വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 12 മരണം
15 പേര്‍ക്ക് പരുക്ക്
ജമ്മു: ജമ്മു കശ്മിരിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ പുതുവത്സരദിനം പുലര്‍ച്ചെയുണ്ടായ തിക്കിലും തിരക്കിലും 12 പേര്‍ മരിച്ചു.
തീര്‍ഥാടകര്‍ അനിയന്ത്രിതമായി എത്തിയതാണ് തിക്കിനും തിരക്കിനും കാരണമെന്ന് ജമ്മു കശ്മിര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ജമ്മു കശ്മിര്‍ പ്രിന്‍സിപ്പല്‍ ആഭ്യന്തര സെക്രട്ടറി അന്വേഷണത്തിന് നേതൃത്വം നല്‍കും. 700 വര്‍ഷം പഴക്കമുള്ള തീര്‍ഥാടനകേന്ദ്രത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.15ഓടെയാണ് തിക്കും തിരക്കുമുണ്ടായത്. 15 പേര്‍ക്ക് പരുക്കേറ്റു.
ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. ക്ഷേത്രപരിസരത്തെ വിശുദ്ധ ഗുഹയില്‍ നിന്ന് 300 മീറ്റര്‍ അകലെയാണ് ദുരന്തമുണ്ടായത്. മൂന്നു പര്‍വതങ്ങള്‍ക്ക് ഇടയിലാണ് ഈ പ്രദേശം. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. 12 കിലോമീറ്റര്‍ ദൂരം താണ്ടിയാണ് ക്ഷേത്രത്തിലെത്താനാകുക.
പുതുവര്‍ഷത്തെ തുടര്‍ന്നാണ് നിരവധി ഭക്തരാണ് അര്‍ധരാത്രിയോടെ ക്ഷേത്രത്തിലെത്തിയത്. മൂന്നാം നമ്പര്‍ ഗേറ്റിനു സമീപമാണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ എട്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസനിധിയില്‍ നിന്ന് 2 ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് അര ലക്ഷം രൂപ വീതവും നല്‍കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഭാവിയില്‍ ദുരന്തം തടയുന്നതിന് സാങ്കേതികവിദ്യകളുടെ സഹായത്തോടെ യാത്ര ക്രമീകരിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."