ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരേ ആക്രമണം നടത്തുന്നവര്‍ ഇവിടെ സ്‌നേഹം നടിച്ച് കൂടെ കൂടുന്നു; സംഘ്പരിവാറിനെതിരേ മുഖ്യമന്ത്രി
പാലക്കാട്; കര്‍ണാടകയിലും ഉത്തര്‍പ്രദേശിലും ഉള്‍പ്പടെ ദേശീയതലത്തില്‍ വ്യാപകമായി ക്രൈസ്തവരെ ആക്രമിക്കുകയും ആരാധനാലയങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്ന സംഘ്പരിവാര്‍ കേരളത്തില്‍ അവരോട് സ്‌നേഹം നടിച്ച് കൂടെ കൂടാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് മതനിരപേക്ഷ മൂല്യങ്ങളെ തകര്‍ക്കാനാണ് അവരുടെ ശ്രമം. ഗ്രാമങ്ങളില്‍ പോലും വര്‍ഗീയത ശക്തിപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങളെ വര്‍ഗീയമായി ധ്രുവീകരിക്കാനാണ് ശ്രമം. ഭരണഘടനാ സ്ഥാപനങ്ങളെ സംഘ്പരിവാര്‍ വര്‍ഗീയവല്‍ക്കരിക്കുകയാണ്.
ബി.ജെ.പിയുടെ ബി ടീമായി മാറാനാണ് കോണ്‍ഗ്രസ് ശ്രമം. അതുകൊണ്ടാണ് ഇന്ത്യ ഹിന്ദുരാജ്യമാകണമെന്ന് രാഹുല്‍ഗാന്ധി പറയുന്നത്. കോണ്‍ഗ്രസിന് ബി.ജെ.പിയുടെ അതേ സാമ്പത്തിക നയവും നിലപാടുമാണ്. വര്‍ഗീയ പ്രീണനമാണ് കോണ്‍ഗ്രസ് നടത്തുന്നത്. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വാസവുമില്ല. എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ് ലാമിയും ഒന്നായി സര്‍ക്കാറിനെതിരേ തിരിയുകയും വികസനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്. കെ. റെയില്‍ സംസ്ഥാനത്തെ പ്രധാന പദ്ധതിയായിട്ടും ഇത് വേണ്ടെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കേരളത്തിന്റെ വികസന പദ്ധതികള്‍ തകര്‍ക്കാനാവില്ല. മുസ് ലിം ലീഗ് വര്‍ഗീയമായി കാര്യങ്ങള്‍ കൊണ്ടുപോകുകയാണ്. അവര്‍ മതകാര്യങ്ങള്‍ പറഞ്ഞ് വര്‍ഗീയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. വഖ്ഫ് വിഷയത്തില്‍ ലീഗ് പ്രകടനം നടത്തിയത് വര്‍ഗീയതയുടെ ഭാഗമാണ്. വികസനം നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കും. പുനരധിവാസം നടപ്പിലാക്കും. വികസനത്തിനൊപ്പം ജനം നില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."