പണമിടപാട് കേസ്; സഊദിയിൽ ചാരിറ്റി പ്രവർത്തനങ്ങൾക്ക് കുറഞ്ഞ തുക കൈമാറിയവരും നിരീക്ഷണത്തിൽ
റിയാദ്: സഊദിയിൽ ഓൺലൈൻ വഴി പണം കൈമാറിയ കേസിൽ മലയാളികളെ സഊദി രഹസ്യ പോലീസ് പിടികൂടിയതായ വാർത്തകൾ പുറത്ത് വന്നതിനു പിന്നാലെ വളരെ കുറഞ്ഞ തുക കൈമാറിയവരും സ്വീകരിച്ചവരും നിരീക്ഷണത്തിൽ. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കടക്കം വിവിധ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിച്ചതായി കണ്ടെത്തിയ ഏതാനും മലയാളികളും മറ്റു ചില സംസ്ഥാനക്കാരും പോലീസിന്റെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്ത് നിയമാനുസൃതമല്ലാത്ത രീതിയിലുള്ള പണം കൈമാറ്റം കുറ്റമാണെന്നിരിക്കെ ഇത്തരത്തിൽ ഇ പേയ്‌മെന്റ് വഴിയും മൊബൈൽ ആപ് വഴിയുമൊക്കെ പണം കൈമാറിയവരാണ് നിരീക്ഷണത്തിലുള്ളത്.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം സ്വരൂപിക്കാനുള്ള എളുപ്പ വഴിയായി എസ് ടി സി പേ സംവിധാനം വഴി തുക സ്വീകരിച്ച മലയാളികളെ പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്‌തു വിട്ടയച്ചിട്ടുണ്ട്. ആവശ്യപ്പെടുന്ന മുറക്ക് ഇവർ ഇനിയും പൊലീസിന് മുന്നിൽ ഹാജരാകേണ്ടി വരും. കൊവിഡ് കാലത്ത് ഗ്രൂപ്പുകൾ ഉണ്ടാക്കി ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരും നിരീക്ഷണത്തിലുള്ളതായാണ് വിവരം. ഇത്തരത്തിൽ ചെറിയ തുക മുതൽ ഒരേ അകൗണ്ടുകളിലേക്ക് പണം ട്രാൻസ്‌ഫർ നടന്നതായി കണ്ടെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. 25 റിയാൽ മുതൽ അയച്ചവർ വരെ നിരീക്ഷണത്തിൽ ഉള്ളതായാണ് വിവരം. പണം അയച്ചവരിൽ ചാരിറ്റി ഫണ്ട്, സകാത് എന്നിങ്ങനെ രേഖപ്പെടുത്തിയതും വിനയായിട്ടുണ്ട്.
ദരിദ്ര കുടുംബങ്ങൾക്ക് വീട് വെച്ച് കൊടുക്കുന്നതിനായി രംഗത്തിറങ്ങിയ കർണ്ണാടക സ്വദേശികളും അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ട്. യാതൊരു വിധ ചാർജുകളും ഇല്ലാതെ അനായാസേന പണം കൈമാറ്റം ചെയ്യാൻ ഏറെ സഹായകരമാകുന്ന എസ് ടി സി പേ വഴി പണം കൈമാറിയവരാണ് ഇത്തരത്തിൽ ഭൂരിഭാഗവും. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് രാജ്യത്ത് വിലക്കുള്ളതിനാൽ ഇതിനായി പണമിടപാടുകൾ നടത്തുന്നതിനും വിലക്ക് നിലവിലുണ്ട്. അതിനാൽ തന്നെ ഓൺലൈൻ വഴിയോ, എസ് ടി സി ആപുകൾ പോലെയുള്ള മൊബൈൽ ആപുകൾ വഴിയോ പണമിടപാടുകൾ നടത്തുന്നതിൽ കനത്ത ജാഗ്രത പാലിക്കണമെന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾ പോലെയുള്ളവക്ക് ഇത്തരത്തിൽ പണം സ്വീകരിക്കരുതെന്നും സാമൂഹ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."