HOME
DETAILS

വൃദ്ധര്‍ ഭരിക്കുന്ന ലോകം

  
backup
February 26 2024 | 00:02 AM

a-world-ruled-by-old-men

ഹസ്സന്‍ തിക്കോടി

ലോകപൊലിസ് ചമയുന്ന അമേരിക്ക ഭരിക്കുന്നത് 81കാരനായ ജോ ബൈഡന്‍. റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനും 70 കഴിഞ്ഞിരിക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എഴുപതിലെത്തിയിട്ടുണ്ട്. സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റംഫോസക്ക് 71ഉം ബ്രസീലിയന്‍ പ്രസിഡന്റ് ലൂയിസ് ലുലാ ഡ സില്‍വയ്ക്ക് 78ഉം കഴിഞ്ഞിട്ടും അടുത്ത ഊഴത്തിനായുള്ള കാത്തിരിപ്പിലാണ്. ഇനിയുമുണ്ട് കിഴവന്മാര്‍ ഭരിക്കുന്ന രാജ്യങ്ങള്‍. 90 കഴിഞ്ഞ പോള്‍ ബിയ കാമറൂണ്‍ ഭരിക്കുന്നു. ബ്രൂണെ പ്രസിഡന്റ് ഹസനുല്‍ ബോല്‍കിയ 77 പിന്നിട്ടിട്ടും രാഷ്ട്രത്തലവനായി നിറഞ്ഞുനില്‍ക്കുന്നു. അതേസമയം, മുപ്പതിനും അമ്പതിനുമിടയില്‍ പ്രായമുള്ള ഭരണാധികാരികളും ലോകത്തുണ്ട്. യുവാക്കളുടെ ഭരണതന്ത്രങ്ങള്‍ പ്രായമായവരുടേതിലും വേഗത്തിലും ഊര്‍ജവുമുള്ളതാണ്. തീരുമാനമെടുക്കാനുള്ള കഴിവാണ് അവരെ വ്യത്യസ്തരാക്കുന്നത്. ഫ്രാന്‍സ്, ഇക്വഡോര്‍, മോണ്ടിനിഗ്രോ, സാന്‍ മാരിയോ, ചിലി എന്നിവിടങ്ങളിലെ ഭരണാധിപരും സഊദി അറേബ്യയുടെ 38 കഴിഞ്ഞ മുഹമ്മദ് ബിന്‍ സല്‍മാനും യുവതാരങ്ങളായി വാഴുന്നു.

71കാരനായ പുടിനോട് ഒന്നരവര്‍ഷമായി യുദ്ധം ചെയ്യുന്ന ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുടെ പ്രായം 46. യുവത്വത്തിന്റെ ശക്തിയാണ് പഴഞ്ചന്‍ യുദ്ധക്കൊതിയെ എതിരിടുന്നത്. 37 വയസുള്ളപ്പോള്‍ ന്യൂസിലന്റ് പ്രധാനമന്ത്രിയായിരുന്നത് ജസിന്ത ആര്‍ഡേണ്‍, ലോകത്തിലെ പ്രായംകുറഞ്ഞ പെണ്‍പ്രധാനമന്ത്രി. പുതിയ വീക്ഷണവും വിശാല ആശയങ്ങളും നവീകരണ ചിന്തകളും സാങ്കേതികജ്ഞാനവും ലോകത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നത് തീർച്ചയാണ്. പക്ഷേ, ലോകത്തിന്റെ താക്കോല്‍ നിര്‍ഭാഗ്യവശാല്‍ "വയസന്മാരുടെ' കൈകളിലായിപ്പോയി.

