ബി.എല്‍.ഒമാര്‍ക്ക് ഡ്യൂട്ടി ലീവ്: വിചിത്ര ഉത്തരവിറക്കി പൊതുഭരണ വകുപ്പ്
കണ്ണൂര്‍; ബൂത്ത് ലെവല്‍ ഓഫിസര്‍(ബി.എല്‍.ഒ) മാര്‍ക്ക് ഡ്യൂട്ടി ലീവ് അനുവദിച്ചുള്ള വിചിത്രമായ ഉത്തരവുമായി തെരഞ്ഞെടുപ്പ് വകുപ്പ്. വോട്ടര്‍ പട്ടിക ശുദ്ധീകരണയജ്ഞത്തിന്റെ ഭാഗമായി ബൂത്ത്‌ലെവല്‍ ഓഫിസര്‍മാര്‍ക്ക് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ രണ്ടു ദിവസം ഡ്യൂട്ടി ലീവ് അനുവദിച്ചുള്ള ഉത്തരവ് ഇറക്കിയത് ഒന്‍പത് ദിവസത്തിന് ശേഷം.
2021 നവംബര്‍ എട്ടു മുതല്‍ ഡിസംബര്‍ 20വരെയുള്ള ദിവസങ്ങള്‍ക്കിടയില്‍ ഡ്യൂട്ടി ലീവ് അനുവദിക്കാന്‍ അപേക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 29നാണ് ഈ ദിവസങ്ങളില്‍ ലീവ് അനുവദിച്ചുള്ള ജോയിന്റ് സെക്രട്ടറിയുടെ വിചിത്ര ഉത്തരവുണ്ടായത്. എന്നാല്‍ ശുദ്ധീകരിച്ച വോട്ടര്‍പട്ടിക ബി.എല്‍.ഒമാര്‍ ഡിസംബര്‍ 20നകം സമര്‍പ്പിച്ചു. ഇതിനു ശേഷമാണ് ഉത്തരവ് ലഭിച്ചത്. പ്രസിദ്ധീകരണ തിയതി കഴിഞ്ഞ് 10 ദിവസങ്ങള്‍ക്ക് ശേഷമാണ് കരടു വോട്ടര്‍ പട്ടിക ബി.എല്‍.ഒമാര്‍ക്ക് ലഭിച്ചത്. എന്നിട്ടും സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ (എസ്.എസ്.ആര്‍) പ്രവര്‍ത്തനം നവംബര്‍ 30നകം പൂര്‍ത്തികരിക്കാനായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചത്.
ബി.എല്‍.ഒമാര്‍ മറ്റു ഔദ്യോഗിക കാര്യങ്ങള്‍ ചെയ്തതിനു ശേഷം മാത്രമെ ബി.എല്‍.ഒ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനാവൂ എന്ന ഉത്തരവും ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബി.എല്‍.ഒമാര്‍ക്ക് ഒരാഴ്ചത്തെ ഡ്യൂട്ടി ലീവ് അനുവദിച്ചുതരണമെന്നു ആവശ്യപ്പെട്ടു ബി.എല്‍.ഒ അസോസിയേഷന്‍ നവംബര്‍ 16നു കണ്ണൂര്‍ ജില്ലാകലക്ടര്‍ക്കും പൊതുഭരണ വകുപ്പിനും അപേക്ഷിച്ചിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശാനുസരണം പുതുതായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കേണ്ടവരുടെ വിവരങ്ങള്‍ ശേഖരിച്ചു പ്രത്യേക വോട്ടര്‍പട്ടിക ശുദ്ധീകരണ യജ്ഞം നടത്തി വോട്ടര്‍മാരെ സംബന്ധിച്ച വിവരങ്ങള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ അടയന്തിരമായി സമര്‍പ്പിക്കാനായിരുന്നു ബി.എല്‍.ഒമാരോട് നിര്‍ദേശിച്ചിരുന്നത്.
എന്നാല്‍ ഈ പട്ടികയും ബി.എല്‍.ഒമാര്‍ക്ക് തലവേദനയായിരുന്നു. ഒരു വീട്ടിലുള്ള അംഗങ്ങളുടെ പേരു വിവരങ്ങളും അടുത്തടുത്ത വീടുകളിലുള്ളവരുടെ വിവരങ്ങളും പല പേജികളിലായാണ് നല്‍കിയിരുന്നത്. ഇതോടെ കൂടുതല്‍ സങ്കീര്‍ണമായ ജോലിയാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."