പ്രിയങ്ക വന്നു എല്ലാം ശരിയായി; രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ അഖിലേഷും അണിചേരും
പ്രിയങ്ക വന്നു എല്ലാം ശരിയായി; രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ അഖിലേഷും അണിചേരും
ലഖ്‌നോ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ സമാജ് വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവ് പങ്കെടുക്കും. ഇന്ന് വൈകീട്ട് ആഗ്രയിലെ പര്യടനത്തില്‍ രാഹുലിനൊപ്പം അഖിലേഷും അണിചേരും. യു.പിയില്‍ സീറ്റ് പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും എസ്.പിയും തമ്മില്‍ തര്‍ക്കം പറഞ്ഞുതീര്‍ത്ത പശ്ചാത്തലത്തിലാണ് അഖിലേഷ് രാഹുലിന്റെ യാത്രയില്‍ അണിചേരുന്നത്.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അഖിലേഷുമായി നടത്തിയ ചര്‍ച്ചയിലാണ് ഇരുകക്ഷികള്‍ക്കുമിടയിലെ മഞ്ഞുരുകിയത്. 'ഇന്‍ഡ്യ' സഖ്യത്തിലെ രണ്ട് പ്രമുഖ കക്ഷികള്‍ രമ്യതയിലെത്തിയത് മുന്നണിക്കും ആശ്വാസമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാകുമെന്നും രാഹുല്‍ ഗാന്ധിയുമായി പ്രശ്‌നങ്ങളില്ലെന്നും ഇതിന് പിന്നാലെ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് വ്യക്തമാക്കുകയും ചെയ്തു.
യു.പിയില്‍ 63 സീറ്റില്‍ എസ്.പിയും 17 സീറ്റില്‍ കോണ്‍ഗ്രസും മത്സരിക്കാനാണ് ധാരണയായത്. സീറ്റ് വിഭജനം പൂര്‍ത്തിയായ ശേഷമേ ജോഡോ യാത്രയില്‍ പങ്കെടുക്കൂവെന്നായിരുന്നു അഖിലേഷ് യാദവിന്റെ നിലപാട്. രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര അമേത്തിയിലും റായ് ബറേലിയും എത്തിയപ്പോള്‍ അഖിലേഷ് വിട്ടുനിന്നു. ഇതോടെ സഖ്യ ചര്‍ച്ചകള്‍ വഴിമുട്ടിയെന്ന പ്രചാരണവുമുയര്‍ന്നു.
ഇന്ന് ജോഡോ ന്യായ് യാത്ര കടന്നുപോകുന്നവയില്‍ മഥുര, ഫത്തേപൂര്‍ സിക്രി എന്നിവയില്‍ കോണ്‍ഗ്രസ് മത്സരിക്കാനാണ് ധാരണ. ആഗ്ര, ഹാഥ്‌റസ്, എറ്റാ, അലിഗഢ് എന്നിവയില്‍ എസ്.പിയും മത്സരിക്കും.
ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ നടക്കുന്ന അഖിലേഷിന്റെ പങ്കാളിത്തമുള്ള ഭാരത് ജോഡോ യാത്ര ശക്തമായ രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തുന്നത്. ആറു വര്‍ഷം മുമ്പ് ഇരുവരും നടത്തിയ 12 കിലോമീറ്റര്‍ റോഡ് ഷോയുടെ ആവര്‍ത്തനമായാണ് ഇതിനെ നോക്കി കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."