കറുത്തിരുണ്ട മേഘങ്ങള്‍
മഴ കോരിച്ചൊരിയുന്നു.
മിന്നല്‍പ്പിണര്‍ താഴേക്കിറങ്ങി വന്നു തന്റെ ജനല്‍കമ്പിയെ ഒന്നു തിളക്കി മാഞ്ഞു. ഇടിയുടെ മുഴക്കം അവളുടെ കര്‍ണ്ണപടത്തെ ഒന്നു കൂട്ടിയിടിപ്പിച്ചു പോയ്ക്കളഞ്ഞു. തകര്‍ന്നുടഞ്ഞ ഹൃദയം തന്നോട് മിണ്ടാട്ടമില്ലാതായിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. വറ്റിവരണ്ട കണ്ണില്‍ നിന്നു ചോരത്തുള്ളികള്‍ ഇറ്റുന്നതായി തോന്നി.
കണ്ണീര്‍ കൊണ്ടൊരു പ്രളയം തീര്‍ത്ത തന്റെ നയനങ്ങള്‍ ഇന്നൊരു മരുഭൂമി കണക്കെ വറ്റി വരണ്ടിരിക്കുന്നു.
അവള്‍ ആരോടെന്നില്ലാതെ പിറുപിറുത്തു.
'സ്‌നേഹം അതു നിസ്വാര്‍ഥമാവരുത്.
സ്‌നേഹം അതു ഒരു മരീചിക മാത്രം.
സ്‌നേഹം അതു വിഷമാണ്.'
അവള്‍ കണ്ണുകളിറുക്കിയടച്ചു.
പക്ഷേ, അനുസരണയില്ലാത്ത ഓര്‍മകള്‍ ഒളിച്ചും കളിച്ചും നീന്തിയും തുഴഞ്ഞും അവളെ വലയം വച്ചു. ഉറക്കത്തെ തട്ടിപ്പറിച്ചെടുത്തു.
വികാരവിഭ്രാന്തികളൊന്നും ചിന്നിച്ചിതറിയ ഹൃദയത്തില്‍ തുന്നിച്ചേര്‍ക്കാന്‍ പറ്റാത്തതുകൊണ്ടാവാം അവളുടെ ചുണ്ടുകള്‍ വിറയല്‍ കൊണ്ടില്ല. ഉടലും പിടഞ്ഞില്ല. പക്ഷേ, ചങ്ങലയില്‍ കുരുങ്ങി വ്രണപെട്ട അവളുടെ കൈകാലുകള്‍ ഒന്നു ഞരങ്ങി. വരണ്ട കണ്ഠത്തില്‍ നിന്നു മുഴുങ്ങി... ഒരു അട്ടഹാസം! ഇടിയുടെ മുഴക്കം എങ്ങോപോയ് ഓടിമറഞ്ഞു.. അവളുടെ കണ്ണിലെ ചോരത്തിളക്കം മിന്നല്‍പ്പിണറിനെ വെല്ലുവിളിച്ചു..
പെട്ടന്നൊരു പിടയല്‍.. അതെ, തന്റെ ഞരമ്പുകളില്‍ മരുന്ന് ആഴ്ന്നിറങ്ങിയിരിക്കുന്നു. പാതിമയക്കത്തിലേക്കവള്‍ പതിയെ വഴുതിപ്പോയി. ചങ്ങലക്കണ്ണികള്‍ എണ്ണിത്തിട്ടപ്പെടുത്താനാവാതെ ഇനിയും എത്രനാള്‍...? സൂര്യാസ്തമയങ്ങള്‍ അവളെ തേടിയെത്തുന്നില്ലത്രേ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."