രതികൾ നൽകിയ അപ്പീൽ തള്ളി ശിക്ഷ സ്ഥിരപ്പെടുത്തിയും വിചാരണക്കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ട രണ്ടു പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയുമുള്ള ഡിവിഷൻ ബെഞ്ചിൻ്റെ വിധിയിലൂടെ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് സി.പി.എം. വടകര മേഖലയിൽ സി.പി.എമ്മിൻ്റെ ജനപ്രീതിയുള്ള നേതാവായിരുന്നു ചന്ദ്രശേഖരൻ. പാർട്ടിയുടെ ജില്ല, സംസ്ഥാന നേതൃത്വങ്ങളിൽ ചിലരുടെ വഴിവിട്ട നീക്കങ്ങളെ ചോദ്യം ചെയ്ത്, നിൽക്കക്കള്ളിയില്ലാതെ പാർട്ടി വിടുകയും പുതിയ പാർട്ടി പ്രഖ്യാപിച്ച് സി.പി.എം വിമർശനത്തിന് ശക്തികൂട്ടുകയും ചെയ്തതോടെയാണ് ചന്ദ്രശേഖരൻ, ‘കുലം കുത്തിയായി’ മാറുകയും അതിക്രൂരമാായി കൊല്ലപ്പെടുകയും ചെയ്തത്. ആശയത്തെ ആക്രമണംകൊണ്ട് നേരിടുന്ന ആഗോോള കമ്യൂണിസ്റ്റ് ക്രൂരതയുടെ കേരളത്തിലെ പരീക്ഷണമായിരുന്നു ഈ കൊലപാതകം.
2024 ഫിബ്രവരി 19ന് പ്രതികളുടെ ശിക്ഷാവിധി സ്ഥിരീകരിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ആരംഭിച്ചതുതന്നെ നൊബേൽ ജേതാവും സാമ്പത്തിക വിദഗ്ധനുമായ അമർത്യാ സെന്നിൻ്റെ പ്രസിദ്ധ ഉദ്ധരണികളോടെയാണ് ‘അക്രമോത്സുക വിശ്വാസ കടന്നുകയറ്റങ്ങളിലൂടെയല്ല സമാധാനപരമായ ആശയ പ്രസരണങ്ങളിലൂടെയാണ് ജനാധിപത്യം പരിപോഷിക്കുക. രാഷ്ട്രീയാതിക്രമങ്ങൾ ജനാധിപത്യമൂല്യങ്ങളെ ഹനിക്കുന്ന വിഷമാണ്’. അമർത്യാസെന്നിൻ്റ ഈ വരികൾ ഉദ്ധരിച്ച് ഡിവിഷൻ ബെഞ്ച് ലക്ഷ്യമിട്ടതും സി.പി.എമ്മിൻ്റെയും മറ്റും ജനാധിപത്യവിരുദ്ധവും ജനദ്രോഹപരവുമായ നീക്കങ്ങൾക്കെതിരായി ശക്തമായ സന്ദേശം നൽകുക എന്നതാണ്.
അമേരിക്കൻ ചരിത്രകാരനും സ്റ്റാൻഫോർഡ് യൂനിവേർസിറ്റി ചരിത്രവിഭാഗം തലവനുമായ സ്റ്റീഫൻ മാർക്ക് കോട്കിൻ 2017ൽ പ്രസിദ്ധീകരിച്ച ‘ഹിറ്റ്ലറെ കാത്തുനിൽക്കുന്ന സ്റ്റാലിൻ`(Stalin: Waiting for Hitler) എന്ന ഗ്രന്ഥത്തിൽ കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ നടത്തിയ മനുഷ്യക്കശാപ്പുകളെക്കുറിച്ച് വിവരിക്കുന്നുണ്ട്. ആശയവൈരുധ്യങ്ങളല്ല അത്തരം കശാപ്പുകൾക്കൊന്നും ഹേതു. സ്വേഛാധികാരങ്ങൾക്ക് തടസമായേക്കുമെന്ന ഭയം മാത്രമായിരുന്നു. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് ഭരണാധികാരികൾ ഇല്ലാതാക്കിയവരിൽ അധികവും കമ്യൂണിസ്റ്റുകാരായിരുന്നു. അറുപത്തിയഞ്ചു കോടി ജനങ്ങൾ ഇത്തരത്തിൽ കൊല്ലപ്പെട്ടതായി സ്റ്റീഫൻ കോട്കിൻ എഴുതിയിട്ടുണ്ട്.
