ഷാര്‍ജ പൊലീസ് പുതിയ സ്ട്രാറ്റജിക്ക് തുടക്കം
ഷാര്‍ജ: ഷാര്‍ജ പൊലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാര്‍റി അല്‍ ഷാംസി 2024-'27 വര്‍ഷത്തെ ഷാര്‍ജ പൊലീസ് കമാന്‍ഡിന്റെ പുതിയ സ്ട്രാറ്റജിക്ക് തുടക്കം കുറിച്ചു. ഷാര്‍ജ അല്‍ ബതായിഹ് ഡെസേര്‍ട് ക്‌ളബ്ബില്‍ മീഡിയ ആന്‍ഡ് പബ്‌ളിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച എട്ടാമത് വാര്‍ഷിക മീഡിയ ഫോറത്തിലാണ് ഇതിന് പ്രാരംഭമായത്. വിവിധ വകുപ്പ് മേധാവികള്‍, സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍, ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ- മാധ്യമ വകുപ്പുകളുടെ പ്രതിനിധികള്‍, തദ്ദേശ, അറബ്, വിദേശ, ഏഷ്യന്‍ മാധ്യമ പ്രതിനിധികള്‍ സംബന്ധിച്ചു. ഷാര്‍ജ പൊലീസിന്റെ നേട്ടങ്ങള്‍ എടുത്തു കാട്ടുന്ന ദൃശ്യാവിഷ്‌കാരത്തിന് തൊട്ടുടനെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുഖേന അലി, അമല്‍ എന്നീ രണ്ട് വെര്‍ച്വല്‍ പൊലീസ് ഓഫീസര്‍മാര്‍ 2023ലെ പൊലീസ് സേനയുടെ നേട്ടങ്ങള്‍ ഫോറത്തില്‍ അവതരിപ്പിച്ചു.
ഭാവിയില്‍ സുരക്ഷാ പ്രവര്‍ത്തന അജണ്ട രൂപവത്കരിക്കാന്‍ ലക്ഷ്യമിടുന്നതാണ് മേജര്‍ ജനറല്‍ അല്‍ ഷാംസി അവതരിപ്പിച്ച സ്ട്രാറ്റജി. സുരക്ഷ, നൂതന സാങ്കേതിക വിദ്യകള്‍, പൊതു ക്രമം എന്നിവ നിലനിര്‍ത്താനും സമൂഹത്തിന്റെ ജീവിത നിലവാരം ഉയര്‍ത്തുന്ന രീതിയില്‍ പൊലീസ് സേവനങ്ങള്‍ മെച്ചപ്പെടുത്താനും സഹായിക്കുന്ന സ്ട്രാറ്റജി, അതിന്റെ ആറ് തന്ത്രപരമായ ലക്ഷ്യങ്ങളും മുന്നോട്ടുവെച്ചു. സമൂഹ സുരക്ഷ, ഗതാഗത സുരക്ഷ എന്നിവ വര്‍ധിപ്പിക്കലും; ദുരന്ത നിവാരണ നീക്കങ്ങള്‍, സാമൂഹിക പങ്കാളിത്തം, ഉപയോക്തൃ അനുഭവങ്ങള്‍ എന്നിവ മെച്ചപ്പെടുത്തലും; കാര്യക്ഷമവും ഫലപ്രദവുമായ സേവനങ്ങളുമാണ് ആറ് ലക്ഷ്യങ്ങള്‍.
ഷാര്‍ജ പൊലീസിന്റെ സേവനങ്ങളില്‍ ഗുണപരമായ കുതിച്ചുചാട്ടം കൈവരിക്കാന്‍ സജീവമായ പദ്ധതികളുടെ പ്രാധാന്യം ഫോറത്തില്‍ അല്‍ ഷാംസി ഊന്നിപ്പറഞ്ഞു. സുസ്ഥിരത, ശാക്തീകരണം, സാമൂഹിക ഉത്തരവാദിത്തം പ്രോല്‍സാഹിപ്പിക്കല്‍ എന്നിവയിലൂടെ മികവ് കൈവരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ക്രിയാത്മക ആശയങ്ങളടങ്ങിയ സംരംഭങ്ങളില്‍ സമൂഹത്തെ ഉള്‍പ്പെടുത്തുകയും നൂതന സേവനങ്ങളിലേക്ക് അവയെ മാറ്റുകയും ചെയ്തുവെന്നിടത്താണ് ഷാര്‍ജ പൊലീസിന്റെ വിജയമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പൊതുസുരക്ഷ: ഷാര്‍ജ പൊലീസിന് 99.77% റേറ്റിംഗ്
ഷാര്‍ജ: സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് ഡിപാര്‍ട്‌മെന്റ് നടത്തിയ പഠനത്തില്‍ എമിറേറ്റിലെ സുരക്ഷാ ജീവിതത്തിന്റെ മികച്ച സൂചകങ്ങള്‍ എഐ മുഖേന വെര്‍ച്വലായി അലി, അമല്‍ എന്നീ ഓഫീസര്‍മാര്‍ അവതരിപ്പിച്ചു. ഷാര്‍ജയിലെ പൊതുസുരക്ഷയുടെ കാര്യത്തില്‍ പൊലീസ് 99.7% റേറ്റിംഗ് നേടിയതായി പഠനത്തില്‍ പറയുന്നു. പൊലീസിലുള്ള സമൂഹത്തിന്റെ വിശ്വാസവും സുരക്ഷയും സ്ഥിരതയും 99.3% എന്ന നിലയിലാണുള്ളത്.