ജോ ബൈഡന്റെ ഓര്‍മക്കുറവ്


കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കന്‍ മാധ്യമങ്ങളും ലോകവും ചര്‍ച്ച ചെയ്ത വിഷയം 81കാരനായ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഓര്‍മക്കുറവിനെ കുറിച്ചായിരുന്നു. തനിക്ക് ഓര്‍മക്കുറവില്ലെന്ന കാര്യം വ്യക്തമാക്കാന്‍ വിളിച്ചുചേര്‍ത്ത പതിവു വാര്‍ത്താസമ്മേളനത്തിലും അദ്ദേഹത്തിന് ഓര്‍മപ്പിശക് സംഭവിച്ചു. മരിച്ചുപോയ സ്വന്തം മകന്‍ ബിയോ ബൈഡന്റെ മരണനാളുകള്‍പോലും ഓര്‍ക്കാനാവാത്തത് വാര്‍ധക്യസഹജമായ കാരണങ്ങളാണെന്ന് ന്യൂറോളജിസ്റ്റുകള്‍ വിലയിരുത്തുന്നു. പ്രായമേറെ കഴിഞ്ഞവരില്‍ പതിവുരോഗങ്ങളായ വിഷാദം, ഉത്കണ്ഠ, സ്മൃതിക്ഷയം എന്നിവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം സദാസമയം ലോകനേതാക്കള്‍ക്കൊപ്പം ഉണ്ടാകുമെന്നതിനാല്‍ പല രോഗങ്ങളും പുറത്തറിയുന്നില്ല എന്നതാണ് വാസ്തവം. ക്ഷയിച്ചുകൊണ്ടിരിക്കുന്ന പ്രായത്തേക്കാള്‍ വിലപ്പെട്ട ലോകപ്രശ്നങ്ങളാണ് ഇവര്‍ കൈകാര്യം ചെയ്യേണ്ടത്. അതുകൊണ്ടുതന്നെ അവരുടെ അറിവിനും തീരുമാനങ്ങളെടുക്കാനുള്ള കഴിവിനും മങ്ങലേല്‍ക്കുക സ്വാഭാവികം.


പ്രസിഡന്റായി രണ്ടാമൂഴത്തിനു കാത്തിരിക്കുന്ന ബൈഡനു തന്റെ ഓര്‍മക്കുറവ് വിനയാവാനുള്ള സാധ്യത ഏറിവരികയാണ്. അസുഖം കാരണമോ വാര്‍ധക്യം മൂലമോ അധികാരക്കസേരകള്‍ സ്വയം ഒഴിഞ്ഞുകൊടുക്കാനുള്ള വിമുഖത ഒട്ടുമിക്ക ഭരണാധികാരികളിലുമുണ്ടാകും. അധികാരത്തിന്റെ ലഹരിയില്‍ പ്രായമോ അസുഖമോ അവര്‍ക്കു പ്രശ്നമാവുന്നില്ല. അധികാരത്തിലേറ്റിയ ജനങ്ങള്‍ക്കു ദുര്‍ഭരണമോ അവശഭരണമോ ആണ് വിധിയെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെ പുറത്താക്കാനുള്ള നിയമസംവിധാനം ഉണ്ടാകാത്ത കാലത്തോളം ഇവരെ സഹിക്കുകയല്ലാതെ നിവൃത്തിയില്ല. കാലാവധി അവസാനിച്ചാലും വീണ്ടുമൊരൂഴത്തിനു വേണ്ടി അവര്‍ വീണ്ടും ജനങ്ങളെ സമീപിക്കുന്നു. അമേരിക്കയുടെ 34ാമത് പ്രസിഡന്റ് ഐസന്‍ഹോവര്‍ മാത്രമായിരുന്നു, പ്രായം ഭരണത്തെ ബാധിക്കുമെന്ന് ഉറക്കെപ്പറഞ്ഞ് യുവാക്കള്‍ക്കു വേണ്ടി സ്ഥാനമൊഴിയാന്‍ തയാറാണെന്ന് പ്രഖ്യാപിച്ച ആദ്യഭരണാധികാരി.

ഇന്ന് അമേരിക്ക ഒരു രാഷ്ട്രീയഭൂകമ്പത്തിന്റെ മധ്യേയാണ് നിലകൊള്ളുന്നത്. അത് സംഭവിക്കുകയാണെങ്കില്‍ അടുത്ത ഭരണം അവസാനിക്കുമ്പോള്‍ ജോ ബൈഡനു 86 വയസും ഡൊണാള്‍ഡ് ട്രംപിനു 82 വയസുമായിരിക്കും. അതോടെ യുവാക്കളെ പാടെ തഴയുന്ന ഒരു കീഴ്‌വഴക്കം ലോകത്തില്‍ തുടരും. എന്തുകൊണ്ട് യുവവോട്ടര്‍മാര്‍ ഈ കിഴവന്‍ ഭരണത്തെ എതിര്‍ക്കുന്നില്ല? ലോകത്തിലെ എല്ലാ പൊതുമേഖല/ സ്വകാര്യ മേഖലകളിലും ജോലിചെയ്യാനുള്ള പ്രായപരിധി 60 വയസാണെന്നിരിക്കെ രാഷ്ട്രീയ/ ഭരണകേന്ദ്രങ്ങളില്‍ വൃദ്ധരെ കുടിയിരുത്തുന്നത് എന്തുകൊണ്ടാണ്? നൂലാമാലകള്‍ ഏറെയുള്ള ഭരണക്കുരിശ് തലയിലേറ്റാന്‍ യുവമനസുകള്‍ എന്തിനു മടിക്കുന്നു? പാരമ്പര്യ ഭരണസമ്പ്രദായം മാറ്റിമറിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാലത്തിന്റെ മാറ്റങ്ങള്‍ക്കൊത്ത പൊളിറ്റിക്കല്‍ പക്വത യുവത മനസിലാക്കുകതന്നെ വേണം.