സോവിയറ്റ് യൂനിയനിൽ സ്റ്റാലിൻ കൊന്നൊടുക്കിയത് ആറുകോടി ജനങ്ങളെയാണ്. കമ്യൂണിസ്റ്റ് ആചാര്യരും ബോൾഷെവിക്ക് വിപ്ലവനായകരും ലെനിൻ്റെ സഹപ്രവർത്തകരുമായ ലിയോണൽ ട്രോട്സ്കി, ലെവ് കാമനോവ്, പാവ് ലോവ് തുടങ്ങിയ നിരവധി കമ്യൂണിസ്റ്റ് വിപ്ലവ നായകരെ സ്റ്റാലിൻ കൊന്നു. വിപ്ലവത്തിനുശേഷം അധികാരമേറ്റ ലെനിൻ താമസിയാതെ രോഗശയ്യയിലായി. ലെനിൻ പിൻഗാമിയായി നിർദേശിച്ചത് ലിയോണൽ ട്രോട്സ്കിയെയായിരുന്നു. സ്റ്റാലിനോട് ലെനിന് മതിപ്പുണ്ടായിരുന്നില്ല. പക്ഷേ സ്റ്റാലിൻ ഏതുവിധത്തിലും അധികാരം പിടിക്കാൻ ഒരുങ്ങിയിരിക്കുകയായിരുന്നു.
ലെനിൻ്റെ മരണസമയത്ത്, ആരോഗ്യപ്രശ്നങ്ങളാൽ ട്രോട്സ്കി മോസ്ക്കോ നഗരത്തിന് പുറത്തുള്ള ആശുപത്രിയിലായിരുന്നു. ലെനിൻ്റെ ശവസംസ്കാരത്തിനുശേഷം അധികാരാരോഹണത്തിനായിരുന്നു ധാരണ. യഥാർഥ സംസ്കാര തീയതിക്കുപകരം തെറ്റായ ദിവസം അറിയിച്ച് സ്റ്റാലിൻ ട്രോട്സ്കിയെ തെറ്റിദ്ധരിപ്പിച്ചു. അതിനാൽ ട്രോട്സ്കിക്കു ശവസംസ്കാരത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല. സ്റ്റാലിൻ അധികാരമേറ്റെടുത്തു. താമസിയാതെ ട്രോട്സ്കിയെയും സഹപ്രവർത്തകരെയും വിമതരും കമ്യൂണിസ്റ്റ് വിരുദ്ധരുമായി പ്രഖ്യാപിച്ച് നാടുകടത്തുകയും ചെയ്തു. എല്ലാവരെയും വധിച്ചു. സ്റ്റാലിൻ്റെ സോവിയറ്റ് യൂനിയനിൽ പ്രബല സമൂഹമായിരുന്നു താർത്താരി മുസ് ലിംകൾ. അവർ വിപ്ലവത്തിലും പങ്കാളികളായിരുന്നു. മുസ് ലിം പിന്തുണ ഉറപ്പാക്കുന്നതിനുവേണ്ടി സ്റ്റാലിൻ മുസ് ലിം നാഷനൽ കമ്യൂണിസ്റ്റ് പാർട്ടിയുണ്ടാക്കി. മുസ് ലിം ബോൾഷെവിക്ക് പോരാളിയായിരുന്ന മിർസാ സുൽത്താൻ ഗാലീവിനെ ചെയർമാനുമാക്കി. ഒടുവിൽ ഗാലീവും തടവിലാക്കപ്പെടുകയും ദീർഘനാളത്തെ പീഡനങ്ങൾക്കുശേഷം വധിക്കപ്പടുകയും ചെയ്തു. സ്റ്റാലിൻ്റെ ആശയങ്ങളെ പിന്തുണക്കുകയും സ്റ്റാലിനെ ലോക കമ്യൂണിസ്റ്റ് ഹീറോയായി അംഗീകരിക്കുകയും ചെയ്യുന്നവരാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാവും പീപ്പിൾസ് റിപബ്ലിക്ക് ഓഫ് ചൈനയുടെ ചെയർമാനുമായിരുന്ന മാവോ സെതുംഗ് ചൈനയിൽ സാംസ്കാരിക വിപ്ലവത്തിൻ്റെ മറവിൽ 45 ദശലക്ഷം മനുഷ്യരെയാണ് കൊന്നൊടുക്കിയത്. റുമേനിയയിലെ കമ്യൂണിസ്റ്റ് ഏകാധിപതി നിക്കോളാസ് ചൗഷസ്ക്യു രാജ്യത്തെ മൂന്നു ലക്ഷം ദരിദ്രർക്ക് സൗജന്യ വിരുന്നൊരുക്കി ഭക്ഷണം കഴിക്കുന്നതിനിടയിൽ ഹാളിനു തീ കൊളുത്തി ഇൗ പട്ടിണിപ്പാവങ്ങളെ ചുട്ടെരിച്ചു. റുമേനിയയെ കമ്യൂണിസ്റ്റ് സ്വേഛാധിപത്യത്തിൽ ദരിദ്രരില്ലാത്ത മോഹനസുന്ദര രാജ്യമാക്കി കാണിക്കാനുള്ള വ്യഗ്രതയിലായിരുന്നു ഈ ദരിദ്ര കൂട്ടക്കൊല. 1989 ഡിസംബറിൽ സൈന്യം ക്രൂരനായ ഏകാധിപതിക്കെതിരായി തിരിയുകയും സ്വന്തം സുരക്ഷാ സേനയുടെ വെടിയേറ്റ് ചൗഷസ്ക്യു കൊല്ലപ്പെടുകയുമാണുണ്ടായത്.