പകല്‍ സമയത്തെ സുരക്ഷ മികച്ചതെന്ന് അഭിപ്രായപ്പെട്ടവര്‍
99.8% ആണ്. 99.7% പേര്‍ രാത്രി നേരത്തെ വീടുകളുടെ സുരക്ഷയെ കുറിച്ച് പ്രതികരിച്ചു. പൊതുയിടങ്ങളില്‍ രാത്രിയില്‍ സുരക്ഷിതത്വം അനുഭവിക്കുന്നവരുടെ ശതമാനം 99.3% ആണ്. രാത്രിയില്‍ വീടിന് പുറത്ത് ഒറ്റയ്ക്ക് നടക്കുമ്പോള്‍ സുരക്ഷിതത്വം അനുഭവിക്കുന്നവരുടെ എണ്ണം 99.1% ആണ്. പൊലീസ് സ്റ്റേഷനുകളിലെ ജനങ്ങളുടെ ആത്മവിശ്വാസം 95% ആണ്. അതേസമയം, 97.8% പേര്‍ ഡിജിറ്റല്‍ പരിരക്ഷ നല്‍കുന്ന സുരക്ഷാ സേവനങ്ങളില്‍ ആത്മവിശ്വാസമുള്ളവരാണ്. സാമൂഹിക പ്രതിബദ്ധതയുടെ കാര്യത്തില്‍, ഈ ശതമാനം 97.5%ത്തില്‍ എത്തിയിരിക്കുന്നു. അതേസമയം, പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കും പ്രായമായവര്‍ക്കുമുള്ള ശ്രദ്ധ 97.4% ആണ്.
ദേശീയ അജണ്ടയും അതിന്റെ തന്ത്രപരമായ ലക്ഷ്യങ്ങളും 2023ല്‍ നേട്ടങ്ങളുടെ ഒരു പരമ്പരക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത് നിരന്തര ശ്രമങ്ങളുടെ ഫലമായിരുന്നു. ഈ നേട്ടങ്ങളിലൊന്ന് 100,000 വ്യക്തികളില്‍ റോഡപകടങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതാണ്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 16% കുറഞ്ഞ്, 100000 ജനസംഖ്യയില്‍ 1.86 മരണം എന്ന നിലയിലെത്തി.
എല്ലാ റോഡുകളിലും ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കി. വര്‍ഷം മുഴുവനും സുരക്ഷാ പട്രോളിംഗുകള്‍ ഏര്‍പ്പെടുത്തിയതും ഒരു ഘടകമായിരുന്നു. 2023ല്‍ വകുപ്പ് 12 ട്രാഫിക് കാമ്പയിനുകള്‍ നടത്തി. ഇവയിലെ ഗുണഭോക്താക്കള്‍ 410,049 ആണ്.
2023ല്‍ എമര്‍ജെന്‍സികളിലെ പ്രതികരണ സമയത്തില്‍ 26% നേട്ടം കൂടുതല്‍ നേടി. ശരാശരി പ്രതികരണ സമയം 3.39 സെക്കന്‍ഡ് ആയിരുന്നു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശ്രദ്ധേയമായ പുരോഗതിയാണ്. എമര്‍ജന്‍സി നമ്പറിലേക്ക് (999) 2,035,859 കോളുകളും അടിയന്തരമല്ലാത്ത നമ്പറിലേക്ക് (901) 421,370 കോളുകളും കൈകാര്യം ചെയ്യാന്‍ ഓപറേഷന്‍സ് റൂമിന് കഴിഞ്ഞു.
ഇതുകൂടാതെ, ജനറല്‍ കമാന്‍ഡ് 2023ല്‍ നല്‍കിയ സേവനങ്ങള്‍ക്ക് ഉപഭോക്തൃ സന്തോഷ സൂചിക 94% കൈവരിച്ചു. ഡിജിറ്റല്‍ ചാനലുകളുടെ ഉപയോഗവും 97% നിരക്കോടെ ഗണ്യമായി മെച്ചപ്പെട്ടു.
ഡിജിറ്റല്‍ ചാനലുകള്‍ വഴി 1,109,673 ഇടപാടുകള്‍ പൂര്‍ത്തിയാക്കി. ഒരു ഇടപാടിന്റെ സമര്‍പ്പിക്കല്‍ സമയം ഒരു മിനിറ്റും ആറ് സെക്കന്‍ഡും ആയിരുന്നു. അത് ഒരു മിനിറ്റില്‍ താഴെയുള്ള കാത്തിരിപ്പ് നിരക്കിലേക്കെത്തിച്ചു. ഇക്കാര്യം ഡിജിറ്റല്‍ ചാനലുകളുടെ ഉപയോഗത്തിന് 96% സംതൃപ്തി നല്‍കി.
ലഹരി വിമുക്ത സമൂഹം നിലനിര്‍ത്തുന്നതില്‍ ഷാര്‍ജ പോലീസ് ആന്റി നാര്‍ക്കോട്ടിക് വിഭാഗം വിജയിച്ചു. ഷാര്‍ജയിലെ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ ഒരു ഫീല്‍ഡ് സ്റ്റഡി കാണിക്കുന്നത് മയക്കുമരുന്നിനെ ചെറുക്കുന്നതില്‍ നേതൃത്വത്തിന്റെ ശ്രമങ്ങള്‍ 98.2% ശതമാനത്തിലെത്തി എന്നാണ്. ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ കണ്ടുകെട്ടല്‍ നടപടികള്‍ 24.3% വര്‍ധിച്ചു. ഇത് എമിറേറ്റിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കുന്നതിന് നല്ല സംഭാവന നല്‍കി. പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ ആകെ അളവ് 1,128,895 ഗ്രാമാണ്. അതേസമയം, പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ എണ്ണം 4,554,189 ഗുളികകള്‍ ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."