എയ്ജിസം


എയ്ജിസം ഒരു ചര്‍ച്ചാ വിഷയമാവുന്നതോടെ അതൊരു മനുഷ്യാവകാശ പ്രശ്നമായും ഇന്ന് മാറിയിരിക്കുന്നു. 1948 ഡിസംബർ 10നു യു.എന്‍ ജനറല്‍ അസംബ്ലിയില്‍ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയ ശേഷം, അത് ലോകത്തിലെ 300 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടും അതിലെ ആശയങ്ങള്‍ ഉള്‍ക്കൊള്ളാനോ പ്രാവര്‍ത്തികമാക്കാനോ ഒരു ഭരണകൂടവും ശ്രമിച്ചിട്ടില്ല. ഒരുപരിധിവരെ ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന പരിഗണന ലഭിക്കുന്നുണ്ടെങ്കിലും ഇന്ത്യ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങൾ മുതിർന്ന പൗരന്മാരെ സമൂഹത്തിൽനിന്ന് മാറ്റിനിർത്തുകയാണ് ചെയ്യുന്നത്. അതേസമയം, പ്രായമേറിയ രാഷ്ട്രീയക്കാർക്ക് ഭരണത്തിന്റെ എല്ലാ ആനുകൂല്യങ്ങളും നൽകുന്നുമുണ്ട്.

മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്വാഭാവികമായും ലഭിക്കേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും പറയുന്നതോടൊപ്പം യുവാക്കളുടെ അവകാശങ്ങള്‍ നിഷേധിക്കാനോ അവരോട് വിവേചനം കാണിക്കാനോ പാടുള്ളതല്ല. ഇന്ത്യയില്‍ 60 കഴിഞ്ഞ മുതിര്‍ന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പോളിസി, യാത്രാ ആനുകൂല്യങ്ങള്‍, സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ ജോലികള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ മുതലായവ നിഷേധിക്കപ്പെടുന്നുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 30 ശതമാനം ഇളവുകള്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ പൂര്‍ണ ആനുകൂല്യങ്ങള്‍, കോടതികളില്‍ മുന്‍ഗണന, ഇന്‍കം ടാക്സ് ഇളവുകള്‍ ഇവയൊക്കെ നാമമാത്രമായിത്തീരുന്നു. കൊവിഡിനു ശേഷം റയില്‍വേയും വിമാനക്കമ്പനികളും സീനിയര്‍ സിറ്റിസണ്‍ നിരക്കുകള്‍ പൂര്‍ണമായും ഇല്ലാതാക്കി. മുതിര്‍ന്നവരോടുള്ള ബഹുമാനവും ആദരവും തീരെ ഇല്ലാതായെന്ന് ചുരുക്കം. 2023 ഫെബ്രുവരിയില്‍ പാര്‍ലമെന്റ് ബജറ്റ് ചര്‍ച്ചയില്‍ ജയാ ബച്ചന്‍ പറഞ്ഞത് ഇതിനോട് ചേര്‍ത്തുവായിക്കാം; 2031 ആകുമ്പോഴേക്കും ഇന്ത്യന്‍ ജനസംഖ്യയില്‍ 41 ശതമാനം 60 കഴിഞ്ഞവരായിരിക്കും! പക്വത, വിവേകം, ചിന്ത എന്നിവയില്‍ മുതിര്‍ന്ന പൗരന്മാരെ ഉള്‍പ്പെടുത്തിയിട്ടും ആനുകൂല്യങ്ങളില്‍നിന്ന് അവരെ ഒഴിവാക്കപ്പെടുന്നു. അവരുടെ അറിവും അനുഭവസമ്പത്തും യുവാക്കളിലേക്കു പകര്‍ന്നുനല്‍കി യുവഭരണം കൊണ്ടുവരുന്നതിനു പകരം മരണംവരെ താനിരുന്ന ഭരണക്കസേരകള്‍ ഒഴിഞ്ഞുകൊടുക്കില്ലെന്ന ദുര്‍വാശിയോടെ പിണങ്ങിപ്പിരിയുന്നതും കൂറുമാറുന്നതും ഇന്നത്തെ രസകരമായ കാഴ്ചയാണ്.