1975ൽ ഗറില്ലാ പോരാട്ടങ്ങളിലൂടെ കമ്പോഡിയയിൽ അധികാരം പിടിച്ച കമ്യൂണിസ്റ്റ് സ്വേഛാധിപതി പോൾ പോട്ട് 1975_ 79 കാലത്തായി പത്തു ലക്ഷം മനുഷ്യരെ കൊന്നൊടുക്കി. കമ്യൂണിസ്റ്റ് ഹിറ്റ്ലർ എന്നാണു ചരിത്രകാരന്മാർ പോൾ പോട്ടിനെ വിശേഷിപ്പിച്ചിട്ടുള്ളത്. ലോക രാജ്യങ്ങളിൽനിന്ന് ഒറ്റപ്പെട്ട് നിലകൊള്ളൂകയും ഇപ്പോഴും നിർബാധം മനുഷ്യവേട്ട നടക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് രാജ്യമാണ് വടക്കൻ കൊറിയ. സ്റ്റാലിനിസ്റ്റ് പാത അതേപടി പിന്തുടരുകയും രാഷ്ട്രീയ ലാക്കോടെ ആക്രമണങ്ങൾ തുടരുകയും ചെയ്യുന്ന പാർട്ടിയാണ് സി.പി.എം. 35 കൊല്ലം പശ്ചിമബംഗാൾ ഭരിച്ചപ്പോഴും 25 കൊല്ലം ത്രിപുര ഭരിച്ചപ്പോഴും അവർ സ്റ്റാലിനിസ്റ്റ് പാതയിൽ തന്നെയാണ് ഭരണം നടത്തിയത്.
കേരളത്തിൽ ഒന്നിടവിട്ടാണ് ഭരണാവസരം ലഭിക്കാറെങ്കിലും ഭരണപക്ഷത്താകുമ്പോഴും പ്രതിപക്ഷത്താകുമ്പോഴും രാഷ്ട്രീയാതിക്രമങ്ങളും കൊലപാതകങ്ങളും തുടർന്നുകൊണ്ടിരുന്നു. എല്ലാ കൊലപാതകങ്ങളിലും നേതൃത്വത്തിൻ്റെ മേൽനോട്ടവും ആസൂത്രണങ്ങളുമുണ്ട്. പക്ഷേ ഗൂഢാലോചന ഒരിക്കലും വെളിച്ചത്തു വരാറില്ല. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ഗൂഢാലോചനയും തെളിയിച്ചെടുക്കാൻ പൊലിസ് അന്വേഷണ സംഘത്തിന്ന് കഴിഞ്ഞു. ടി.പി വധിക്കപ്പെടുമ്പോൾ സി.പി.എം കേരളത്തിൽ അധികാരത്തിലില്ലാതിരുന്നതും മുൻ ഡി.ജി.പി വിൻസൻ്റ് എം. പോളിനെപ്പോലുള്ള സത്യസന്ധരായ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൂച്ചുവിലങ്ങുകളില്ലാതെ അന്വേഷണത്തിന് സാധിച്ചതുമാണ് അതിനു കാരണം
ടി.പി വധക്കേസിനുമുമ്പും പിമ്പുമായി നടന്ന സി.പി.എം പ്രതിസ്ഥാനത്തുള്ള ഒരു ഡസനോളം കൊലപാതകക്കേസുകൾ ഇപ്പോഴും വിചാരണ കാത്തുകിടപ്പുണ്ട്. അവയിൽ പലതും സി.പി.എം ഭരണകാലത്തു നടന്നവയാണ്. അവ എങ്ങനെ പര്യവസാനിക്കുമെന്ന് കണ്ടറിയുകതന്നെ വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."