മെഡി.കോളജ്: വിദ്യാര്‍ഥികളുടെ താമസ അസൗകര്യം പരിഹരിക്കാനായില്ല
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് നാലാം ബാച്ച് വിദ്യാര്‍ഥികളുടെ ക്ലാസ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിദ്യാര്‍ഥികളുടെ താമസ അസൗകര്യങ്ങള്‍ പരിഹരിക്കാനായില്ല. പുതിയ ബാച്ച് എത്തുന്നതോടെ വിദ്യാര്‍ഥികളുടെ എണ്ണം നാനൂറാവും. നിലവില്‍ പുതിയ ആശുപത്രികെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലാണു വിദ്യാര്‍ഥികളുടെ താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. പുതിയ ബാച്ചുകൂടി വരുന്നതോടെ വിദ്യാര്‍ഥികളുടെ താമസസൗകര്യങ്ങള്‍ക്ക് എന്തുചെയ്യുമെന്ന കാര്യത്തില്‍ അധികൃതര്‍ക്കു മറുപടിയില്ല.
75 കോടിയുടെ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, ബോയ്സ്-ഗേള്‍സ് ഹോസ്റ്റലുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിനുള്ള നടപടികള്‍ക്കു തീരുമാനമായിരുന്നുവെങ്കിലും നിര്‍മാണ പ്രവൃത്തികള്‍ക്കു വേഗത കൈവന്നിട്ടില്ല. മെഡി.കോളജ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ പിറകുവശത്തെ ചെങ്കുത്തായ ഭാഗത്താണു പുതിയ ഹോസ്റ്റലുകള്‍ക്കു വേണ്ട സ്ഥലം കണ്ടെത്തിയിരുന്നത്. തിരുവന്തപുരത്തെ ഗെയിംസ് വില്ലകള്‍ ഉപയോഗിച്ചുള്ള സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെ പ്രവൃത്തികള്‍ മാത്രമെ പൂര്ത്തിയായിവന്നിട്ടുള്ളു.സ്വാഭാവിക പരിശോധനകളുടെ ഭാഗമായി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മെഡിക്കല്‍ കോളജില്‍ അടുത്തു തന്നെ എത്താനിരിക്കുകയാണ്. വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ സംബന്ധമായ അസൗകര്യങ്ങള്‍ കാരണം കോളജിന്റെ ഈ വര്‍ഷത്തെ അംഗീകാരം പുതുക്കല്‍ നടപടിക്രമങ്ങള്‍ക്കു തടസമാകുമെന്നാണറിയുന്നത്.
കഴിഞ്ഞ തവണ നടത്തിയ പരിശോധനയില്‍ ഹോസ്റ്റല്‍ സൗകര്യങ്ങള്‍ മതിയായതല്ലന്നു എം.സി.ഐ ആരോഗ്യവകുപ്പിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."