വൃദ്ധഭരണം


രാജകീയ ഭരണത്തിന്റെയും പ്രഭുത്വവാഴ്ചയുടെയും തുടര്‍ച്ചയായാണ് ജനാധിപത്യത്തിലും അധികാരങ്ങള്‍ പ്രായമായവരിലേക്ക് എത്തിത്തുടങ്ങിയത്. ഭരണപരിചയത്തിനും വിദ്യാഭ്യാസ യോഗ്യതയ്ക്കുമപ്പുറം മുതിര്‍ന്നവരായതു കൊണ്ടുമാത്രം, അവര്‍ ആ സമൂഹത്തില്‍ വഹിക്കുന്ന സ്ഥാനവും പരിഗണിച്ച് കാരണവന്മാരായി വാഴിക്കുന്ന കാലമുണ്ടായിരുന്നു. അങ്ങനെ അധികാരം എപ്പോഴും പ്രായമായവരുടെ കൈകളിലെത്തി. പുരാതന ഗ്രീസില്‍ ഇത്തരമൊരു സമ്പ്രദായം നിലനിന്നിരുന്നു. അക്കാലത്ത് 60 വയസു കഴിഞ്ഞവര്‍ക്കു മാത്രമേ ഭരണത്തില്‍ പങ്കാളിത്തമുണ്ടായിരുന്നുള്ളൂ. കാലം ഏറെ മാറിയിട്ടും അധികാരപ്രായത്തിനു മാറ്റമുണ്ടായില്ല.

ആധുനികലോകം കെട്ടിപ്പടുക്കുന്നതില്‍ യുവാക്കളുടെ സംഭാവന എല്ലാരംഗത്തും വ്യത്യസ്തവും മഹത്തരവുമാണ്. പക്ഷേ, ഭരണസിരാകേന്ദ്രങ്ങളില്‍ അവര്‍ വാഴണമെങ്കില്‍, ആഴത്തിലുള്ള ലോകപരിചയവും രാഷ്ട്രീയപക്വതയും സാമ്പത്തിക പരിജ്ഞാനവും തീരുമാനമെടുക്കാനുള്ള കഴിവും ഉണ്ടാകണം. ഇന്നത്തെ യുവാക്കളില്‍ പക്വതയും ഭരണമികവും രാഷ്ട്രീയജ്ഞാനവും ഇല്ലെന്നതാണ് വൃദ്ധഭരണം ലോകത്തില്‍ നിലനിന്നുപോരാനുള്ള കാരണങ്ങളിലൊന്ന്. മറവിരോഗം ബാധിച്ചാലും അധികാരത്തില്‍ തുടരാന്‍ അവര്‍ ആഗ്രഹിക്കുന്നു, അഥവാ ജനം അവരെത്തന്നെ പിന്തുണക്കുന്നു. എന്നാല്‍, ഈ യുവാക്കളുടെ വോട്ടുകളാണ് വൃദ്ധരെ വീണ്ടും ഭരണത്തിലെത്തിക്കുന്നത്. വൃദ്ധരെ ഭരണത്തിലെത്തിക്കാന്‍ മുദ്രാവാക്യം വിളിക്കാനും ജാഥകള്‍ നയിക്കാനും വോട്ടുപിടിക്കാനും രംഗത്തുണ്ടാവുന്നത് യുവാക്കളാണ്. ഭരണം കൈകാര്യം ചെയ്യണമെങ്കില്‍ ലോകോത്തര നിലവാരത്തിലുള്ള അറിവും പരിചയവും തങ്ങള്‍ക്കില്ലെന്ന് അവര്‍ പറയാതെ പറയുന്നു. ഇത്തരം തോന്നലുകളാവാം യുവാക്കള്‍ അധികാരത്തില്‍ വരാന്‍ മടിക്കുന്നത്.

