ഔറംഗാബാദിന്റെ പേരുമാറ്റത്തില്‍ കോണ്‍ഗ്രസിന്റെ എതിര്‍പ്പ് മുന്നണിയെ ബാധിക്കില്ല: ശിവസേന
മുംബൈ: ഔറംഗാബാദിന്റെ പേര് സാംബാജിനഗര്‍ എന്നാക്കണമെന്ന ആവശ്യത്തിനു മേല്‍ കോണ്‍ഗ്രസ് ഉന്നയിച്ച എതിര്‍പ്പ് മഹാരാഷ്ട്രയിലെ ഭരണമുന്നണിയെ ബാധിക്കില്ലെന്ന് ശിവസേന. മഹാ വികാസ് അഗാഡി സര്‍ക്കാരിനെ ഈ പ്രശ്‌നം ബാധിക്കില്ലെന്നും ആഭ്യന്തരമായി ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
ഔറംഗാബാദിന്റെ പേര് മാറ്റണമെന്ന ഏതു തരത്തിലുള്ള നിര്‍ദേശത്തെയും ശക്തിയുദ്ധം എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലസാഹെബ് തോറത്ത് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ശിവസേനയുടെ പ്രതികരണം.
രണ്ടു പതിറ്റാണ്ടു മുന്‍പ് ശിവസേനയാണ് ഔറംഗാബാദിന്റെ പേരു മാറ്റണമെന്ന ആവശ്യം ആദ്യം മുന്നോട്ടുവച്ചത്. 1995 ല്‍ ഈ നിര്‍ദേശം ഔറംഗാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജനറല്‍ ബോഡി യോഗം അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെ ഹൈക്കോടതിയിലും സുപ്രിംകോടതിയിലും കോണ്‍ഗ്രസ് ചോദ്യംചെയ്തു.
പേരുമാറ്റത്തെക്കുറിച്ച് ശിവസേനയുടെ മുഖപത്രമായ സാമനയില്‍ ലേഖനം വന്നതോടെയാണ് വീണ്ടും ചര്‍ച്ചയായത്. ഔറംഗാബാദിന്റെ പേര് മാറ്റത്തെ കോണ്‍ഗ്രസ് എതിര്‍ത്തുവെന്നും ഇത് ബി.ജെ.പിയെ സന്തോഷിപ്പിച്ചെന്നും ലേഖനത്തില്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ എതിര്‍പ്പ് പുതിയതല്ലെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ രേഖകളില്‍ പേരുമാറ്റിയില്ലെങ്കിലും ശിവസേന മേധാവി ബാല്‍സാഹബ് താക്കറെ സാംബാജിനഗര്‍ എന്ന് പേരുമാറ്റിയിട്ടുണ്ടെന്നും അതു ജനങ്ങള്‍ അംഗീകരിച്ചതാണെന്നും ലേഖനത്തില്‍ പറയുന്നു.
എന്നാല്‍ പേരുമാറ്റത്തെ ഒരുനിലയ്ക്കും അംഗീകരിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. മൂന്നു പാര്‍ട്ടികള്‍ കൂടി തയ്യാറാക്കിയ പൊതുമിനിമം പരിപാടിയുടെ അജണ്ടയില്‍ ഇല്ലാത്തതാണ് പേരുമാറ്റമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."