സമാധാനം അകലുന്നു


വാര്‍ധക്യസഹജമായ വികാരമാണ് വാശിയും കടുംപിടിത്തവും. ഇതേ വികാരം ഭരണതലത്തിലേക്കും തലമുറകളറിയാതെ കൈമാറ്റം ചെയ്യപ്പെടുന്നു. നാളിതുവരെ നടന്ന യുദ്ധങ്ങളില്‍ സമാധാനം അകലാന്‍ കാരണം വൃദ്ധഭരണാധികാരികളുടെ വീറും വാശിയും വീര്യവുമായിരുന്നുവെന്ന് നിരീക്ഷിക്കാം. വിട്ടുവീഴ്ചാ മനസ്ഥിതി പ്രായംകൂടുംതോറും കുറഞ്ഞുവരുന്നു. അമേരിക്ക ആരെയും പേടിക്കുന്നില്ല, പ്രത്യേകിച്ച് ചൈനയെ. പക്ഷേ, അവര്‍ ഭയപ്പെടുന്നത് സമാധാനത്തെയാണ്. മറ്റൊരർഥത്തില്‍, ലോകത്തൊരിടത്തും സമാധാനമുണ്ടാകരുതെന്ന് അമേരിക്ക ആഗ്രഹിക്കുന്നു. കാരണം ‘സമാധാനം’ സംഭവിച്ചാല്‍ അമേരിക്കന്‍ സാമ്രാജ്യം ഇല്ലാതാവുമെന്ന് അവര്‍ ഭയപ്പെടുന്നു. അതായത്, യുദ്ധങ്ങള്‍കൊണ്ട് കെട്ടിപ്പടുത്തതാണ് അവരുടെ സമ്പദ് വ്യവസ്ഥ. സമാധാനമുണ്ടായാല്‍ ആയുധങ്ങള്‍ വിറ്റഴിക്കപ്പെടില്ല. പടുത്തുയര്‍ത്തിയ മിലിറ്ററി ബേയ്സുകള്‍ ഇല്ലാതാവും, മിലിട്ടറി എയര്‍ക്രാഫ്റ്റുകളുടെ ഉല്‍പാദനം നിര്‍ത്തിവയ്ക്കേണ്ടിവരും, കോടിക്കണക്കിനു ഡോളറിന്റെ നശീകരണായുധങ്ങള്‍ വൃഥാവിലാകും, ചാരസംഘടനയെ പിരിച്ചുവിടേണ്ടിവരും, ശത്രുക്കളെ വട്ടംകറക്കുന്ന ജാരവാര്‍ത്താ ഏജന്‍സികള്‍ അടച്ചുപൂട്ടേണ്ടിവരും, ഒരു ട്രില്യണ്‍ ഡോളറിന്റെ യുദ്ധ ബജറ്റ് ഇല്ലാതാവും.
ഇതൊക്കെ കൊണ്ടുതന്നെയാണ് വൃദ്ധഭരണത്തെ അമേരിക്ക പ്രോത്സാഹിപ്പിക്കുന്നത്. യുവാക്കള്‍ ഭരണത്തിലേറി, അവരുടെ ചിന്തകളില്‍ സമാധാനമെന്ന ആശയം കാമ്പെടുക്കുകയാണെങ്കില്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തകിടംമറിയും. ആയുധക്കച്ചവടമില്ലാതാവുന്ന ഒരു നാളെയെക്കുറിച്ച് ചിന്തിക്കാന്‍ അവര്‍ക്കാവില്ല. ഇറാഖ്- കുവൈത്ത് യുദ്ധവും ഇറാന്‍- സഊദി പ്രശ്നങ്ങളും യൂറോപ്പിലോ ആഫ്രിക്കയിലോ നടക്കുന്ന എല്ലാ സമാധാന ചര്‍ച്ചകളെയും യു.എന്നില്‍ വീറ്റോ ചെയ്ത് തോല്‍പ്പിക്കാന്‍ അവര്‍ തയാറാകുന്നതിന്റെ മനഃശാസ്ത്രം മറ്റൊന്നുമല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago